പ്രണയം നടിച്ച് ബലാല്‍സംഗം ചെയ്ത് കവര്‍ച്ച; 20 യുവതികളെ കൊന്ന സയനൈഡ് മോഹന് വധശിക്ഷ

ബണ്ട്വാള്‍ കന്യാന സ്വദേശി മോഹന്‍കുമാറിനെ (സയനൈഡ് മോഹന്‍-56) ആണ് വധശിക്ഷയ്ക്ക് ശിക്ഷിച്ചത്. 20 കൊലക്കേസുകളുള്ള മോഹനു പതിനേഴാമത്തെ കേസിലാണു ജില്ലാ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. നാലാമത്തെ വധശിക്ഷയാണിത്. പലകേസുകളിലായി 13 ജീവപര്യന്തം ശിക്ഷ വേറെയുമുണ്ട്.

Update: 2019-10-25 09:38 GMT

മംഗളൂരു: ഇരുപതോളം സ്ത്രീകളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം സയനൈഡ് നല്‍കി കൊന്ന് ആഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിക്ക് വധശിക്ഷ. ബണ്ട്വാള്‍ കന്യാന സ്വദേശി മോഹന്‍കുമാറിനെ (സയനൈഡ് മോഹന്‍-56) ആണ് വധശിക്ഷയ്ക്ക് ശിക്ഷിച്ചത്. 20 കൊലക്കേസുകളുള്ള മോഹനു പതിനേഴാമത്തെ കേസിലാണു ജില്ലാ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. നാലാമത്തെ വധശിക്ഷയാണിത്. പലകേസുകളിലായി 13 ജീവപര്യന്തം ശിക്ഷ വേറെയുമുണ്ട്.

ബണ്ട്വാള്‍ ബലെപുനിയിലെ അങ്കണവാടി അസിസ്റ്റന്റായ ശശികലയെ(26) കൊലപ്പെടുത്തിയ കേസിലാണ് ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി സയ്യിദുന്നിസ വധശിക്ഷ വിധിച്ചത്. തട്ടിക്കൊണ്ടുപോകല്‍, മാനഭംഗം, കൊലപാതകം, വിഷംകുടിപ്പിക്കല്‍, ആഭരണങ്ങള്‍ കവരല്‍, വഞ്ചന, തെളിവുനശിപ്പിക്കല്‍ എന്നി കുറ്റങ്ങളിലാണ് വധശിക്ഷ.

2005 ലാണ് മോഹന്‍ 17ാം കൊലപാതകം നടത്തിയത്. ബി സി റോഡ് ബസ് സ്റ്റാന്‍ഡില്‍ വച്ച് പരിചയപ്പെട്ട യുവതിക്ക് വിവാഹവാഗ്ദാനം നല്‍കി മോഹന്‍ അടുപ്പം സ്ഥാപിച്ചു. തുടര്‍ന്ന് ഒക്ടോബര്‍ 21ന് വിവാഹത്തിനെന്നു പറഞ്ഞ് ബംഗളൂരുവിലേക്കു കൊണ്ടുപോയി. അവിടെ ഹോട്ടലില്‍ മുറിയെടുത്ത് ശാരീരികബന്ധത്തിലേര്‍പ്പെട്ടശേഷം പിറ്റേന്നുരാവിലെ ബസ് സ്റ്റാന്‍ഡിലെത്തി. ഗര്‍ഭിണിയാകാതിരിക്കാനുള്ള മരുന്നെന്നുപറഞ്ഞ് സയനൈഡ് ഗുളിക നല്‍കി. ഇതനുസരിച്ച് യുവതി ഗുളിക കഴിച്ചയുടന്‍ കുഴഞ്ഞുവീണുമരിച്ചു.

മോഹന്‍കുമാര്‍ മുറിയില്‍ തിരിച്ചെത്തി യുവതിയുടെ ആഭരണങ്ങളുമായി നാട്ടിലേക്കു മടങ്ങി. തിരിച്ചറിയാത്തതിനെത്തുടര്‍ന്ന് യുവതിയുടെ മൃതദേഹം അഞ്ചുദിവസത്തിനുശേഷം പോലീസ് സംസ്‌കരിക്കുകയും ചെയ്തു. വിനോദയാത്രയ്‌ക്കെന്നുപറഞ്ഞ് പോയ യുവതി തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ മംഗളൂരു കൊണാജെ പോലിസില്‍ പരാതി നല്‍കി.

2009 സെപ്റ്റംബര്‍ 21ന് മറ്റൊരു കേസില്‍ മോഹന്‍കുമാര്‍ പിടിയിലായതോടെയാണ് ശശികലയടക്കം 20 യുവതികളെ ഇയാള്‍ സമാനരീതിയില്‍ കൊലപ്പെടുത്തിയ വിവരം പുറത്തുവരുന്നത്. ശശികലയെ കൊലപ്പെടുത്തിയ കേസില്‍ വിചാരണയ്ക്കായി 41 സാക്ഷികളെയും 67 രേഖകളും കോടതിയില്‍ ഹാജരാക്കി. ലീലാവതി(32), ബരിമാറിലെ അനിത(22), സുള്ള്യ പെരുവാജെയിലെ സുനന്ദ(25) എന്നിവരെ കൊന്ന കേസുകളിലാണ് മോഹന്‍കുമാറിന് മുമ്പ് വധശിക്ഷ ലഭിച്ചത്.

കര്‍ണാടകയിലെ മംഗളൂരുവില്‍ ബണ്ട്‌വാള്‍ കന്യാനയിലെ കായിക അധ്യാപകനായിരുന്ന മോഹന്‍കുമാര്‍ 2003-2009 കാലയളവില്‍ നാലു മലയാളികളടക്കം ഇരുപതോളം യുവതികളെയാണു സയനൈഡ് നല്‍കി അതിക്രൂരമായി കൊന്നത്.

2010ല്‍ മറ്റൊരു കേസില്‍ അറസ്റ്റിലായ മോഹന്‍ കുമാറിനെ ചോദ്യം ചെയ്തപ്പോഴാണ് ഇതടക്കം 20 കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്. കാസര്‍കോട് മുള്ളേരിയ പുഷ്പ (21), ഉപ്പള വിജയലക്ഷ്മി (26), പൈവളിഗെ സാവിത്രി (26), മംഗലാപുരം തൊക്കോട്ടു താമസിച്ച കുമ്പള സ്വദേശിനി കമല എന്നിവരാണു മോഹന്റെ കൈകളാല്‍ കൊല്ലപ്പെട്ട മലയാളികള്‍. ബണ്ട്വാള്‍ ബരിമാറിലെ അനിത, സുള്ള്യ പെരാജെ ബേബി നായക് (25), പുത്തൂര്‍ കെദില ശാരദ (24), സുള്ള്യ സമ്പാജെ കാവേരി (34), പുത്തൂര്‍ പദുമജലു വിനുത (24), ബണ്ട്വാള്‍ മിട്ടൂര്‍ ഇഡ്കിഡു ഹേമാവതി (ഹേമ-24), ബല്‍ത്തങ്ങടി മഡന്ത്യാര്‍ മെഗിനമലാഡി യശോദ (26), ബണ്ട്വാള്‍ കരിയങ്കാല സനിരിബെ ശശികല (28), മംഗലാപുരം കങ്കനാടി ശാന്ത (35), ഉപ്പിനങ്ങടി വനിത (22), ബജ്‌പെ മുച്ചൂര്‍ ഗുഡബെട്ടു സുജാത (28), കൊണാജെ ശശികല (26), പൂര്‍ണിമ (33), ആരതി (24) ഉള്‍പ്പെടെയുള്ളവരാണു കൊല്ലപ്പെട്ട മറ്റുള്ളവര്‍.

ലൗ ജിഹാദ് ആരോപിച്ച് കലാപത്തിന് ശ്രമം

ബണ്ട്വാള്‍ ബരിമാറിലെ അനിതയെ കാണാതായതിനെ തുടര്‍ന്ന് 2009ല്‍ ബണ്ട്വാളില്‍ ഹിന്ദുത്വര്‍ ലൗജിഹാദ് ആരോപിച്ച് കലാപത്തിന് ശ്രമിച്ചിരുന്നു. യുവതി മുസ്‌ലിം യുവാവിനൊപ്പം ഒളിച്ചോടിയെന്നാരോപിച്ചായിരുന്നു ഹിന്ദുത്വര്‍ പ്രക്ഷോഭം നടത്തിയത്. ഇതേത്തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തില്‍ അനിതയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്ന മോഹന്‍ പിടിയിലായി. അന്വേഷണത്തില്‍ ഇയാളുമായി ബന്ധമുണ്ടായിരുന്ന കാസര്‍കോട് സ്വദേശിനി പുഷ്പ ഉള്‍പ്പെടെ നിരവധി യുവതികളെ കാണാനില്ലെന്നു കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലിലാണു കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞത്. അനിതയുടേത് ഉള്‍പ്പെടെ യുവതികളുടെ മൃതദേഹങ്ങള്‍ സംസ്ഥാനത്തെ വിവിധ ബസ് സ്റ്റാന്‍ഡുകളിലെ ശുചിമുറിയില്‍ കണ്ടെത്തുകയുമുണ്ടായി.


Tags:    

Similar News