അസാധാരണ കാലാവസ്ഥയില്‍ ഞെട്ടി കേരളം: പകല്‍ കൊടും ചൂട്, രാത്രി കൊടും തണുപ്പ്; രോഗ സാധ്യതയേറി; ഈ നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുക

ജനുവരിയില്‍ കേരളം അതിശൈത്യത്തില്‍ വിറയ്ക്കുകയാണ്. ഹൈറേഞ്ച് ജില്ലകളായ വയനാട്, ഇടുക്കി, പത്തനംതിട്ട തുടങ്ങിയവിടങ്ങളില്‍ കൊടും തണുപ്പാണ് അനുഭവപ്പെടുന്നത്. ഈ കൊടും തണുപ്പ് ഒരാഴ്ച കൂടി ഇതേ തരത്തില്‍ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

Update: 2019-01-06 09:57 GMT

കേരളത്തെ ഇളക്കിമറിച്ച് കടന്നു പോയ പ്രളയത്തിനു ശേഷം സംസ്ഥാനത്ത് അത്യസാധാരണ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. പ്രളയത്തിനു പിന്നാലെ സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ കൊടും ചൂടും വരള്‍ച്ചയും മലയാളികളെ ആശ്ചര്യപ്പെടുത്തിയാണ് കടന്നുപോയത്. പലയിടത്തും നദികളും കിണറുകളും വറ്റിവരണ്ടു. തൊട്ടുപിന്നാലെയെത്തിയ നവംബര്‍, ഡിസംബര്‍ മാസങ്ങള്‍ പൊതുവെ തണുപ്പ് നിറഞ്ഞതാണെങ്കിലും ഇപ്രാവശ്യം അത് തീരെയില്ലാതെയാണ് കടന്ന് പോയത്. എന്നാല്‍ ജനുവരിയില്‍ കേരളം അതിശൈത്യത്തില്‍ വിറയ്ക്കുകയാണ്. ഹൈറേഞ്ച് ജില്ലകളായ വയനാട്, ഇടുക്കി, പത്തനംതിട്ട തുടങ്ങിയവിടങ്ങളില്‍ കൊടും തണുപ്പാണ് അനുഭവപ്പെടുന്നത്. ഈ കൊടും തണുപ്പ് ഒരാഴ്ച കൂടി ഇതേ തരത്തില്‍ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. സംസ്ഥാനത്തെ മിക്ക ജില്ലകളിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നാല് ഡിഗ്രി വരെ താപനില താഴ്ന്നിട്ടുണ്ട്.അതേസമയം, സംസ്ഥാനത്ത് പകല്‍ താപനിലയില്‍ കാര്യമായ വ്യത്യാസങ്ങളില്ല. പകല്‍ നല്ല വെയിലും ചൂടുമാണ് അനുഭവപ്പെടുന്നത്.

രോഗ സാധ്യത വര്‍ധിപ്പിക്കുന്നു


പകല്‍ സമയത്തെ ഉയര്‍ന്ന താപനിലയും രാത്രിയിലെ തണുപ്പും രോഗസാധ്യത വര്‍ധിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ചൂടിന്റെ കാഠിന്യം വര്‍ധിച്ചതോടെ വേനല്‍ക്കാല രോഗങ്ങള്‍ പടരാന്‍ സാധ്യതയുണ്ട്. വേനലിലെപ്പോലെ പകല്‍സമയത്ത് 11 മുതല്‍ 3 വരെയുള്ള സമയത്തു വെയിലേല്‍ക്കുന്നതു കഴിവതും ഒഴിവാക്കുകയാണ് പ്രാഥമികമായി ചെയ്യാവുന്നത്.

നേത്രരോഗങ്ങള്‍, മഞ്ഞപ്പിത്തം, വൈറല്‍പനി, ടൈഫോയ്ഡ്, ആവശ്യത്തിന് വെള്ളം കുടിക്കാത്തത് മൂലമുണ്ടാകുന്ന നിര്‍ജലീകരണം, മൂത്രത്തിലെ അണുബാധ, ചിക്കന്‍പോക്‌സ് തുടങ്ങിയ വേനല്‍ക്കാല രോഗങ്ങള്‍ പടരാനുള്ള സാധ്യതയാണ് ഉയര്‍ന്നിരിക്കുന്നത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോഗ്യകാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും വകുപ്പ് നിര്‍ദ്ദേശിക്കുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉച്ചസമയത്തെ വെയിലേറ്റു കളിക്കുന്നത് ഒഴിവാക്കണം. തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്നവര്‍, നിര്‍മാണ മേഖലയിലുള്ളവര്‍ എന്നിവരും വേനല്‍ക്കാല രോഗങ്ങള്‍ വരാതിരിക്കാന്‍ ജാഗ്രത പാലിക്കണം.


ഡോക്ടര്‍മാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍


* ദിവസവും കുറഞ്ഞത് 3 ലീറ്റര്‍ വെള്ളം കുടിച്ചു എന്നുറപ്പു വരുത്തുക. കൂടുതല്‍ അളവ് വെള്ളം ഒന്നോ രണ്ടോ തവണയായി കുടിക്കുന്നതിനു പകരം ചെറിയ അളവുകള്‍ ഇടയ്ക്കിടെ കുടിക്കുക.

*തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക. തണുപ്പിച്ച വെള്ളവും ശീതളപാനീയങ്ങളും കണിശമായി ഒഴിവാക്കുക.

*ശുദ്ധീകരിച്ച ജലം മണ്‍പാത്രത്തിലോ കൂജയിലോ വച്ചു തണുപ്പിച്ചു കുടിക്കുന്നതിനു കുഴപ്പമില്ല. അതിലേറെ തണുപ്പ് രോഗം ക്ഷണിച്ചു വരുത്തും.

*പഴവര്‍ഗങ്ങള്‍ കൂടുതലായി ഉപയോഗിയ്ക്കുക. നാടന്‍ പപ്പായ, കൈതച്ചക്ക, കരിക്ക് എന്നിവയ്ക്കു മുന്‍തുക്കം നല്‍കാം.

* വെയിലത്തു കുട ഉപയോഗിക്കുന്നതു ശീലമാക്കുക. അസഹനീയമായ ചൂട് ഉള്ളപ്പോള്‍ കാല്‍നടയാത്ര ഒഴിവാക്കുക.

* ചൂടു കൂടുതലുള്ളപ്പോള്‍ ശുദ്ധജലം ഉപയോഗിച്ചു ദിവസം 3 തവണയെങ്കിലും കണ്ണു കഴുകണം. കണ്ണിന് എന്തെങ്കിലും തരത്തിലുള്ള രോഗബാധയുണ്ടെന്നു തോന്നിയാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുക

വരാനിക്കുന്ന വരള്‍ച്ചയുടെ സൂചനയോ


കൊടുംതണുപ്പ് വരാനുള്ള കടുത്ത വരള്‍ച്ചയുടെ സൂചനയാണെന്ന പ്രചാരണം ശക്തമാണ്. എന്നാലിത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തള്ളി.രാജ്യത്ത് ആകെ കടുത്ത തണുപ്പ് അനുഭവപ്പെടുന്നതിന്റെ ഭാഗം മാത്രമാണ് കേരളത്തിലെയും കാലാവസ്ഥ. ഇറാന്‍, അഫ്ഗാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള ശീതക്കാറ്റാണ് ഈ അസാധാരണ ശൈത്യത്തിന് കാരണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.


Tags:    

Similar News