കൊടകരയിലെ പണം ബിജെപിയുടേതെന്ന് ആവർത്തിച്ച് ധർമ്മരാജൻ; പ്രതികളുടെ വീടുകളിൽ ഇന്നും പരിശോധന
കേസുമായി ബന്ധപ്പെട്ട് ബിജെപി തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറി സതീശിനെ കഴിഞ്ഞ ദിവസം ചോദ്യംചെയ്‌തിരുന്നു. നേതാക്കൾ പറഞ്ഞതനുസരിച്ചാണ് ഇവർക്ക് തൃശൂരിലെ ലോഡ്‌ജിൽ മുറിയെടുത്ത് നൽകിയതെന്നും സതീശ് പോലിസിനോട് പറഞ്ഞിരുന്നു.
തൃശൂർ: കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട കുഴൽപ്പണം ബിജെപിയുടേതാണെന്ന് ആർഎസ്എസ് പ്രവർത്തകൻ ധർമരാജന്‍റെ മൊഴി. ബിജെപിക്ക് വേണ്ടിയാണ് പണം കൊണ്ടുവന്നതെന്നാണ് ധർമരാജൻ പോലിസിനോട് പറഞ്ഞിരിക്കുന്നത്. രണ്ട് തവണയായി നടന്ന ചോദ്യംചെയ്യലിലും ഇതേ മൊഴി ധർമരാജൻ ആവർത്തിച്ചതായാണ് പോലിസ് സംഘം പറയുന്നത്. ഇതോടെ കുഴൽപ്പണ കേസിൽ നിന്ന് ഒഴിഞ്ഞുമാറാൻ പറ്റാത്ത സ്ഥിതിയിലേക്ക് മാറിയിരിക്കുകയാണ് ബിജെപി നേതൃത്വം.
കേസുമായി ബന്ധപ്പെട്ട് ബിജെപി തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറി സതീശിനെ കഴിഞ്ഞ ദിവസം ചോദ്യംചെയ്‌തിരുന്നു. ധർമരാജനെ തനിക്കറിയില്ലെന്നും ഇതുവരെ നേരിട്ട് സംസാരിച്ചിട്ടില്ലെന്നുമായിരുന്നു ഇയാളുടെ മൊഴി. നേതാക്കൾ പറഞ്ഞതനുസരിച്ചാണ് ഇവർക്ക് തൃശൂരിലെ ലോഡ്‌ജിൽ മുറിയെടുത്ത് നൽകിയതെന്നും സതീശ് പോലിസിനോട് പറഞ്ഞിരുന്നു.
കോഴിക്കോട് സ്വദേശിയായ ധർമരാജനെ ചില ബിജെപി നേതാക്കൾ നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായി പോലിസ് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ, നേതാക്കളെ ചോദ്യം ചെയ്‌തപ്പോൾ തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണവുമായി ബന്ധപ്പെട്ടാണ് ധർമരാജനുമായി സംസാരിച്ചതെന്നാണ് മൊഴി നൽകിയത്.
പോലിസ് അന്വേഷണത്തിൽ ധർമരാജന് ബി ജെ പിയിൽ യാതൊരു പദവിയും ഇല്ലെന്ന് കണ്ടെത്തി. ഇദ്ദേഹത്തിന് തിരഞ്ഞെടുപ്പ് ചുമതലകളും ഉണ്ടായിരുന്നില്ല. തുടർന്നാണ് കഴിഞ്ഞ ദിവസവും ധർമരാജനെ ചോദ്യം ചെയ്‌തത്. ഈ ചോദ്യം ചെയ്യലിലും പണം ബിജെപിക്ക് വേണ്ടി കൊണ്ടുവന്നു എന്നാണ് ഇദ്ദേഹം മൊഴി നൽകിയത്.
കവർച്ച ചെയ്‌ത പണം കണ്ടെത്താൻ പോലിസ് ഇന്നും പ്രതികളുടെ വീടുകളിൽ പരിശോധന നടത്തും. കഴിഞ്ഞ ദിവസവും പരിശോധന നടത്തിയിരുന്നെങ്കിലും പണമൊന്നും കണ്ടെത്തിയിരുന്നില്ല. ഇതുവരെ 1.28 കോടി രൂപയാണ് പ്രതികളിൽനിന്ന് പോലിസ് കണ്ടെടുത്തത്.
