കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുന്‍മന്ത്രി എ സി മൊയ്തീന്റെ 15 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

Update: 2023-08-24 07:23 GMT

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീന്റെ 15 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഇതിനുപുറമെ, മൊയ്തീന്റെയും ഭാര്യയുടെയും പേരിലുള്ള 28 ലക്ഷം രൂപയുടെ ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ മരവിപ്പിക്കുകയും ചെയ്തു. ക്രമവിരുദ്ധമായി വായ്പ നല്‍കിയും മറ്റും 300 കോടിയോളം രൂപയുടെ ക്രമക്കേട് നടത്തിയതെന്നാണ് ആരോപണം. ക്രമക്കേടിനു പിന്നില്‍ എസി മൊയ്തീന് നേരിട്ട് പങ്കുണ്ടെന്ന് ചില ജീവനക്കാര്‍ മൊഴി നല്‍കിയെന്നാണ് ഇഡി ആരോപണം. ആകെ 15 കോടി വിലമതിക്കുന്ന 36 വസ്തുവകകളാണ് കണ്ടുകെട്ടിയത്. കൂടാതെ മതിയായ രേഖകള്‍ കാണിക്കാനായില്ലെന്നു പറഞ്ഞാണ് 28 ലക്ഷം രൂപയുടെ നിക്ഷേപം മരവിപ്പിച്ചത്. സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ഏറ്റവുമധികം തട്ടിപ്പ് നടത്തിയത് ബിജോയ് എന്ന ജീവനക്കാരനാണെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. 30 കോടി രൂപ വിലമതിക്കുന്ന തട്ടിപ്പുകള്‍ ഇയാള്‍ നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് എസി മൊയ്തീന്റെ വീട്ടില്‍ ഇഡി കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. ഇദ്ദേഹത്തിന്റെ ബിനാമികളെന്ന് സംശയിക്കുന്നവരുടെ വീടുകളിലും ഓഫിസുകളിലും ഒരേ സമയമായിരുന്നു പരിശോധന. 300 കോടിയോളം രൂപയുടെ ക്രമക്കേട് കണ്ടെത്തിയ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സഹകരണവകുപ്പ് മുന്‍ മന്ത്രിയായ എ സി മൊയ്തീന് പങ്കുണ്ടെന്നാണ് ആരോപണം.

    അതിനിടെ, എ സി മൊയ്തീനെതിരേ പ്രതിഷേധമുണ്ടാവുമെന്ന വിവരത്തെ തുടര്‍ന്ന് എരുമപ്പെട്ടി പഞ്ചായത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലിസ് കരുതല്‍ തടങ്കലിലെടുത്തു. പഞ്ചായത്തിലെ കരിയന്നൂരില്‍ കട ഉദ്ഘാടനം ചെയ്യാന്‍ മൊയ്തീന്‍ എത്തുന്നുവെന്നറിഞ്ഞ് സ്ഥലത്തെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.

Tags:    

Similar News