സർക്കാരിന്റെ വീഴ്ച്ച; കാസർകോട് ജില്ലയിലും താളം തെറ്റി ആദിവാസികൾക്കുള്ള ജനനി ജന്മരക്ഷാ പദ്ധതി
സ്ത്രീ ഗർഭിണിയായി പ്രസവിച്ച് കുട്ടിക്ക് അഞ്ച് വയസ് പിന്നിടുമ്പോഴും തുക മുഴുവനായി ഗുണഭോക്താക്കളിലേക്ക് എത്തിയില്ലെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ഈ കാലതാമസം പദ്ധതി എന്തിന് വേണ്ടിയാണോ പ്രഖ്യാപിച്ചത്, അതിന്റെ ഒരു ഗുണവശവും വൈകിയെത്തുന്ന കുടിശ്ശിക കൊണ്ട് ആദിവാസികൾക്ക് ലഭിക്കില്ലെന്നതാണ് യാഥാർത്ഥ്യം.
അഭിലാഷ് പി
കോഴിക്കോട്: ആദിവാസി മേഖലകളിലേക്ക് സംസ്ഥാന സർക്കാർ ഫണ്ട് മാറ്റിവയ്ക്കാത്തത് കാരണം നിലച്ചുപോയതിന് സമാനമായ സാഹചര്യത്തിൽ നിരവധി പദ്ധതികൾ. ആദിവാസികളായ ഗർഭിണികൾക്ക് നൽകിവരുന്ന ജനനി ജന്മരക്ഷാ പദ്ധതി അവയിൽ ഒന്നുമാത്രമാണ്. കാസർകോട് ജില്ലാ പട്ടികവർഗ വികസന ഓഫീസ് 2022 മാർച്ച് വരെ ഈ പദ്ധതിക്കായി 5 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും മൂന്നിലൊരു ഭാഗം മാത്രമാണ് സർക്കാർ പാസാക്കിയിരിക്കുന്നത്.
ജനനി ജന്മരക്ഷാ പദ്ധതി പ്രകാരം ഗർഭിണിയായി മൂന്നാം മാസം മുതൽ കുട്ടി പ്രസവിച്ച് ഒരു വയസാകുന്നതുവരെ 18 മാസത്തേക്കാണ് മാസം 2000 രൂപ അനുവദിക്കുന്നത്. പോഷകാഹാരക്കുറവ് മൂലം ആദിവാസി മേഖലകളിൽ ശിശു മരണവും മാതൃ മരണവും തുടർക്കഥയായതിനെ തുടർന്നാണ് 2011 ൽ പദ്ധതി പ്രഖ്യാപിച്ചത്. കാസർകോട് ജില്ലയിൽ മാത്രം 2016 മുതൽ ഗർഭിണിയായവർക്കുള്ള കുടിശ്ശിക നിലവിൽ കൊടുത്തു തീർക്കാനുണ്ടെന്ന് ജില്ലാ ട്രൈബൽ വികസന ഓഫീസർ തേജസ് ന്യൂസിനോട് പറഞ്ഞു.
സ്ത്രീ ഗർഭിണിയായി പ്രസവിച്ച് കുട്ടിക്ക് അഞ്ച് വയസ് പിന്നിടുമ്പോഴും തുക മുഴുവനായി ഗുണഭോക്താക്കളിലേക്ക് എത്തിയില്ലെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ഈ കാലതാമസം പദ്ധതി എന്തിന് വേണ്ടിയാണോ പ്രഖ്യാപിച്ചത്, അതിന്റെ ഒരു ഗുണവശവും വൈകിയെത്തുന്ന കുടിശ്ശിക കൊണ്ട് ആദിവാസികൾക്ക് ലഭിക്കില്ലെന്നതാണ് യാഥാർത്ഥ്യം.
കാസർകോട് ജില്ലയിൽ ഈ ധനസഹായം 2022 മാർച്ച് വരെ നൽകുന്നതിനായി 5 കോടി രൂപ അനുവദിക്കണമെന്നാണ് കാസർകോട് ജില്ലാ പട്ടികവർഗ വികസന ഓഫീസ് സർക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാൽ 1 കോടി 75 ലക്ഷത്തി അമ്പതിനായിരം രൂപയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. 2016 മുതലുള്ള അപേക്ഷകർക്ക് വിവിധ ഘടുക്കൾ നൽകുന്നതിൽ കുടിശ്ശിക നിലവിലുണ്ട്. അത് കൊടുത്തു തീർക്കുന്നതിനാണ് മുൻഗണന നൽകുന്നത്. അതുകൊണ്ട് തന്നെ 2021ൽ അപേക്ഷിച്ചവരെ പരിഗണിക്കില്ലെന്ന് കാസർകോട് ട്രൈബൽ ഡവലപ്പ്മെന്റ് ഓഫിസർ എസ് സാജു തേജസ് ന്യൂസിനോട് പറഞ്ഞു.
അതായത് 2021 ൽ ഗർഭിണിയായ ആദിവാസികൾക്കുള്ള പോഷകാഹാരത്തിനുള്ള ധനസഹായത്തിന് ഇനിയും കാത്തിരിക്കണമെന്ന് സാരം. പദ്ധതി പ്രഖ്യാപിക്കപ്പെട്ടതിന് യാതൊരു ഫലവും ലഭിക്കില്ലെന്നത് കാസർകോട് ജില്ലയുടെ അവസ്ഥയിൽ നിന്ന് തന്നെ മനസിലാക്കാൻ സാധിക്കും. കാസർകോട് ജില്ലയിൽ അരിപ്പ കേന്ദ്രമാക്കി 2021 മാർച്ച് മുതൽ പുതിയൊരു പട്ടികവർഗ വികസന ഓഫീസും പ്രവർത്തിച്ചുവരുന്നുണ്ട്. ഈ മേഖലയിലെ 7 പഞ്ചായത്തുകളാണ് ഈ ഓഫീസിന് കീഴിൽ വരുന്നത്.
2019 മുതലുള്ള അപേക്ഷകളിൻമേലുള്ള കുടിശ്ശിക ഈ മേഖലയിൽ കൊടുത്തു തീർക്കാനുണ്ടെന്ന് അരിപ്പ ട്രൈബൽ ഡവലപ്പ്മെന്റ് ഓഫിസർ തേജസിനോട് പറഞ്ഞു. 389 അപേക്ഷ ഈ മേഖലയിലുള്ളതും 121 അപേക്ഷ കാസർകോട് ട്രൈബൽ ഡവലപ്പ്മെന്റ് ഓഫിസിൽ നിന്ന് പിന്നീട് ഇവിടേക്ക് കൈമാറിയതുമടക്കം 510 ഗുണഭോക്താക്കൾക്ക് കുടിശ്ശിക നൽകാനുണ്ട്. ഇതിനായി അമ്പത് ലക്ഷമാണ് കഴിഞ്ഞ ദിവസം പാസായതെന്ന് ട്രൈബൽ ഡവലപ്പ്മെന്റ് ഓഫിസർ ശശി കൂട്ടിച്ചേർത്തു.
510 പേർക്ക് (അരിപ്പ) ഈ ധനസഹായം എത്തിക്കണമെങ്കിൽ 1.83 കോടി രൂപയോളം തുക വേണ്ടതാണ് എന്നാൽ 50 ലക്ഷം രൂപ മാത്രമാണ് പാസായിരിക്കുന്നത്. അതായത് കുടിശ്ശിക കൊടുത്തു തീർക്കാൻ വേണ്ട തുക പോലും സർക്കാരിൽ നിന്ന് ലഭിച്ചിട്ടില്ല. അപ്പോഴും പുതിയ അപേക്ഷകർ മുൻഗണനയ്ക്ക് പുറത്തായിരിക്കുമെന്നതിൽ തർക്കകമുണ്ടാകില്ല.
മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ഈ പദ്ധതിക്കായുള്ള തുക, അട്ടപ്പാടിയിലെ ശിശുമരണം തുടർക്കഥയായതിന് പിന്നാലെയാണ് സർക്കാർ തിടുക്കത്തിൽ കൈമാറിയിരിക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്. ഫണ്ട് ആവശ്യം സർക്കാരിനെ കൃത്യമായി അറിയിക്കുന്നുണ്ടെങ്കിലും അനുകൂല സമീപനമല്ല ഉണ്ടാകുന്നില്ലെന്നാണ് ഉദ്യോഗസ്ഥരുടെ ആക്ഷേപം.

