കെ എം മാണി അന്തരിച്ചു

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറളാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏതാനും ദിവസങ്ങളായി ചികില്‍സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ ഇന്ന് രാവിലെ നേരിയ പുരോഗതി ഉണ്ടായെങ്കിലും വൈകുന്നരത്തോടെ സ്ഥിതി വഷളാവുകയായിരുന്നു.

Update: 2019-04-09 11:43 GMT
കൊച്ചി: മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ്(എം) ചെയര്‍മാനുമായ കെ എം മാണി അന്തരിച്ചു. 86 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറളാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏതാനും ദിവസങ്ങളായി ചികില്‍സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ ഇന്ന് രാവിലെ നേരിയ പുരോഗതി ഉണ്ടായെങ്കിലും വൈകുന്നരത്തോടെ സ്ഥിതി വഷളാവുകയായിരുന്നു. വൈകീട്ട് 4.57നായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. മരണ സമയത്ത് കുടുംബാംഗങ്ങളെല്ലാം സമീപത്ത് ഉണ്ടായിരുന്നു.

ഏറ്റവും കൂടുതല്‍ തവണ ഒരേ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് തിരഞ്ഞെടുക്കപ്പെട്ടതിന്റെ റെക്കോര്‍ഡിനുടമയാണ് കരിങ്കോഴക്കല്‍ മാണി മാണി എന്ന കെ എം മാണി. 1964 ല്‍ രൂപീകൃതമായ പാലാ നിയമസഭാ മണ്ഡലത്തില്‍ 1965 മുതല്‍ പതിമൂന്ന് തവണ ജയിച്ച മാണി ഒരിക്കലും തിരഞ്ഞെടുപ്പ് പരാജയം അറിഞ്ഞിട്ടില്ല.

ഏറ്റവുമധികം തവണ (12 പ്രാവശ്യം) ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോര്‍ഡും ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ അംഗമായതിന്റെ(10 തവണ) റെക്കോഡും എല്ലാവരും മാണി സാര്‍ എന്ന് വിളിക്കുന്ന മാണിക്കായിരുന്നു.

4,5,6,7,9,11,13 എന്നീ ഏഴ് നിയമസഭകളിലാണ് അദ്ദേഹം മന്ത്രിയായത്. 2015 നവംബര്‍ 10 ന് ബാര്‍ കോഴ അഴിമതി ആരോപണത്തെത്തുടര്‍ന്ന് അദ്ദേഹം ധനമന്ത്രി സ്ഥാനം രാജിവച്ച് പുറത്തു പോവേണ്ടി വരികയായിരുന്നു. ആഭ്യന്തരം(1977 ഏപ്രില്‍-1978 സപ്തംബര്‍, 1978 ഒക്ടോബര്‍-1979 ജൂലൈ), ധനം-നിയമം(1980 ജനുവരി-1981 ഒക്ടോബര്‍, 1981 ഡിസംബര്‍-1982 മാര്‍ച്ച്, 1982 മെയ്-1986 മാര്‍ച്ച്), ജലസേചനം-നിയമം(1987), റവന്യു-നിയമം(1991 ജൂണ്‍-1996 മാര്‍ച്ച്), റവന്യു-നിയമം(2001-2006) എന്നീ വകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്തത്.

ദരിദ്രരായ രോഗികള്‍ക്ക് 1400 കോടിയോളം രൂപയുടെ സഹായം ലഭ്യമാക്കിയ കാരുണ്യ ലോട്ടറി പദ്ധതിക്ക് തുടക്കമിട്ടത് കെ എം മാണിയായിരുന്നു. കേരളത്തില്‍ കര്‍ഷകര്‍ക്കും വിധവകള്‍ക്കുമുള്ള പെന്‍ഷന്‍ ആരംഭിച്ചതും മാണി ധനമന്ത്രിയായിരിക്കേയാണ്. കമ്യൂണിസത്തിന് പകരമായി അവതരിപ്പിച്ച ടോയിലിങ് ക്ലാസ്(അധ്വാന വര്‍ഗം) എന്ന മാണിയുടെ സിദ്ധാന്തം പ്രസിദ്ധമാണ്.

കോട്ടയം ജില്ല മീനച്ചില്‍ താലൂക്കിലെ മരങ്ങാട്ടുപള്ളിയില്‍ കര്‍ഷകദമ്പതികളായിരുന്ന തൊമ്മന്‍ മാണിയുടെയും ഏലിയാമ്മയുടേയും മകനായി ജനനം. തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്‌സ് കോളജ്,. മദ്രാസ് ലോ കോളജില്‍നിന്ന് നിയമ ബിരുദം. ഹൈക്കോടതി ജഡ്ജി പി ഗോവിന്ദമേനോന്റെ കീഴില്‍ 1955 ല്‍ കോഴിക്കോട് അഭിഭാഷകനായി ചേര്‍ന്നു. രാഷ്ട്രീയത്തില്‍ സജീവമായി. 1959 ല്‍ കെപിസിസി യില്‍ അംഗം. 1964 മുതല്‍ കേരള കോണ്‍ഗ്രസ്സില്‍. 1975 ലെ അച്ചുതമേനോന്‍ മന്ത്രിസഭയില്‍ ആദ്യമായി മന്ത്രി.

1975 ഡിസംബര്‍ 26 ന് ആദ്യമായി മന്ത്രിസഭയില്‍ അംഗമായ കെ എം മാണി, കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന ബേബി ജോണിന്റെ റെക്കോര്‍ഡ് 7 മന്ത്രിസഭകളിലായി 6061 ദിവസം (17 വര്‍ഷം 7 മാസം) 2003 ജൂണ്‍ 22 ന് മറികടന്ന് സ്വന്തം പേരിലാക്കി.

അച്ചുതമേനൊന്റെ ഒരു മന്തിസഭയിലും (455 ദിവസം), കരുണാകരന്റെ നാല് മന്ത്രിസഭകളിലും (3229 ദിവസം), ആന്റണിയുടെ മൂന്ന് മന്ത്രിസഭകളിലും (1472 ദിവസം), പി കെ വി മന്ത്രിസഭയിലും (270 ദിവസം), നായനാരുടെ ഒരു മന്ത്രിസഭയിലും (635 ദിവസം)അദ്ദേഹം അംഗമായിരുന്നു.

ഏറ്റവും കൂടുതല്‍ കാലം നിയമവകുപ്പും (16.5 വര്‍ഷം) ധനവകുപ്പും(6.25 വര്‍ഷം) കൈകാര്യം ചെയ്തത് മാണിയാണ്.

കോണ്‍ഗ്രസ് നേതാവ് പി ടി ചാക്കോയുടെ ബന്ധുവായ കുട്ടിയമ്മയാണ് ഭാര്യ. മക്കള്‍ ജോസ് കെ മാണി എംപി, എല്‍സ, ആനി, സാലി, ടെസി, സമിത. 

Tags:    

Similar News