മാധ്യമപ്രവര്‍ത്തകന്റെ അപകടമരണം: ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെതിരേ കേസെടുത്തു

ഇദ്ദേഹത്തിന്റെ രക്തസാമ്പിള്‍ പരിശോധിച്ചിരുന്നില്ലെന്നത് വിവാദമായതോടെ, പോലിസ് രക്തസാമ്പിളും പരിശോധിച്ചു

Update: 2019-08-03 06:22 GMT

തിരുവനന്തപുരം: സിറാജ് ദിനപത്രം തിരുവനന്തപുരം യൂനിറ്റ് ചീഫ്‌ കെ എം ബഷീറി(35)ന്റെ മരണത്തിനിടയാക്കിയ അപകടസമയം കാറോടിച്ചത് സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസാണെന്നു സ്ഥിരീകരിച്ചതിനു പിന്നാലെ അദ്ദേഹത്തിനെതിരേ കേസെടുത്തു. നേരത്തേ, വാഹനത്തിലുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസാണ് വാഹനമോടിച്ചതെന്ന് ശ്രീറാമും വഫയും പറഞ്ഞതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ദൃക്‌സാക്ഷികളും സിസിടിവി ദൃശ്യങ്ങളും പുറത്താവുകയും കേസൊതുക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ഉയരുകയും ചെയ്തതോടെയാണ് പോലിസിന്റെ സ്ഥിരീകരണം. തൊട്ടുപിന്നാലെ തന്നെ ശ്രീറാം വെങ്കിട്ടരാമനെതിരേ പോലിസ് മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുക്കുകയും ചെയ്തിട്ടുണ്ട്. സ്ഥലം സന്ദര്‍ശിച്ച തിരുവനന്തപുരം സിറ്റി പോലിസസ് കമ്മിഷണര്‍ ഐജി സഞ്ജയ് കുമാര്‍ ഗുരുഡിനെയാണ് താന്‍ തന്നെയാണ് വാഹനമോടിച്ചതെന്ന് ശ്രീറാം അറിയിച്ചത്.

    


    അപകടസമയം മദ്യലഹരിയിലായിരുന്നു ശ്രീറാം എന്നു ദൃക്‌സാക്ഷികളും പോലിസ് ഉദ്യോഗസ്ഥരും സൂചിപ്പിച്ചിരുന്നു. എന്നാല്‍, കൈകള്‍ക്ക് പരിക്കേറ്റ ശ്രീറാമിനെ സമീപത്തെ ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ തേടിയ ശേഷം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തിരുന്നെങ്കിലും സ്വകാര്യ ആശുപത്രിയിലേക്കാണു പോയത്. ഇദ്ദേഹത്തിന്റെ രക്തസാമ്പിള്‍ പരിശോധിച്ചിരുന്നില്ലെന്നത് വിവാദമായതോടെ, പോലിസ് രക്തസാമ്പിളും പരിശോധിച്ചു. ജനറല്‍ ആശുപത്രിയില്‍ ശ്രീറാം വെങ്കിട്ടരാമനെ എത്തിച്ചപ്പോള്‍ മദ്യപിച്ചതിന്റെ മണം ഉണ്ടായിരുന്നുവെന്നും പോലിസ് ആവശ്യപ്പെടാത്തതിനാലാണ് രക്തപരിശോധന നടത്താതിരുന്നതെന്നും ഡോക്ടര്‍ വെളിപ്പെടുത്തിയിരുന്നു. ദേഹപരിശോധന നടത്തണമെന്നാണ് പോലിസ് ആവശ്യപ്പെട്ടതെന്നും അതു മാത്രമാണ് ചെയ്തതെന്നും മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നതായി റിപോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍ അടക്കമുള്ള ദൃക്‌സാക്ഷികള്‍ പറയുന്നത് അപകടസമയത്ത് ശ്രീരാം തന്നെയാണ് വാഹനം ഓടിച്ചിരുന്നത് എന്നാണ്. ഫോറന്‍സിക് പരിശോധന നടത്തുമെന്നും പോലിസ് അറിയിച്ചു.അന്വേഷണത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. വെള്ളിയാഴ്ച അര്‍ധരാത്രി 12.55ഓടെയാണ് അമിതവേഗതയിലെത്തിയ കാര്‍ ബൈക്കിലിടിച്ച് കെ എം ബഷീര്‍ മരണപ്പെട്ടത്.



Tags: