22 കോടി ധൂർത്തടിച്ചതിന് പിന്നാലെ ഹെലികോപ്ടറിനായി വീണ്ടും ടെൻഡർ വിളിച്ച് സർക്കാർ

വാടകയ്‌ക്കെടുത്ത കാലയളവില്‍ 105.3 മണിക്കൂര്‍ ഹെലികോപ്ടര്‍ ഉപയോഗിച്ചത്. ഇതിനായി ആകെ ചെലവായത് 222,151,000 രൂപയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Update: 2021-10-12 11:30 GMT

തിരുവനന്തപുരം: വിവാദങ്ങൾക്കും, കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കുമിടയിൽ വീണ്ടും ഹെലികോപ്ടർ വാടകയ്‌ക്കെടുക്കാൻ ടെൻഡർ വിളിച്ച് സർക്കാർ. ഒമ്പത് പേർക്ക് യാത്ര ചെയ്യാവുന്ന ഇരട്ട എഞ്ചിൻ ഹെലികോപ്ടറിന് വേണ്ടിയാണ് പുതിയ ടെൻഡർ വിളിച്ചിരിക്കുന്നത്.

കൊവിഡ് ഒന്നാം തരംഗത്തിൽ 2020 ഏപ്രിലിലാണ് ഡൽഹി പവൻഹൻസ് കമ്പനിയിൽ നിന്ന് ഒരു വർഷത്തേക്ക് സർക്കാർ ഹെലികോപ്ടർ വാടകയ്‌ക്കെടുത്തത്. പൈലറ്റ് ഉൾപ്പടെ മൂന്ന് ജീവനക്കാരുള്ള, 11 സീറ്റുള്ള ഇരട്ട എഞ്ചിൻ ഹെലികോപ്റ്ററായിരുന്നു ഇത്.

ഹെലികോപ്ടറിന്റെ മാസവാടക ഇനത്തിൽ മാത്രം 21.64 കോടി രൂപയും, പാർക്കിങ് ഫീസും അനുബന്ധ ചെലവുകളുമായി 56.72 ലക്ഷം രൂപയും സർക്കാരിന് ചെലവായി എന്ന് കാണിക്കുന്ന വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ നേരത്തെ പുറത്തുവന്നിരുന്നു. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കരാർ കാലാവധി അവസാനിക്കുമ്പോൾ ആകെ ചെലവായത് 22,21,51,000 രൂപയാണ്.

വ്യോമ നിരീക്ഷണം, മാവോവാദികളുടെ സഞ്ചാരപാത നിരീക്ഷണം, ആരോഗ്യ രക്ഷാപ്രവര്‍ത്തനം, സംസ്ഥാനത്തിന്റെ അതിര്‍ത്തി പ്രദേശങ്ങള്‍, തീരദേശം, വനമേഖലകള്‍, വിനോദ സഞ്ചാര-തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ നിരീക്ഷണത്തിനും അടിയന്തിര ഘട്ടങ്ങളിലെ പോലിസിന്റെയുംം വിശിഷ്ട വ്യക്തികളുടേയും യാത്രയ്ക്കായുമാണ് ഹെലികോപ്ടറിന്റെ സേവനം നല്‍കിയിരുന്നതെന്നാണ് ഒക്ടോബര്‍ 4 ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്.

വാടകയ്‌ക്കെടുത്ത കാലയളവില്‍ 105.3 മണിക്കൂര്‍ ഹെലികോപ്ടര്‍ ഉപയോഗിച്ചത്. ഇതിനായി ആകെ ചെലവായത് 222,151,000 രൂപയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഈ കാലയളവില്‍ എയര്‍ ആംബുലന്‍സായി ഹെലികോപ്ടര്‍ ഉപയോഗിക്കാനുള്ള നിരവധി സന്ദര്‍ഭങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അപ്പോഴൊന്നും ഉപയോഗിച്ചില്ലെന്ന ആരോപണം ശക്തമാണ്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ ഏറ്റവും വലിയ ധൂര്‍ത്ത് ഹെലികോപ്ടര്‍ വാടകക്ക് എടുത്തതായിരുന്നെന്നാണ് പ്രതിപക്ഷ ആരോപണം. ‌എന്നാല്‍ എന്തിനുവേണ്ടിയാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചതെന്ന ചോദ്യത്തിന് സർക്കാർ ഇതുവരെ വ്യക്തമായ മറുപടി നൽകിയിട്ടില്ല. 

Similar News