കേരളത്തിലെ പൊതുമേഖലാ ബാങ്കുകളിൽ കിട്ടാക്കടം 10.26 ശതമാനം ഉയര്‍ന്നു

കേരള ഗ്രാമീണ്‍ ബാങ്കിലേതടക്കം കേരളത്തിലെ പൊതുമേഖലാ ബാങ്ക് ശാഖകളിലെ മൊത്തം എന്‍പിഎ നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദമായ ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 9,693.27 കോടിയായി ഉയര്‍ന്നു

Update: 2021-10-16 06:55 GMT

കൊച്ചി: കൊവിഡ് പ്രതിസന്ധിയുടെ ആഘാതം വ്യക്തമാക്കി സംസ്ഥാനത്തെ ബാങ്ക് ശാഖകളില്‍ നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) ഉയരുന്നു. മൂന്നുമാസംകൊണ്ട് കേരളത്തിലെ പൊതുമേഖലാ ബാങ്ക് ശാഖകളിലെ കിട്ടാക്കടം 10.26 ശതമാനം ഉയര്‍ന്നു.

കേരള ഗ്രാമീണ്‍ ബാങ്കിലേതടക്കം കേരളത്തിലെ പൊതുമേഖലാ ബാങ്ക് ശാഖകളിലെ മൊത്തം എന്‍പിഎ നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദമായ ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 9,693.27 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജനുവരി-മാര്‍ച്ച് പാദത്തില്‍ ഇത് 8,791.05 കോടിയായിരുന്നു. 902.22 കോടി രൂപയുടെ വര്‍ധന.

സ്വകാര്യമേഖലാ ബാങ്ക് ശാഖകളിലെ (ചെറുകിട പണമിടപാട് സ്ഥാപനങ്ങള്‍ ഇതില്‍ പെടില്ല) മൊത്തം നിഷ്‌ക്രിയ ആസ്തി മാര്‍ച്ച് പാദത്തിലെ 6,847.68 കോടിയില്‍നിന്ന് 21.61 ശതമാനം ഉയര്‍ന്ന് ജൂണ്‍ പാദത്തില്‍ 8,328.01 കോടിയായി. ചെറുകിട ധനകാര്യ ബാങ്കുകളുടെ കിട്ടാക്കടമാകട്ടെ 219.9 കോടിയില്‍നിന്ന് 510.07 കോടിയായി.

സഹകരണ ബാങ്കുകളിലേത് 11,515.28 കോടിയില്‍നിന്ന് 16,531.88 കോടിയായും ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ എന്‍.പി.എ. ഉള്ളത് സംസ്ഥാനത്തെ സഹകരണ ബാങ്ക് ശാഖകളിലാണ്.

സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 2,395.83 കോടി രൂപയുടെ കിട്ടാക്കടം പൊതുമേഖലാ ബാങ്ക് ശാഖകള്‍ വീണ്ടെടുത്തു. സ്വകാര്യ മേഖലയില്‍ 1,598.23 കോടിയുടെയും സ്മോള്‍ ഫിനാന്‍സ് ബാങ്കുകളില്‍ 172.1 കോടിയുടെയും കിട്ടാക്കടം വീണ്ടെടുത്തു. 974.99 കോടിയുടെ കിട്ടാക്കടമാണ് സഹകരണ ബാങ്കുകള്‍ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ തിരിച്ചുപിടിച്ചത്.

Similar News