ദേശീയ പാതാ വികസനം വന്നാൽ സിൽവർ ലൈൻ യാത്രക്ക് ആളുകൾ കുറയും; പഠന റിപോർട്ട് പുറത്ത്
ആറുവരി ദേശീയപാതാ വികസനം സാധ്യമാകുന്നതോടെ ഇതുവഴിയുള്ള വാഹനങ്ങളുടെ വേഗത 120 കി മീ/മണിക്കൂർ ലേക്ക് ഉയരുമെന്നും തിരുവനന്തപുരത്ത് നിന്ന് കാസർകോടേക്ക് എത്താൻ 5 മണിക്കൂർ മതിയെന്നുമായിരുന്നു സർക്കാർ നൽകിയ വാഗ്ദാനം.
തിരുവനന്തപുരം: ദേശീയ പാതാ വികസനം ഉണ്ടായാൽ സിൽവർ ലൈൻ യാത്രക്ക് ആളുകൾ കുറയുമെന്ന് പഠന റിപോർട്ട്. സിൽവർ ലൈൻ ട്രാഫിക് സ്റ്റഡി റിപോർട്ട് പുറത്തുവന്നു. തിരുവനന്തപുരം മുതൽ കാസർകോട് വരെ ആറുവരി ദേശീയപാത 2023ൽ പൂർത്തിയാകുമെന്നാണ് സർക്കാർ പ്രഖ്യാപനം.
ആറുവരി ദേശീയപാതാ വികസനം സാധ്യമാകുന്നതോടെ ഇതുവഴിയുള്ള വാഹനങ്ങളുടെ വേഗത 120 കി മീ/മണിക്കൂർ ലേക്ക് ഉയരുമെന്നും തിരുവനന്തപുരത്ത് നിന്ന് കാസർകോടേക്ക് എത്താൻ 5 മണിക്കൂർ മതിയെന്നുമായിരുന്നു സർക്കാർ നൽകിയ വാഗ്ദാനം. ഇത് 2023 ൽ പൂർത്തീകരിക്കുമെന്ന പ്രഖ്യാപനം നിലനിൽക്കേയാണ് തിരുവനന്തപുരം മുതൽ കാസർകോട് വരെ 4 മണിക്കൂർ കൊണ്ട് എത്താമെന്ന വാഗ്ദാനവുമായി കെ റയിൽ പദ്ധതി സർക്കാർ കൊണ്ടുവന്നത്.
പാത ഇരട്ടിപ്പിച്ചാൽ നിലവിലെ തേർഡ് എ സി യാത്രക്കാർ സിൽവർ ലൈനിലേക്ക് വരില്ലെന്നും റോഡിൽ ടോൾ ഏർപ്പെടുത്തിയാലും റെയിൽവെ നിരക്ക് കൂട്ടിയാലും സിൽവർ ലൈൻ പദ്ധതിയെ അത് കാര്യമായി ബാധിക്കില്ലെന്നും റിപോർട്ടിൽ വ്യക്തമാക്കുന്നു. പഠന റിപോർട്ട് ദേശീയ പാത വികസനത്തിന് തടസം നിൽക്കുമെന്നാണ് സിൽവർ ലൈൻ സമര സമിതി ആരോപിക്കുന്നത്. ഗുണ ദോഷ സാധ്യത ആണ് പഠിച്ചത് എന്ന് കെ റെയിൽ പറയുന്നു.
സംസ്ഥാനത്തെ ഭൂരിഭാഗം റോഡുകൾക്കും നിലവിലുള്ള ഗതാഗത നിലവാരം പരിഹരിക്കാൻ മതിയായ വീതിയില്ല, റോഡുകളുടെ നാലിലൊന്നിന് മാത്രമേ രണ്ട് വരിയോ നാല് വരിയോ ശേഷിയുള്ളൂ, മറ്റ് മിക്ക റോഡുകളും ഒറ്റവരിയാണ്. ദേശീയ പാതകളുടെ കാര്യത്തിലും, ഏകദേശം 12 ശതമാനം റോഡുകൾക്ക് മാത്രമേ നാല് വരി ശേഷിയുള്ളൂ, ബാക്കിയുള്ള റോഡുകൾക്ക് രണ്ട് വരിയോ ഇടത്തരം പാതയോ മാത്രമേയുള്ളൂവെന്നും പഠന റിപോർട്ടിൽ പറയുന്നു.
നിലവിലുള്ള റോഡ് ശൃംഖലയുടെ നവീകരണം വലിയ തോതിൽ ആവശ്യമാണ്. ഗതാഗതക്കുരുക്കും കാലതാമസവും കുറയ്ക്കുക, ലക്ഷ്യ സ്ഥാനങ്ങളിലേക്ക് എത്താനുള്ള എളുപ്പം, അപകട സാധ്യതകൾ കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെ നിലവിലുള്ള റോഡ് ശൃംഖല ഗുണപരമായ പുരോഗതിക്ക് വിധേയമാക്കേണ്ടതുണ്ട്. ഭൂരിഭാഗം പിഡബ്ല്യുഡി റോഡുകളും റോഡ് സുരക്ഷാ സവിശേഷതകൾ ഉൾപ്പെടുത്തി വീതികൂട്ടി വൻതോതിൽ നവീകരിക്കേണ്ടതുണ്ടെന്നും റിപോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ഈ സാഹചര്യത്തിലാണ് കെ റയിലിന് മുൻഗണന നൽകി സർക്കാർ ഗ്രാമീണ മേഖലയെ കേരളത്തിന്റെ വികസന ഭൂപടത്തിൽ നിന്ന് പുറത്തുനിർത്തുന്നതെന്ന ചോദ്യം ബാക്കിയാണ്. അതേസമയം കെ-റെയിൽ സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹിക ആഘാത പഠനം പൂർത്തിയായാൽ 15 മാസത്തിനകം സ്ഥലമേറ്റെടുപ്പിലേക്ക് കടക്കാനാണ് സർക്കാർ ആലോചന.
സാമൂഹിക ആഘാത പഠനം റിപോർട്ട് കിട്ടിയാലുടൻ വിദഗ്ധ സമിതിയെ നിയോഗിച്ച് റിപോർട്ട് പഠന വിധേയമാക്കും. 84,000 കോടി രൂപക്ക് മുകളിലുള്ള പദ്ധതിക്കായി എഡിബിയടക്കമുള്ള വിദേശ ബാങ്കുകളിൽ നിന്ന് വായ്പ തരപ്പെടുത്താനുള്ള ചർച്ചകളും നടക്കുകയാണ്. മൂന്നു മാസത്തിനകം സാമൂഹിക ആഘാത പഠനം പൂർത്തിയാക്കി റിപോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദേശം.

