കണ്ണവം സയ്യിദ് സ്വലാഹുദ്ദീന്‍ വധം: കൊല്ലിച്ചവരെ തൊടാതെ പോലിസ്-ആര്‍എസ്എസ് ഒത്തുകളി

കുറ്റപത്രം വെള്ളിയാഴ്ച കോടതിയില്‍ സമര്‍പ്പിച്ചേക്കും

Update: 2020-12-02 06:11 GMT
കണ്ണൂര്‍: എസ്ഡിപിഐ പ്രവര്‍ത്തകന്‍ കണ്ണവത്തെ സയ്യിദ് മുഹമ്മദ് സ്വലാഹുദ്ദീന്‍ വധക്കേസില്‍ കൊലയാളികളില്‍ ഏതാനുപേരെ പിടികൂടിയെങ്കിലും കൊല്ലിച്ചവരെ തൊടാതെ പോലിസിന്റെ ഒത്തുകളി. ആര്‍എസ്എസിന്റെ ഉന്നത നേതൃത്വത്തിന്റെ അറിവോടെ വളരെ ആസൂത്രിതമായാണ് അരുംകൊല അരങ്ങേറിയതെന്ന് വ്യക്തമായിട്ടും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരിലും പ്രാദേശിക നേതാക്കളിലും കേസൊതുക്കാനാണു നീക്കം നടക്കുന്നത്. കൊവിഡ് കാലത്ത് നടന്ന കൊലപാതകത്തില്‍ പ്രതികള്‍ അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയാവുന്നതിനു മുമ്പ് വെള്ളിയാഴ്ച കണ്ണവം പോലിസ് കൂത്തുപറമ്പ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചേക്കുമെന്നാണു സൂചന. പ്രതികള്‍ വിചാരണയ്ക്കു മുമ്പ് ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത് ഒഴിവാക്കാനാണ് പോലിസ് നീക്കം. തലശ്ശേരി സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുക.

   


    വ്യാജ വാഹനാപകടമുണ്ടാക്കി സഹോദരിമാരുടെ കണ്‍മുന്നില്‍ വച്ച് നടത്തിയ കൊലപാതകത്തില്‍ ഒമ്പത് ആര്‍എസ്എസ്സുകാരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. മുഖ്യപ്രതികളില്‍ ഒരാളെ പിടികൂടാനുണ്ടെന്നാണ് പോലിസ് പറയുന്നത്. എന്നാല്‍, കൊലപാതകം ആസൂത്രണം ചെയ്തതും പ്രതികളെ യോജിപ്പിച്ചതും അവര്‍ക്ക് ഒളിവില്‍ കഴിയാന്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ താവളമൊരുക്കിയതും ഉന്നത നേതാക്കളാണെന്നു വ്യക്തമായിട്ടും അവരെയൊന്നും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താതെ കുറ്റപത്രം സമര്‍പ്പിക്കാനാണു നീക്കം നടത്തുന്നതെന്ന ആക്ഷേപം ശക്തമാണ്. ആര്‍എസ്എസ് കണ്ണവം ശാഖാ മുഖ്യ ശിക്ഷക് അമല്‍ രാജിന്റെ നേതൃത്വത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലിസ് വാദം. കൊലപാതകം നടന്ന മേഖലയില്‍ തന്നെ ഒരു ഡസനോളം പേര്‍ വിവിധ തലങ്ങളില്‍ ഉണ്ടായിരുന്നതായി അന്നുതന്നെ വ്യക്തമായിരുന്നു. സ്വലാഹുദ്ദീനും കുടുംബവും സഞ്ചരിച്ച കാറില്‍ വ്യാജമായി ബൈക്കിടിക്കുകയും പുറത്തിറങ്ങിയപ്പോള്‍ മറ്റൊരു വാഹനത്തിലെത്തി പിന്നില്‍ നിന്ന് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. ഇതിനു ശേഷം പ്രതികള്‍ രക്ഷപ്പെട്ട വഴിയും അതിനു സൗകര്യമൊരുക്കിയതുമെല്ലാം തെളിഞ്ഞതാണ്. കാര്‍ വാടകയ്‌ക്കെടുക്കുകയും കൊലയാളികളെ യോജിപ്പിക്കുകയും ചെയ്തതുമെല്ലാം നേതൃത്വത്തിന്റെ അറിവോടെയാണെന്നതില്‍ സംശയമില്ല. ഒരു ഡസനോളം പേര്‍ നേരിട്ടും ഉന്നതര്‍ അണിയറയിലും തയ്യാറാക്കി നടപ്പാക്കിയതാണ് സ്വലാഹുദ്ദീന്‍ വധമെന്ന് പകല്‍പോലെ വ്യക്തമാണ്. പ്രതികളെ മുഴുവന്‍ തിരിച്ചറിഞ്ഞതായി ജില്ലാ പോലിസ് മേധാവി യതീശ് ചന്ദ്ര വ്യക്തമാക്കിയെങ്കിലും ഗൂഢാലോചകരെ കുറിച്ച് ഉന്നത പോലിസ് നേതൃത്വവും മൗനത്തിലാണ്.   


    കേസന്വേഷിച്ച പ്രത്യേകസംഘം ഡിവൈഎസ് പി മൂസ വള്ളിക്കോടനും സംഘവും ആദ്യദിവസം തന്നെ കൊലയാളികളില്‍ മൂന്നുപേരെ കസ്റ്റഡിയിലെടുത്തതോടെ ആര്‍എസ്എസ് നേതൃത്വം ഇടപെട്ടതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനു ശേഷം പ്രതികളെ ജില്ലയിലെയും അയല്‍ജില്ലയിലെയും ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ ഒളിപ്പിച്ചു. പലപ്പോഴും പോലിസ് ഇവിടെയെത്തുമ്പോഴേക്കും പ്രതികള്‍ രക്ഷപ്പെടുന്ന സംഭവവുമുണ്ടായി. പോലിസില്‍ നിന്നു തന്നെ രഹസ്യങ്ങള്‍ ചോരുന്നതായി അന്വേഷണ സംഘത്തിനു ബോധ്യമുണ്ടായിരുന്നു. ഏറ്റവുമൊടുവില്‍ ഒമ്പതു പ്രതികള്‍ റിമാന്റിലിരിക്കെ കുറ്റപത്രം സമര്‍പ്പിക്കാനാണു പോലിസ് നീക്കം. കുറ്റപത്രത്തില്‍ നിന്ന് ആര്‍എസ്എസ് നേതാക്കളെ ഒഴിവാക്കാന്‍ സമ്മര്‍ദ്ദം ശക്തമാണെന്നും ആക്ഷേപമുണ്ട്. മറ്റു പല സംഭവങ്ങളിലും കൊലക്കേസ് പ്രതികള്‍ക്ക് സംരക്ഷണമൊരുക്കിയവരെ പോലിസ് കേസില്‍ പ്രതിചേര്‍ത്തിരുന്നെങ്കിലും കണ്ണവം സ്വലാഹുദ്ദീന്‍ വധക്കേസില്‍ ഇതിനു മുതിര്‍ന്നിട്ടില്ല. പാനൂര്‍, ചെണ്ടയാട് തുടങ്ങിയ മേഖലകളിലെ ആര്‍എസ്എസ് ക്രിമിനല്‍ സംഘം മാത്രമാണ് കൊലയ്ക്കു പിന്നിലെന്നു വരുത്തിത്തീര്‍ത്ത് ആര്‍എസ്എസ് നേതാക്കളെ രക്ഷിക്കാനാണു പോലിസ് നീക്കം. ആഭ്യന്തര വകുപ്പിലെ ഉന്നതര്‍ തന്നെ ഇതിനു കൂട്ടുനില്‍ക്കുന്നതായാണു വിവരം. അതിനിടെ, കൊല്ലിച്ചവരെ നിയമത്തിനുമുമ്പില്‍ കൊണ്ട് വരുന്നതുവരെ ജനകീയ പ്രക്ഷോഭങ്ങള്‍ നടത്താനാണ് എസ് ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഡിസംബര്‍ നാലിനു തലശ്ശേരി ഡിവൈഎസ് പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

Kannavam Syed Salahuddin murder: Police-RSS collusion escape killers

Tags: