കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്: അര്‍ജ്ജുന്‍ ആയങ്കി കസ്റ്റംസ് കസ്റ്റഡിയില്‍ ; അറസ്റ്റിന് സാധ്യത

പ്രതി മുഹമ്മദ് ഷെഫീഖിനെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ട് കോടതി. അഞ്ചു ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.മുഹമ്മദ് ഷെഫീഖിനെ കൊച്ചിയില്‍ എത്തിച്ച് കസ്റ്റഡിയില്‍ ഉള്ള അര്‍ജ്ജുന്‍ ആയങ്കിയ്‌ക്കൊപ്പമിരുത്തി കസ്റ്റംസ് ചോദ്യം ചെയ്യും

Update: 2021-06-28 08:04 GMT

കൊച്ചി: കരിപ്പൂര്‍ രാമനാട്ട്കര സ്വര്‍ണ കടത്ത് കേസില്‍ ചോദ്യം ചെയ്യലിനു ഹാജരായ അര്‍ജ്ജുന്‍ ആയങ്കിയെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു.ചോദ്യം ചെയ്യലിനു ശേഷം വൈകിട്ടോടെ അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന.കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന പ്രതി മുഹമ്മദ് ഷെഫീഖിനെ കോടതി കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് അഞ്ചു ദിവസത്തേക്ക് കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.സ്വര്‍ണ്ണകടത്തുമായി അര്‍ജ്ജന്‍ ആയങ്കിക്ക് നേരിട്ടു ബന്ധമുണ്ടെന്നും കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ടു മറ്റു പ്രതികളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനു റിമാന്റില്‍ കഴിയുന്ന മുഹമ്മദ് ഷെഫീക്കിന്റെ കസ്റ്റഡി അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്റില്‍ കഴിയുകയാണ് പ്രതിയിപ്പോള്‍. ഇയാളുടെ മൊബൈല്‍ ഫോണ്‍ കോള്‍ വിശദാംശങ്ങളടക്കം നിരവധി രേഖകള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രതിയുമായി ബന്ധപ്പെട്ട നിരവധി പേരെ ചോദ്യം ചെയ്തതായും കസ്റ്റംസ് കസ്റ്റഡി അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

റിമാന്റില്‍ കഴിയുന്ന മുഹമ്മദ് ഷെഫീഖിനെ കൊച്ചിയില്‍ എത്തിച്ച ശേഷം അര്‍ജ്ജുന്‍ ആയങ്കിയ്‌ക്കൊപ്പമിരുത്തി ചോദ്യം ചെയ്യും ഇതിനു ശേഷമായിരിക്കും അര്‍ജ്ജന്‍ ആയങ്കിയുടെ അറസ്റ്റുള്‍പ്പെടെയുള്ള കാര്യത്തില്‍ തീരുമാനമാകുകയുള്ളുവെന്നാണ് വിവരം.അറസ്റ്റിലായ മുഹമ്മദ് ഷെഫീഖില്‍ നിന്നുളള വിവരത്തിന്റെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് കസ്റ്റംസ് അര്‍ജ്ജന്‍ ആയങ്കിയ്ക്ക് നോട്ടീസ് നല്‍കിയിരുന്നത്.

മുഹമ്മദ് ഷെഫീഖ് അറസ്റ്റിലായതിനെ തുടര്‍ന്ന് അര്‍ജ്ജുന്‍ ആയങ്കി ഒളിവിലായിരുന്നു. അതിനാല്‍ തന്നെ ഇയാള്‍ ഇന്ന് ചോദ്യം ചെയ്യലിനു ഹാജരാകുമോയെന്ന് കസ്റ്റംസിന് സംശയമുണ്ടായിരുന്നു.ഇതിനിടയിലാണ് അര്‍ജ്ജുന്‍ ആയങ്കി അഭിഭാഷകര്‍ക്കൊപ്പം കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫിസില്‍ രാവിലെ ഹാജരായത്.സ്വര്‍ണ്ണക്കടത്തിലെ പങ്ക് സംബന്ധിച്ചും സ്വര്‍ണ്ണക്കടത്തിനു പിന്നിലുള്ള മറ്റുള്ളവര്‍ ആരൊക്കെയന്നത് സംബന്ധിച്ചുമാണ് കസ്റ്റംസ് പ്രധാനമായും ഇയാളില്‍ നിന്നും ചോദിച്ചറിയുകയെന്നാണ് വിവരം.ഇക്കഴിഞ്ഞ 21 നാണ് 2332 ഗ്രാം സ്വര്‍ണവുമായി ഷഫീഖ് പിടിയിലായത്.

Tags:    

Similar News