സിദ്ദീഖ് കാപ്പന്റെ ജുഡീഷ്യല്‍ കസ്റ്റഡി 90 ദിവസം കൂടി നീട്ടി

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍, കാംപസ് ഫ്രണ്ട് ദേശീയ ഖജാഞ്ചി അഥീഖുര്‍റഹ്മാന്‍, ജാമിഅ വിദ്യാര്‍ഥിയും കാംപസ് ഫ്രണ്ട് ഡല്‍ഹി സംസ്ഥാന സെക്രട്ടറി മസൂദ് അഹ്മദ്, ഡ്രൈവര്‍ ആലം എന്നിവരുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് നല്‍കിയ അപേക്ഷയിലാണ് നടപടി.

Update: 2021-01-05 12:25 GMT

ന്യൂഡല്‍ഹി: ദലിത് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ ഹാഥ്‌റസിലേക്ക് പോവുന്നതിനിടെ യുപി പോലിസ് അറസ്റ്റുചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ അടക്കം നാലുപേരുടെ ജുഡീഷ്യല്‍ കസ്റ്റഡി 90 ദിവസം കൂടി നീട്ടി. മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ഖജാഞ്ചിയും യുപി സ്വദേശിയുമായ അഥീഖുര്‍റഹ്മാന്‍, ജാമിഅ വിദ്യാര്‍ഥിയും കാംപസ് ഫ്രണ്ട് ഡല്‍ഹി സംസ്ഥാന സെക്രട്ടറി മസൂദ് അഹ്മദ്, ഡ്രൈവര്‍ ആലം എന്നിവരുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ഡെപ്യൂട്ടി എസ്പി ഗൗതം ബുദ്ധ നഗര്‍, രാകേഷ് പലിവാള്‍ എന്നിവര്‍ നല്‍കിയ അപേക്ഷയിലാണ് നടപടി.

പോപുലര്‍ ഫ്രണ്ടിന്റേയും മറ്റ് അനുബന്ധ സംഘടനകളുടെയും മിക്ക ഓഫീസുകളും കേരളത്തിലാണ് ഉള്ളതെന്നും കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും വിവരങ്ങള്‍ സ്ഥിരീകരിക്കുന്നതിന് പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആവശ്യമാണെന്നും എസ്ടിഎഫിന് വേണ്ടി പാലിവാള്‍ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറഞ്ഞു. റിമാന്റ് കാലാവധി 90 ദിവസത്തേക്ക് കൂടി നീട്ടാന്‍ ജില്ലാ സെഷന്‍സ് ജഡ്ജി അനില്‍ കുമാര്‍ പാണ്ഡെ അനുവദിച്ചതായി സര്‍ക്കാര്‍ അഭിഭാഷകന്‍ ശിവ് റാം സിംഗ് പറഞ്ഞു.

കേസില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന്  അഡ്വ. മധുബന്‍ ദത്ത് ചതുര്‍വേദി പറഞ്ഞു. 90 ദിവസത്തിന് ശേഷം സ്വാഭാവിക ജാമ്യം ലഭിക്കേണ്ടതാണെന്നും ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തീവ്രവാദപ്രവര്‍ത്തനത്തിന് ധനസഹായം നല്‍കുന്നുവെന്ന യുഎപിഎ നിയമത്തിലെ സെക്ഷന്‍ 17ാം വകുപ്പാണ് പ്രയോഗിച്ചിരിക്കുന്നത്. പിടിയിലായവര്‍ 'carrd.co' എന്ന പേരില്‍ വെബ്‌സൈറ്റ് നടത്തുന്നുണ്ടെന്നും കലാപത്തിന് പ്രേരിപ്പിക്കുന്നതിന് ഇതിന് സംഭാവന ലഭിക്കുന്നുണ്ടെന്നും എഫ്‌ഐആറില്‍ പോലിസ് ആരോപിക്കുന്നു. സംശയാസ്പദമായ ചിലര്‍ ഡല്‍ഹിയില്‍നിന്ന് ഹാഥ്‌റസിലേക്ക് പോവുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് പോലിസ് വിശദീകരിക്കുന്നത്.

മൊബൈല്‍ ഫോണുകള്‍, ഒരു ലാപ്‌ടോപ്പ്, ''ഞാന്‍ ഇന്ത്യയുടെ മകളല്ല''എന്ന ലഘുലേഖ ഉള്‍പ്പെടെ സംസ്ഥാനത്തെ ക്രമസമാധാനത്തെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന ചില രചനകള്‍ കണ്ടെടുത്തതായും പോപുലര്‍ ഫ്രണ്ട്, കാംപസ് ഫ്രണ്ടുമായും തങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് പിടിയിലായവര്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചതായും പോലിസ് പറയുന്നു. 

സിദ്ദീഖ് കാപ്പന്റേത് ഉള്‍പ്പെടെ മൊബൈല്‍ ഫോണുകളും ഒരു ലാപ്‌ടോപ്പും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിവരമറിഞ്ഞ് ഡല്‍ഹി ആസ്ഥാനമായുള്ള അഭിഭാഷകരും പത്രപ്രവര്‍ത്തക യൂനിയന്‍ അംഗങ്ങളും പോലിസിനെ ബന്ധപ്പെട്ടെങ്കിലും കൃത്യമായ വിവരങ്ങള്‍ നല്‍കിയിരുന്നില്ല. വാര്‍ത്താശേഖരണത്തിനു വേണ്ടി പോവുകയായിരുന്ന സിദ്ദീഖ് കാപ്പനെ എത്രയും വേഗം വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂനിയര്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു കത്തയച്ചിട്ടുണ്ട്. കൂടാതെ കെയുഡബ്ല്യുജെ പ്രധാനമന്ത്രിക്ക് കത്തയക്കുകയും സുപ്രിംകോടതിയില്‍ ഹരജി ഫയല്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Tags:    

Similar News