അയോഗ്യരാക്കപ്പെട്ട കര്‍ണാടക എംഎല്‍എമാര്‍ സുപ്രിംകോടതിയിലേക്ക്
കഴിഞ്ഞ വ്യാഴാഴ്ച അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരായ ആര്‍ ശങ്കര്‍, രമേഷ് ജാര്‍ക്‌ഹോളി, മഹേഷ് കുമത്തള്ളി എന്നിവരാണ് ആദ്യം സുപ്രിംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ഞായറാഴ്ച സ്പീക്കര്‍ കെ ആര്‍ രമേശ്കുമാര്‍ അയോഗ്യരാക്കിയ 14 എംഎല്‍എമാരും സുപ്രിംകോടതിയെ സമീപിക്കുമെന്ന് ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്യുന്നു.
ബംഗളൂരു: കര്‍ണാടക നിയമസഭയില്‍നിന്ന് അയോഗ്യരാക്കപ്പെട്ട സ്പീക്കറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് വിമത എംഎല്‍എമാര്‍ സുപ്രിംകോടതിയെ സമീപിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ച അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരായ ആര്‍ ശങ്കര്‍, രമേഷ് ജാര്‍ക്‌ഹോളി, മഹേഷ് കുമത്തള്ളി എന്നിവരാണ് ആദ്യം സുപ്രിംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ഞായറാഴ്ച സ്പീക്കര്‍ കെ ആര്‍ രമേശ്കുമാര്‍ അയോഗ്യരാക്കിയ 14 എംഎല്‍എമാരും സുപ്രിംകോടതിയെ സമീപിക്കുമെന്ന് ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്യുന്നു.
തിങ്കളാഴ്ച സുപ്രിംകോടതിയില്‍ സംയുക്ത ഹരജി നല്‍കാനാണ് തീരുമാനം. അയോഗ്യരാക്കിക്കൊണ്ടുള്ള സ്പീക്കറുടെ ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചതിനുശേഷം കോടതിയില്‍ ഹരജി നല്‍കും. സ്പീക്കര്‍ സ്വാഭാവികനീതി നിഷേധമാണ് നടത്തിയിരിക്കുന്നതെന്നാണ് എംഎല്‍എമാര്‍ ആരോപിക്കുന്നത്. അയോഗ്യത പ്രഖ്യാപിക്കാന്‍ ബന്ധപ്പെട്ട എംഎല്‍എമാര്‍ക്ക് ഒരാഴ്ച മുമ്പ് നോട്ടീസ് നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍, മൂന്നുദിവസം മുമ്പ് മാത്രമാണ് തങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചതെന്നും ഇത് സ്വഭാവികനീതിയുടെ നിഷേധമാണെന്നും വ്യാഴാഴ്ച അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ വാദിക്കുന്നു.
സ്പീക്കര്‍ ഭരണഘടനയെ വളച്ചൊടിച്ചെന്നായിരുന്നു ആര്‍ ശങ്കര്‍ എംഎല്‍എ കുറ്റപ്പെടുത്തിയത്. യെദിയൂരപ്പ സര്‍ക്കാര്‍ തിങ്കളാഴ്ച വിശ്വാസവോട്ട് തേടാനിരിക്കെയാണ് 14 എംഎല്‍എമാരെ സ്പീക്കര്‍ ഞായറാഴ്ച അയോഗ്യരാക്കിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനും വിപ്പ് ലംഘിച്ചതിനുമാണ് എംഎല്‍എമാരെ അയോഗ്യരാക്കിയത്. മുന്‍ മുഖ്യമന്ത്രി കുമാരസ്വാമിയുടെയും സിദ്ധരാമയ്യയുടെയും ശുപാര്‍ശകള്‍ പ്രകാരം 17 എംഎല്‍എമാര്‍ക്കാണ് സ്പീക്കര്‍ അയോഗ്യത കല്‍പ്പിച്ചിരിക്കുന്നത്. ഈ നിയമസഭയുടെ കാലാവധി തീരുന്നതുവരെ അയോഗ്യരായ എംഎല്‍എമാര്‍ക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവില്ല.
