റോഡ് കുഴിച്ചും മണ്ണിട്ടും തടസ്സം സൃഷ്ടിക്കുന്നു; കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് കടുത്ത നിയന്ത്രണവുമായി കര്‍ണാടക

Update: 2021-08-06 09:25 GMT

ബെംഗ്ലൂരു: കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് കടുത്ത നിയന്ത്രണവുമായി കര്‍ണാടക. കേരളത്തില്‍ നിന്ന് അടിയന്തര സര്‍വ്വീസുകള്‍ മാത്രമേ പ്രവേശിപ്പിക്കൂ. കാല്‍നടയായും ബൈക്കുകളിലും എത്തുന്നവരെ തടയാനുള്ള കടുത്ത നടപടികളാണ് സ്വീകരിക്കുന്നത്.

ഇടറോഡുകളില്‍ മണ്ണിട്ടും കുഴിയെടുത്തും വാഹനം നിയന്ത്രിക്കാനാണ് പുതിയ നിര്‍ദേശം. സുള്ള്യ, പുത്തൂര്‍ അതിര്‍ത്തിയില്‍ കുഴിയെടുത്ത് ഗതാഗതം തടയും. അതിര്‍ത്തികളില്‍ ശക്തമായ പരിശോധന നടത്താനും കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

അതിര്‍ത്തി റോഡുകളില്‍ മണ്ണ്മാന്തി യന്ത്രങ്ങള്‍ എത്തിച്ച് റോഡ് കുഴിക്കാനുള്ള നടപടി തിങ്കളാഴ്ച്ച തന്നെ ആരംഭിച്ചിരുന്നു. പ്രദേശവാസികള്‍ പ്രതിഷേധം തീര്‍ത്തതോടെ വന്‍ പോലിസ് സന്നാഹം ഒരുക്കിയായിരുന്നു നടപടി. കാസര്‍ഗോഡ് ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമായ കൊട്ടേകര്‍-മരിയാശ്രം റോഡില്‍ കുഴിയെടുക്കാന്‍ കര്‍ണാടക പോലിസ് മണ്ണ്മാന്തി യന്ത്രം എത്തിച്ചിരുന്നു. കേരളത്തിലാണ് കുഴിയെടുക്കാന്‍ ശ്രമിച്ചതെന്നും അത് കൊണ്ടാണ് പ്രതിഷേധവുമായി രംഗത്തെത്തിയതെന്നും കാസര്‍ഗോഡ് ജില്ലയിലെ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. കേരളത്തിന്റെ അതിര്‍ത്തി ജില്ലകളിലാണ് കൊവിഡ് വ്യാപനം രൂക്ഷമെന്ന് കര്‍ണാടക സര്‍ക്കാര്‍ ആരോപിക്കുന്നു. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ആഗസ്ത് 16 വരെ ബംഗളൂരു ഭരണകൂടം രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുയാണ്.

Tags:    

Similar News