കസ്തൂരി രംഗന്‍ റിപോര്‍ട്ട്: കരട് വിജ്ഞാപനത്തിന്റെ കാലാവധി ഇന്ന് അവസാനിക്കും
പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖലകള്‍ (ഇഎസ്എ) നിര്‍ണയിക്കുന്നതിനുള്ള നാലാമത്തെ കരട് വിജ്ഞാപനത്തിന്റെ സാധുതയാണ് വെള്ളിയാഴ്ച അവസാനിക്കുക.
ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ റിപോര്‍ട്ടിന്മേല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ച കരട് വിജ്ഞാപനത്തിന്റെ കാലാവധി ഇന്ന് അവസാനിക്കും. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖലകള്‍ (ഇഎസ്എ) നിര്‍ണയിക്കുന്നതിനുള്ള നാലാമത്തെ കരട് വിജ്ഞാപനത്തിന്റെ സാധുതയാണ് വെള്ളിയാഴ്ച അവസാനിക്കുക.
അന്തിമ വിജ്ഞാപനം ഇറക്കുന്നതിനായി കേരളവുമായി നിരവധി തവണ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ചര്‍ച്ച നടത്തിയിരുന്നു. നിലവില്‍ 9993.7 ചതുരശ്ര കിലോമീറ്ററാണ് പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 1337 ചതുരശ്ര കിലോമീറ്റര്‍ കൂടി ഒഴിവാക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്.
പശ്ചിമഘട്ടത്തിലെ 92 വില്ലേജുകള്‍ ഉള്‍പ്പെടെ 8,656.4 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതിലോല മേഖലയായി ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്ത പിഎച്ച് കുര്യന്‍ കമ്മിറ്റി റിപോര്‍ട്ട് അംഗീകരിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായാണ് റിപോര്‍ട്ടുകള്‍. കേരളത്തിന്റെ ഈ നിലപാടിലേക്ക് കേന്ദ്രം എത്തുന്നത് കത്തോലിക്ക സഭയെ കൂടെ നിര്‍ത്താനുള്ള അവസരം ഉപയോഗപ്പെടുത്തുന്നതാണെന്ന വിലയിരുത്തലുകളും നിലവിലുണ്ട്.
കേരളം ആദ്യം ഈ നിര്‍ദേശം മുന്നോട്ട് വച്ചപ്പോള്‍ ഈ 1337 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെ നോണ്‍ കോര്‍ ഏരിയയാക്കി അന്തിമ വിജ്ഞാപനം ഇറക്കാമെന്ന നിര്‍ദേശമായിരുന്നു കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം മുന്നോട്ടുവെച്ചത്. എന്നാല്‍ ഇത് കേരളം അംഗീകരിച്ചിട്ടില്ല. ഒഴിവാക്കേണ്ട പ്രദേശത്തെ കുറിച്ച് കേരളത്തോട് വിശദമായ റിപോര്‍ട്ട് പിന്നീട് കേന്ദ്രം തേടിയിരുന്നു. അതുകൂടി കണക്കിലെടുത്തായിരിക്കും അന്തിമ വിജ്ഞാപനം ഇറക്കുക.
കസ്തൂരിരംഗന്‍ റിപോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച അന്തിമ വിജ്ഞാപനം നീട്ടണമെന്നും ജിയോ കോര്‍ഡിനേറ്റുകള്‍ പുനക്രമീകരിക്കാന്‍ സംസ്ഥാനത്തിന് സമയം നല്‍കണമെന്നും ആവശ്യപ്പെട്ട് കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ (കെസിബിസി) പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന് കത്തയച്ചിരുന്നു.
ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സിലിന്റെ ആവശ്യത്തിന് കേന്ദ്രം വഴങ്ങിയേക്കും. ഇക്കാര്യത്തില്‍ സമവായത്തിലെത്താന്‍ സാധിച്ചില്ലെങ്കില്‍ നിലവിലെ കരട് വിജ്ഞാപനം വീണ്ടും പുതുക്കി ഇറക്കാനാകും സാധ്യത. വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടി എന്തായിരിക്കും എന്നത് ഇന്നറിയാം.

