കാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു; വിസ നിര്‍ത്തിവച്ച് ഇന്ത്യ

Khalistani leader Sukhdool Singh killed in Canada

Update: 2023-09-21 08:05 GMT

ന്യൂഡല്‍ഹി: ഖലിസ്താന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണം നയതന്ത്ര തലത്തില്‍ വിള്ളലുണ്ടാക്കിയതിനു പിന്നാലെ കാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു. കാനഡയിലെ വിന്നിപെഗിലുണ്ടായ ഏറ്റുമുട്ടലിലാണ് പഞ്ചാബ് സ്വദേശിയായ സുഖ ദുനേക എന്ന സുഖ്ദൂല്‍ സിങ് കൊല്ലപ്പെട്ടത്. കാനഡയിലെ ഖലിസ്ഥാന്‍ വാദികളില്‍ പ്രധാനിയായ ഇയാള്‍ക്കെതിരേ ഏഴ് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നാണ് റിപോര്‍ട്ട്. പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി തുടങ്ങിയ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദവീന്ദര്‍ ബംബിഹ സംഘാഗമാണ് സുഖ ദുനേകയെന്നാണ് പറയപ്പെടുന്നത്. 2017ല്‍ വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് കാനഡിയിലേക്കു കടന്നത്. ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തെച്ചൊല്ലി ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളാവുന്നതിനിടെയാണ് സുഖ ദുനേകയുടെ കൊലപാതകം എന്നതും ശ്രദ്ധേയമാണ്. നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നാണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചത്. ഇതിനു പിന്നാലെ ഇരുരാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു.

    അതിനിടെ, ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നതു വരെ കനേഡിയന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് ഇന്ത്യ നിര്‍ത്തിവച്ചു. ഇന്ത്യയിലെത്തുന്ന കനേഡിയന്‍ പൗരന്‍മാര്‍ക്ക് കനേഡിയന്‍ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. കശ്മീര്‍ അടക്കമുള്ള പ്രദേശങ്ങളിലേക്ക് പോവരുത്, മണിപ്പുര്‍, അസം പോലുള്ള സ്ഥലങ്ങളില്‍ അത്യാവശ്യമെങ്കില്‍ മാത്രം സഞ്ചരിക്കുക, ഇന്ത്യയില്‍ എവിടെ പോവുന്നുണ്ടെങ്കിലും അതീവ ജാഗ്രതപുലര്‍ത്തുക തുടങ്ങിയവയാണ് നിര്‍ദേശത്തിലുണ്ടായിരുന്നത്. ഇതിന് പിന്നാലെ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം കാനഡയിലുള്ള ഇന്ത്യക്കാര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കാനഡയിലേക്കുള്ള വിസ സര്‍വീസുകള്‍ ഇന്ത്യ നിര്‍ത്തിവച്ചിട്ടുള്ളത്.

Tags:    

Similar News