സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ജയസൂര്യയും സൗബിനും മികച്ച നടന്‍, നിമിഷ നടി
നിമിഷ സജയനാണ് മികച്ച നടി. ചോലയിലെ പ്രകടനമാണ് നിമിഷയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ശ്യാമപ്രസാദാണ് മികച്ച സംവിധായകന്‍. കാന്തന്‍ ദ ലൗവര്‍ ഓഫ് കളര്‍ ആണ് മികച്ച സിനിമ.
തിരുവനന്തപുരം: 2018ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ജയസൂര്യയും സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ പ്രകടനത്തിന് സൗബിന്‍ ഷാഹിറും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. നിമിഷ സജയനാണ് മികച്ച നടി. ചോലയിലെ പ്രകടനമാണ് നിമിഷയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ശ്യാമപ്രസാദാണ് മികച്ച സംവിധായകന്‍. കാന്തന്‍ ദ ലൗവര്‍ ഓഫ് കളര്‍ ആണ് മികച്ച സിനിമ.
ജോസഫിലെ അഭിനയത്തിലൂടെ ആരാധകരെ ഞെട്ടിച്ച ജോജുവാണ് മികച്ച സ്വഭാവനടന്‍. സാവിത്രി ശ്രീരന്‍, സരസ ബാലുശ്ശേരി എന്നിവരാണ് മികച്ച സ്വഭാവ നടിമാര്‍. സുഡാനിയിലെ അഭിനയമാണ് ഇരുവരെയും അവാര്‍ഡിന് അര്‍ഹരാക്കിയത്. തിരുവനന്തപുരത്ത് സാംസ്‌കാരിക മന്ത്രി എ കെ ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. പ്രശസ്ത സംവിധായകന്‍ കുമാര്‍ സാഹ്്‌നിയായിരുന്നു ജൂറി അധ്യക്ഷന്‍.
സംവിധായകരായ ഷെറി ഗോവിന്ദന്‍, ജോര്‍ജ് കിത്തു, കാമറാമാന്‍ കെ ജി ജയന്‍, സൗണ്ട് എന്‍ജിനീയര്‍ മോഹന്‍ദാസ്, നിരൂപകനും സംവിധായകനുമായ വിജയകൃഷ്ണന്‍, എഡിറ്റര്‍ ബിജു സുകുമാരന്‍, സംഗീത സംവിധായകന്‍ പി ജെ ഇഗ്‌നേഷ്യസ് (ബേണി ഇഗ്‌നേഷ്യസ്), നടി നവ്യാ നായര്‍ എന്നിവരാണ് അംഗങ്ങള്‍. ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു മെംബര്‍ സെക്രട്ടറിയാണ്. 104 ചിത്രങ്ങളാണ് അവാര്‍ഡ് കമ്മിറ്റിയുടെ പരിഗണിനയ്ക്കുവന്നത്. അതില്‍ 57 ചിത്രങ്ങള്‍ പുതുമുഖ സംവിധായകരുടേതാണ്. മൂന്ന് സ്ത്രീ സംവിധായകരുടെ ചിത്രങ്ങളും കുട്ടികളുടെ നാല് ചിത്രങ്ങളും മല്‍സരത്തിനുണ്ടായിരുന്നു.
മറ്റ് പുരസ്‌കാരങ്ങള്‍:
മികച്ച രണ്ടാമത്തെ സിനിമ: ഒരു ഞായറാഴ്ച (ശ്യാമപ്രസാദ്)
ചലച്ചിത്ര ഗ്രന്ഥം: മലയാള സിനിമ പിന്നിട്ട വഴികള്‍ (എം ജയരാജ്)
കഥാകൃത്ത്: ജോയ് മാത്യു (അങ്കിള്‍)
ഛായാഗ്രാഹകന്‍: കെ യു മോഹനന്‍ (കാര്‍ബണ്‍)
തിരക്കഥാകൃത്ത്: മുഹ്‌സിന്‍ പരാരി, സക്കറിയ (സുഡാനി ഫ്രം നൈജീരിയ)
നവാഗത സംവിധായകന്‍: സകരിയ്യ (സുഡാനി ഫ്രം നൈജീരിയ)
ബാലതാരം: മാസ്റ്റര്‍ മിഥുന്‍
മികച്ച ബാലനടി: അബദി ആദി (പന്ത്)
പിന്നണി ഗായകന്‍: വിജയ് യേശുദാസ്
ഗായിക: ശ്രേയാ ഘോഷാല്‍
സംഗീത സംവിധായകന്‍: വിശാല്‍ ഭരദ്വാജ് (കാര്‍ബണ്‍)
പശ്ചാത്തല സംഗീതം: ബിജിബാല്‍ (ആമി)
കലാസംവിധായകന്‍: വിനേഷ് ബംഗ്ലാല്‍ (കമ്മാരസംഭവം)
ചിത്രസംയോജകന്‍: അരവിന്ദ് മന്‍മദന്‍ (ഒരു ഞായറാഴ്ച)
സിങ്ക് സൗണ്ട്: അനില്‍ രാധാകൃഷ്ണന്‍
കുട്ടികളുടെ ചിത്രം: അങ്ങനെ അകലെ ദൂരെ
ജൂറി പരാമര്‍ശം
ഛായാഗ്രാഹണം: മധു അമ്പാട്ട്

