കര്‍ണാടകയില്‍ വിശ്വാസ വോട്ട് ഇന്നില്ല; ബിജെപി അംഗങ്ങള്‍ സഭയില്‍ തങ്ങും

വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് വോട്ടിങ് നടക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു. അതേസമയം, പാര്‍ട്ടി അംഗങ്ങള്‍ സഭയില്‍ തന്നെ തുടരുമെന്ന് ബിജെപി അറിയിച്ചു.

Update: 2019-07-18 13:13 GMT

ബംഗളൂരു: നിയമ സഭയില്‍ ഭരണ പ്രതിപക്ഷ ബഹളത്തിനിടെ കര്‍ണാടക മന്ത്രിസഭയുടെ വിശ്വാസ വോട്ടെടുപ്പ് സ്പീക്കര്‍ നാളത്തേക്ക് മാറ്റി. വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് വോട്ടിങ് നടക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു. അതേസമയം, പാര്‍ട്ടി അംഗങ്ങള്‍ സഭയില്‍ തന്നെ തുടരുമെന്ന് ബിജെപി അറിയിച്ചു. നാളെ സഭ ആരംഭിക്കുന്നതുവരെ പ്രതിഷേധ ധര്‍ണ നടത്താനാണ് ബിജെപി തീരുമാനം.

നേരത്തേ, വിശ്വാസ വോട്ട് വൈകിപ്പിക്കുന്നതിനെതിരേ ഗവര്‍ണര്‍ വാജുഭായ് വാല ഇടപെടണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് വൈകിയാണെങ്കിലും ഇന്ന് തന്നെ വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ കത്തുനല്‍കി. എന്നാല്‍, സഭയുടെ കാര്യത്തിലുള്ള അനാവശ്യ ഇടപെടലെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ഇതിനെ എതിര്‍ത്തു.

പാര്‍ട്ടി വിപ്പിന്റെ കാര്യത്തില്‍ സ്പീക്കര്‍ തീരുമാനമെടുക്കുന്നതുവരെ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി കൊണ്ടു വന്ന വിശ്വാസ വോട്ട് മാറ്റിവയ്ക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. വിപ്പിന്റെ കാര്യത്തില്‍ സുപ്രിം കോടതി ഉത്തരവ് ഏത് രീതിയില്‍ ബാധിക്കുമെന്ന ചോദ്യത്തിന് പാര്‍ട്ടികള്‍ അവരുടെ അധികാരം ഉപയോഗിക്കുന്നത് താന്‍ തടയില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. വിശ്വാസവോട്ടിന്റെ സമയത്ത് സഭയില്‍ ഹാജരാകണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നു. ഇത് അംഗീകരിക്കാതിരുന്നാല്‍ അവര്‍ കൂറുമാറിയതായി കണക്കാക്കി പാര്‍ട്ടിയില്‍ നിന്നു പുറത്താകും. അതേ സമയം, എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ ഇനിയും തീരുമാനമെടുത്തിട്ടില്ല.

രാജിവച്ച എംഎംഎല്‍മാര്‍ക്ക് സഭയില്‍ വരണോ എന്ന് സ്വയം തീരുമാനിക്കാമെന്ന് സുപ്രിം കോടതി ഇന്നലെ ഉത്തരവിട്ടതോടെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന്റെ സ്ഥിതി പരുങ്ങലിലായിരുന്നു. നിലവിലെ സ്ഥിതിയില്‍ സര്‍ക്കാര്‍ തകരുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. രാജിവച്ച എംപിമാരെ ഏതെങ്കിലും രീതിയില്‍ തങ്ങളോടൊപ്പം കൊണ്ടു വരാനോ ചട്ടങ്ങള്‍ ഉപയോഗിച്ച് കാര്യങ്ങള്‍ അനുകൂലമാക്കാനോ ഉള്ള ശ്രമത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ വിശ്വാസ വോട്ട് വൈകിപ്പിക്കുന്നതെന്നാണ് സൂചന.

Tags:    

Similar News