മാധ്യമപ്രവര്‍ത്തകന്‍ കാറിടിച്ച് മരിച്ച സംഭവം: ശ്രീറാം വെങ്കിട്ടരാമന് ജാമ്യം

തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശ്രീറാമിന് ജാമ്യം അനുവദിച്ചത്. സമൂഹത്തിന് മാതൃകയാവേണ്ട ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഇത്തരമൊരു കൃത്യംചെയ്തത് ഗുരുതരമായ തെറ്റാണെന്നും അദ്ദേഹത്തിന് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും കോടതി ഇക്കാര്യം പരിഗണിച്ചില്ല.

Update: 2019-08-06 10:54 GMT

തിരുവനന്തപുരം: മദ്യലഹരിയില്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ മരിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ്സിന് കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശ്രീറാമിന് ജാമ്യം അനുവദിച്ചത്. സമൂഹത്തിന് മാതൃകയാവേണ്ട ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഇത്തരമൊരു കൃത്യംചെയ്തത് ഗുരുതരമായ തെറ്റാണെന്നും അദ്ദേഹത്തിന് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും കോടതി ഇക്കാര്യം പരിഗണിച്ചില്ല.

അപകടം നടക്കുന്ന സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായി തെളിവില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദമാണ് ജാമ്യം ലഭിക്കുന്നതില്‍ നിര്‍ണായകമായത്. വാഹനാപകടത്തെക്കുറിച്ച് മ്യൂസിയം പോലിസ് തയ്യാറാക്കിയ കേസ് ഡയറിയും കോടതി വാദത്തിനിടെ പരിശോധിച്ചു. നേരത്തെ അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഭാഗങ്ങള്‍ പോലിസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. ശ്രീറാം വാഹനമോടച്ച സമയത്ത് മദ്യപിച്ചിരുന്നതായി ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. കൂടാതെ മ്യൂസിയം എസ്‌ഐയും ജനറല്‍ ആശുപത്രിയിലെ ഡോക്ടറും ശ്രീറാമിന് മദ്യത്തിന്റെ മണമുണ്ടായിരുന്നതായി വ്യക്തമാക്കിയിരുന്നു.

എന്നാല്‍, അപകടം നടന്നശേഷം ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യമുണ്ടോയെന്ന് കണ്ടെത്തുന്നതിനുള്ള പരിശോധന നടത്താന്‍ പോലിസ് തയ്യാറായില്ല. വ്യാപകമായ പ്രതിഷേധമുയര്‍ന്നതിനെത്തുടര്‍ന്നാണ് ഒമ്പതുമണിക്കൂറിനുശേഷം രക്തപരിശോധന നടത്തിയത്. എന്നാല്‍, പരിശോധനാഫലത്തില്‍ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. ഇതെത്തുടര്‍ന്ന് ശ്രീറാമിനെതിരേ ചുമത്തിയ ജാമ്യമില്ലാ കുറ്റം ദുര്‍ബലമാവുമെന്ന് ആശങ്ക ഉയര്‍ന്നിരുന്നു. കോടതിയില്‍ ജാമ്യാപേക്ഷ പരിഗണനയ്ക്കുവന്നപ്പോള്‍ പ്രതിഭാഗത്തിന് സഹായകരമായതും പോലിസിന്റെ ഈ നടപടിയാണ്. കേസിന്റെ തുടക്കം മുതല്‍ പോലിസും ഡോക്ടര്‍മാരും ഉദ്യോഗസ്ഥവൃദ്ധവും കേസ് അട്ടിമറിക്കുന്നതിനായി ശ്രമം നടത്തുന്നതായി വിമര്‍ശനമുയര്‍ന്നിരുന്നു. ശ്രീറാമിന് ജാമ്യം ലഭിച്ചതോടെ ആരോപണങ്ങള്‍ ശരിയാണെന്ന് വ്യക്തമായിരിക്കുകയാണ്. 

Tags:    

Similar News