കേന്ദ്രനേതാക്കള്‍ക്ക് 1,800 കോടി കോഴ നല്‍കി; ബിജെപിക്ക് കുരുക്കായി യെദ്യൂരപ്പയുടെ ഡയറി

കാരവാന്‍ ഇംഗ്ലീഷ് മാഗസിനാണ് കോഴപ്പണത്തിന്റെ കണക്കുകള്‍ വെളിപ്പെടുത്തിയത്. തെളിവായി ആദായനികുതി വകുപ്പിന്റെ പക്കലുള്ള കര്‍ണാടകയിലെ ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പയുടെ ഡയറിയും പുറത്തുവന്നിട്ടുണ്ട്. 2008- 09 കാലഘട്ടത്തില്‍ ബിജെപി കേന്ദ്രനേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി 1,800 കോടിയിലേറെ രൂപ നല്‍കിയതിന്റെ വിവരങ്ങളാണ് ഡയറിയിലുള്ളത്.

Update: 2019-03-22 09:44 GMT

അന്വേഷണമാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത്

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ബിജെപിയെ കുരുക്കിലാക്കി കോടികളുടെ കോഴ ഇടപാടിന്റെ തെളിവുകള്‍ പുറത്ത്. കാരവാന്‍ ഇംഗ്ലീഷ് മാഗസിനാണ് കോഴപ്പണത്തിന്റെ കണക്കുകള്‍ വെളിപ്പെടുത്തിയത്. തെളിവായി ആദായനികുതി വകുപ്പിന്റെ പക്കലുള്ള കര്‍ണാടകയിലെ ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പയുടെ ഡയറിയും പുറത്തുവന്നിട്ടുണ്ട്. 2008- 09 കാലഘട്ടത്തില്‍ ബിജെപി കേന്ദ്രനേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി 1,800 കോടിയിലേറെ രൂപ നല്‍കിയതിന്റെ വിവരങ്ങളാണ് ഡയറിയിലുള്ളത്.

കോഴപ്പണത്തിന്റെ കണക്കുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അന്വേഷണമാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. കണക്കുകള്‍ ശരിയാണോയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 2017 മുതല്‍ ആദായ നികുതി വകുപ്പിന്റെ പക്കല്‍ ഡയറിയുണ്ടായിട്ടും അന്വേഷണം തടഞ്ഞത് ആരെന്ന് പറയണം. ലോക്പാല്‍ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.


രേഖകള്‍ പ്രകാരം 1,000 കോടി രൂപ ബിജെപി കേന്ദ്രകമ്മിറ്റിക്ക് യെദ്യൂരപ്പ നല്‍കിയിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റലിക്കും നിതിന്‍ ഗഡ്കരിക്കും 150 കോടി വീതവും രാജ്‌നാഥ് സിങ്ങിന് 100 കോടിയും നല്‍കി.മുതിര്‍ന്ന ബിജെപി നേതാക്കളായ അദ്വാനിക്കും മുരളീ മനോഹര്‍ ജോഷിക്കും 50 കോടി വീതമാണ് നല്‍കിയതെന്നാണ് യെദ്യൂരപ്പയുടെ ഡയറിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുകൂടാതെ നിതിന്‍ ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് മാത്രം 10 കോടി വേറെയും നല്‍കിയിട്ടുണ്ടെന്ന് ഡയറിയില്‍ കുറിച്ചുവച്ചിട്ടുണ്ട്.

കര്‍ണാടക മുഖ്യമന്ത്രിയാവാന്‍ വേണ്ടിയാണ് ഇത്രയധികം രൂപ ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ക്ക് യെദ്യൂരപ്പ കൈക്കൂലി നല്‍കിയതെന്ന് കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ല വാര്‍ത്താസമ്മേളനത്തില്‍ ആരോപിക്കുന്നു. ഇതിന് തെളിവായി ഡയറിയില്‍ യെദ്യൂരപ്പ ഇത് എഴുതി വച്ചതും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. വിവിധ കേസുകള്‍ കൈകാര്യം ചെയ്തതിന് ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി 250 കോടി നല്‍കിയെന്നും ഡയറിയിലുണ്ട്. എന്നാല്‍, ആരൊക്കെയാണ് ഈ ജഡ്ജിമാരും അഭിഭാഷകരുമെന്ന് വ്യക്തമല്ല.

2009 ജനുവരി 17 നാണ് ബിജെപി നേതാക്കള്‍ക്കും അഭിഭാഷകര്‍ക്കും ജഡ്ജിമാര്‍ക്കും പണം നല്‍കിയ കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. മെയ് 2008 മുതല്‍ ജൂലൈ 2011 വരെ യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു. ഇക്കാലയളവിലാണ് ഇടപാടുകളെല്ലാം നടന്നിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. കര്‍ണാടക നിയമസഭയുടെ ഔദ്യോഗിക ഡയറിയില്‍ സ്വന്തം കൈപ്പടയിലാണ് സാമ്പത്തിക ഇടപാടുകളെല്ലാം യെദ്യൂരപ്പ രേഖപ്പെടുത്തിയിട്ടുള്ളത്. എല്ലാ കണക്കുകളുടെയും ചുവടെ അദ്ദേഹം ഒപ്പിടുകയും ചെയ്തിട്ടുണ്ട്. ആദായ നികുതി വകുപ്പ് യെദ്യൂരപ്പയുടെ വീട്ടില്‍ നേരത്തെ നടത്തിയ റെയ്ഡിലാണ് ഡയറികള്‍ പിടിച്ചെടുത്തത്. 2017 മുതല്‍ ഈ രേഖകള്‍ ആദായനികുതി വകുപ്പിന്റെ കൈവശമുണ്ടെന്ന് കാരവാന്‍ പ്രസീദ്ധീകരിച്ച റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.  

Tags:    

Similar News