ജനമഹാ സമ്മേളനം: ഇടത്-വലത് പ്രൊഫൈലുകൾ പ്രചരിപ്പിക്കുന്നത് ജനം ടിവി എഡിറ്റ് ചെയ്ത വീഡിയോ

"ഹിന്ദുക്കളും ക്രിസ്ത്യാനികളും അരിയും മലരും കുന്തിരിക്കവും വാങ്ങിവെക്കണം, മര്യാദക്ക് ജീവിക്കണം; കുട്ടിയെക്കൊണ്ട് കൊലവിളി മുഴക്കി പോപുലർ ഫ്രണ്ട്; കേസെടുക്കണമെന്ന ആവശ്യം ശക്തം" എന്നായിരുന്നു വാർത്തയുടെ തലക്കെട്ട്.

Update: 2022-05-23 16:22 GMT

അഭിലാഷ് പി

കോഴിക്കോട്: പോപുലർ ഫ്രണ്ടിന്റെ ജനമഹാ സമ്മേളനത്തിനോട് അനുബന്ധിച്ച് നടന്ന ബഹുജന റാലിയിലെ മുദ്രാവാക്യം ഇടത്-വലത് പ്രൊഫൈലുകൾ പ്രചരിപ്പിക്കുന്നത് ജനം ടിവിയുടെ എഡിറ്റഡ് വീഡിയോ. ഇന്നലെ വൈകീട്ടോടെയാണ് ജനം ടിവി ഇപ്പോൾ ചർച്ചയായിരിക്കുന്ന മുദ്രാവാക്യം വിളിയുടെ വീഡിയോ വാർത്തയായി പ്രസിദ്ധീകരിച്ചത്. മുദ്രാവാക്യത്തിലെ ആർഎസ്എസ് പ്രയോ​ഗം വെട്ടിമാറ്റിയാണ് ജനം ടിവി വാർത്ത പുറത്തുവിട്ടത്.


ഞായറാഴ്ച്ച വൈകീട്ട് ആറരയോടെയാണ് ജനം ടിവി പോപുലർ ഫ്രണ്ടിന്റെ കൊലവിളി മുദ്രാവാക്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ എന്ന തലക്കെട്ടോടുകൂടിയാണ് വാർത്ത പ്രസിദ്ധീകരിച്ചത്. സമ്മേളനത്തിൽ പങ്കെടുത്ത കുട്ടി വിളിച്ച മുദ്രാവാക്യത്തിൽ നിന്ന് ആർഎസ്എസ് എന്ന പ്രയോ​ഗം എഡിറ്റ് ചെയ്താണ് വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ ഇടത് പ്രൊഫൈലുകൾ ജനം ടിവിയുടെ വ്യാഖ്യാനം വച്ചുകൊണ്ട് വ്യാപകമായി ഷെയർ ചെയ്യുകയായിരുന്നു.


വീഡിയോ വൈറലായതിന് പിന്നാലെ ജനം ടിവി വിദ്വേഷ പ്രചാരണം ഒന്നുകൂടെ കടുപ്പിക്കുകയും ചെയ്തു. ഞായറാഴ്ച്ച ഏഴരയോടെ ജനം ഓൺലൈനിൽ വന്ന വാർത്താ തലക്കെട്ട് തിങ്കളാഴ്ച്ച രാവിലെയോടെ സിപിഎം-ഇടത് പ്രൊഫൈലുകൾ അതേ തലക്കെട്ടോടെ വ്യാപകമായി ഷെയർ ചെയ്തു. "ഹിന്ദുക്കളും ക്രിസ്ത്യാനികളും അരിയും മലരും കുന്തിരിക്കവും വാങ്ങിവെക്കണം, മര്യാദക്ക് ജീവിക്കണം; കുട്ടിയെക്കൊണ്ട് കൊലവിളി മുഴക്കി പോപുലർ ഫ്രണ്ട്; കേസെടുക്കണമെന്ന ആവശ്യം ശക്തം" എന്നായിരുന്നു വാർത്തയുടെ തലക്കെട്ട്.


സിപിഎം നിയന്ത്രണത്തിലുള്ള ഫേസ്ബുക്ക് പേജായ റെഡ് ആർമിയും ആർഎസ്എസ് എന്നുള്ള ഭാ​ഗം ഒഴിവാക്കിക്കൊണ്ട് പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് സംഭവം വിവാദമായത്. നേരത്തെ പി ജെ ആർമി എന്ന പേരിലുണ്ടായിരുന്ന പേജാണ് ഇപ്പോൾ റെഡ് ആർമി എന്ന പേരിൽ നിലകൊള്ളുന്നത്. പി സി ജോർജ് വിഷയം ബോധപൂർവം സാമൂഹിക മാധ്യമങ്ങളിൽ നിന്ന് മറ്റി നിർത്താൻ വേണ്ടിയാണോ ജനം ടി വിയുടെ നുണപ്രചാരണം ഏറ്റെടുത്തതെന്ന കാര്യം സംശയാസ്പദമാണ്.


കോൺ​ഗ്രസ് നേതാക്കളും ഇതേ വാദവുമായി രം​ഗത്തുവന്നിട്ടുണ്ട്. വിഡി സതീശൻ, ശശി തരൂർ, വി ടി ബലറാം, ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയ നേതാക്കളാണ് ജനം ടിവി ഭാഷ്യവുമായി രം​ഗത്തുവന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ കാസ പോലുള്ള സംഘപരിവാര അനുകൂല ക്രിസ്ത്യൻ വോട്ട് ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നത് ശ്രദ്ധേയമാണ്.

തുടങ്ങാനിരിക്കുന്ന ഇന്ത്യൻ ന്യൂസ് ചാനലിന്റെ എഡിറ്ററും ക്രിസംഘിയുമായ ജിജി നിക്സൺ ആണ് വിഷയത്തിൽ പോലിസിൽ പരാതി നൽകിയത്. എൻഡിഎ ഘടകകക്ഷിയായ എൽജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ജയകുമാർ നെടുമ്പേറത്ത് പരാതി നൽകാൻ അവരെ അനു​ഗമിച്ചെന്ന് അവരുടെ തന്നെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്. ജിജി നിക്സൺ നൽകിയ പരാതിയും ജനം ടിവിയുടെ അതേ വ്യാഖ്യാനത്തിലായിരുന്നു. പോലിസ് കേസെടുത്തിരിക്കുന്ന പരാതി ആലപ്പുഴയിൽ നൽകിയത് ബിജെപിയായിരുന്നു. 

Similar News