ക്വാറി ഉടമകൾക്ക് സംസ്ഥാന സർക്കാരിന്റെ പിന്തുണ; ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിന് സ്റ്റേ

ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് സംസ്ഥാന സർക്കാർ തുടർന്നു പോകുന്ന ഖനന നയങ്ങൾക്കുള്ള തിരിച്ചടിയായിരുന്നു.

Update: 2020-08-12 04:41 GMT

കോഴിക്കോട്: ജനവാസ കേന്ദ്രത്തിൽ നിന്നുള്ള ക്വാറികളുടെ ദൂരപരിധി കുറയ്ക്കാൻ ക്വാറി ഉടമകൾക്ക് സംസ്ഥാന സർക്കാരിന്റെ പിന്തുണ. ക്വാറി ഉടമകൾ നൽകിയ ഹരജിയിൽ 200 മീറ്റർ ദൂരപരിധി വേണമെന്ന ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. സർക്കാരിന്റെ സത്യവാങ്മൂലം കണക്കിലെടുത്താണ് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ.

ജനവാസകേന്ദ്രങ്ങളിൽ നിന്ന് ക്വാറികളുടെ അകലം 50 മീറ്ററിൽ നിന്ന് 200 മീറ്റർ ആയി ഉയർത്തി കഴിഞ്ഞ മാസം 21ന് ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടിരിന്നു. ഇതിനെതിരേ ക്വാറി ഉടമകൾ ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിൽ സർക്കാർ അവർക്കനുകൂലമായി സത്യവാങ്മൂലം നൽകി. ഇത് കണക്കിലെടുത്താണ് ഹൈക്കോടതി ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് താല്ക്കാലികമായി സ്റ്റേ ചെയ്തത്.

ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് സർക്കാരിന്റെ അഭിപ്രായം ചോദിച്ച ശേഷമല്ല. സർക്കാരിന്റെ സമിതികൾ പഠിച്ച ശേഷമാണ് 50 മീറ്റർ ദൂരപരിധി ഉത്തരവ് നിശ്ചയിച്ചത് തുടങ്ങിയ കാര്യങ്ങളാണ് സർക്കാരിന് വേണ്ടി അഡീഷണൽ അഡ്വക്കറ്റ് ജനറൽ രഞ്ജിത്ത് ഹൈക്കോടതിയെ അറിയിച്ചത്. ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ കോടതിയെ സമീപിക്കുമെന്നും അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ലൈസൻസുള്ള ക്വാറികളിൽ ഭൂരിഭാഗവും 200 മീറ്റർ ദൂരപരിധിയിലല്ല എന്നതിനാൽ ക്വാറി ഉടമകൾക്ക് സഹായകരമാണ് സർക്കാർ നിലപാട്. പരാതിക്കാരല്ല ഹരിത ട്രൈബ്യൂണലിനെതിരേ സംസ്ഥാന സർക്കാർ തന്നെ കോടതിയെ സമീപിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

സ്ഫോടനം നടത്തിയുള്ള ക്വാറികൾക്ക് 200 മീറ്ററും സ്ഫോടന മില്ലാതെയുള്ള ഖനനത്തിന് 100 മീറ്റർ അകലവും ജനവാസ മേഖലയിൽ ഉറപ്പാക്കണമെന്നായിരുന്നു ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ്. ഈ വിധി സംസ്ഥാന സർക്കാർ തുടർന്നു പോകുന്ന ഖനന നയങ്ങൾക്കുള്ള തിരിച്ചടിയായിരുന്നു. 

Similar News