'കശ്മീര്‍ ഫയല്‍സ് കണ്ടില്ല, കാണുകയുമില്ല'- പണ്ഡിറ്റുകള്‍ക്ക് സംഭവിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ നിയമിക്കണമെന്ന് മുന്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍

Update: 2022-03-27 13:15 GMT

ശ്രീനഗര്‍: മൂന്ന് പതിറ്റാണ്ടിലേറെയായി തങ്ങളുടെ മണ്ണില്‍ നിന്ന് നാടുകടത്തപ്പെട്ട കാശ്മീരി പണ്ഡിറ്റുകള്‍ക്ക് നീതി ലഭ്യമാക്കുന്നതിന് അന്നത്തെ സംഭവങ്ങളുടെ സത്യാവസ്ഥ കണ്ടെത്താന്‍ പാനല്‍ രൂപീകരിക്കണമെന്ന് ഇന്ത്യയുടെ ആദ്യ മുഖ്യ വിവരാവകാശ കമ്മീഷണര്‍ വജാഹത്ത് ഹബീബുള്ള ആവശ്യപ്പെട്ടു. 1990-91 ലും 1993 ലും കശ്മീരിലെ എട്ട് ജില്ലകളില്‍ ഡിവിഷണല്‍ കമ്മീഷണറായി സേവനമനുഷ്ഠിച്ച ഹബീബുള്ള, അങ്ങനെ രൂപീകരിക്കുന്ന സമിതിക്കു മുന്നില്‍ സാക്ഷിയായി ഹാജരാകാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.

1990ല്‍ കാശ്മീര്‍ താഴ്‌വരയില്‍ നിന്ന് ഹിന്ദു പുരുഷന്മാര്‍ക്ക് താഴ്‌വര വിട്ടുപോകേണ്ടിവരുമെന്നും അങ്ങനെ ചെയ്തില്ലെങ്കില്‍ അവര്‍ ഇസ്‌ലാം സ്വീകരിക്കണമെന്നും ഇല്ലെങ്കില്‍ അവരെ കശാപ്പ് ചെയ്യുമെന്നും പള്ളികളില്‍ നിന്ന് പ്രഖ്യാപനം വന്നതിന് ശേഷമാണ് പണ്ഡിറ്റുകള്‍ കൂട്ടത്തോടെ പലായനം ചെയ്‌തെന്നുമാണ് അടുത്തിടെ പുറത്തിറങ്ങിയ 'ദ കശ്മീര്‍ ഫയല്‍സ്' എന്ന സിനിമ അവകാശപ്പെട്ടത്.

കമ്മീഷന്‍ രൂപീകരിക്കുന്നതുവഴി കശ്മീരി പണ്ഡിറ്റുകള്‍ അക്കാലത്ത് നേരിട്ട പ്രശ്‌നങ്ങള്‍ ജനങ്ങള്‍ക്ക് മനസ്സിലാക്കാനാവും. പരസ്പരം കുറ്റപ്പെടുത്തുന്നതിനുപകരം, ഇതിനെല്ലാം പിന്നില്‍ ആരാണെന്ന് കണ്ടെത്താനാകും. അങ്ങനെയുള്ള കമ്മീഷനുമുന്നില്‍ സാക്ഷ്യം പറയാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അക്കാലത്തെ ഭരണയന്ത്രം ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിച്ചില്ല. അത് ഭരണ പരാജയമായിരുന്നു. കാശ്മീര്‍ പണ്ഡിറ്റുകള്‍ ഓടിപ്പോകുമ്പോള്‍ ഉദ്യോഗസ്ഥര്‍ വീട്ടില്‍ ഇരിക്കുകയായിരുന്നു. പുറത്തു വന്ന് പലായനം തടയേണ്ടത് അവരുടെ ഉത്തരവാദിത്തമായിരുന്നു. ഉദ്യോഗസ്ഥര്‍ക്കും ഭീഷണിയുണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് ഒന്നുകില്‍ അവരുടെ ഉത്തരവാദിത്തം നിറവേറ്റുകയോ ജോലി ഉപേക്ഷിക്കുകയോ ചെയ്യുമായിരുന്നു.

'ദി കശ്മീര്‍ ഫയല്‍സ്' താന്‍ കണ്ടിട്ടില്ലെന്നും കാണാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഹബീബുള്ള പറഞ്ഞു. കശ്മീരില്‍ സംഭവിച്ചതെല്ലാം ലജ്ജാകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'1984ല്‍ ഡല്‍ഹിയില്‍ സിഖുകാര്‍ക്കും ഗുജറാത്തിലെ മുസ് ലിംകള്‍ക്കും ഒഡീഷയിലെ ക്രിസ്ത്യാനികള്‍ക്കും സംഭവിച്ചത് ലജ്ജാകരമാണ്. എനിക്ക് ഈ സിനിമ കാണാന്‍ താല്‍പ്പര്യമില്ല, കാരണം ഇത് കാണുന്നത് എന്നെ സങ്കടപ്പെടുത്തും'- അദ്ദേഹം പറഞ്ഞു.

'കശ്മീരി പണ്ഡിറ്റുകള്‍ കൂട്ട പലായനം നേരിട്ടപ്പോള്‍ എന്നെ കശ്മീരില്‍ നിയോഗിച്ചിരുന്നു. അന്ന് ജമ്മു ജഗ്‌മോഹന്‍ ആയിരുന്നു കശ്മീരിന്റെ ഗവര്‍ണര്‍. എന്നെ ലക്ഷദ്വീപില്‍ നിന്ന് കശ്മീരിലേക്ക് വിളിച്ചത് അന്നത്തെ ആഭ്യന്തര മന്ത്രി മുഫ്തി മുഹമ്മദ് സയീദാണ്'

ജമ്മു കശ്മീരില്‍ കശ്മീരി പണ്ഡിറ്റുകള്‍ക്കായി പ്രത്യേക നഗരം ആവശ്യപ്പെടുമെന്ന് സിനിമയുടെ റിലീസിന് ശേഷം ആഗോള കശ്മീരി പണ്ഡിറ്റ് പ്രവാസികള്‍ പറഞ്ഞു. എങ്കില്‍ ഡല്‍ഹിയില്‍ സിഖുകാര്‍ക്കും ഗുജറാത്തില്‍ മുസ ലിംകള്‍ക്കും പ്രത്യേക നഗരം ആവശ്യപ്പെടാമെന്നും ഹബീബുള്ള പറഞ്ഞു. കശ്മീരില്‍ താമസിക്കുന്ന ഒരു കശ്മീരി പണ്ഡിറ്റും ഈ ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു.

താഴ്‌വരയില്‍ താമസിക്കുന്ന കശ്മീരി പണ്ഡിറ്റുകള്‍ക്കും അവിടെ സ്ഥിരതാമസമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ജോലി നല്‍കണമെന്ന് ഹബീബുള്ള ആവശ്യപ്പെട്ടു.

പണ്ഡിറ്റുകളെ 'ഭീകരര്‍' കൊലപ്പെടുത്തുന്നതിനെക്കുറിച്ച് നാഡിമാര്‍ഗിലെയും വന്ധമയിലെയും ജില്ലാ മജിസ്‌ട്രേറ്റുമാര്‍ അറിയിച്ചിട്ടും സര്‍ക്കാരിന് അവരെ തടയാന്‍ കഴിഞ്ഞില്ല. ജില്ലാ മജിസ്‌ട്രേറ്റ്മാര്‍ക്കെതിരെ നടപടിയൊന്നും ഉണ്ടായില്ല, അതിശയകരമെന്നു പറയട്ടെ, ഐജിക്ക് സ്ഥാനക്കയറ്റം ലഭിച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഹിന്ദുക്കളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റിയില്ലെന്ന് പറഞ്ഞ അന്നത്തെ ഡിഎംമാര്‍ക്കും ഐജിക്കുമെതിരെ നടപടി വേണമെന്നും ഹബീബുള്ള ആവശ്യപ്പെട്ടു.