നേതാക്കള്‍ വീട്ടുതടങ്കലില്‍; കശ്മീരില്‍ വനിതകളുടെ പ്രതിഷേധം

ഫാറൂഖ് അബ്ദുല്ലയുടെ സഹോദരിയും മകളും കസ്റ്റഡിയില്‍

Update: 2019-10-15 09:09 GMT

ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ പ്രത്യേകാവകാശ പദവി റദ്ദാക്കിയതിനെ തുടര്‍ന്ന് രാഷ്ട്രീയനേതാക്കളെ ഉള്‍പ്പെട തടങ്കലിലാക്കിയതിനെതിരേ തെരുവില്‍ പ്രതിഷേധിച്ച വനിതാ പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്തു. മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയുടെ സഹോദരിയും മകളും ഉള്‍പ്പെടെ ഒരു ഡസനോളം വനിതകളെയാണ് കസ്റ്റഡിയിലെടുത്തത്. ഫാറൂഖ് അബ്ദുല്ലയുടെ സഹോദരി സുരയ്യ അബ്ദുല്ല, മകള്‍ സഫിയ അബ്ദുല്ല, ജമ്മു കശ്മീര്‍ മുന്‍ ചീഫ് ജസ്റ്റിസ് ബഷീര്‍ അഹ്മദ് ഖാന്‍ തുടങ്ങിയവരുടെ നേതൃതത്വത്തില്‍ പ്രമുഖ വനിതാ പ്രവര്‍ത്തകരും അക്കാദമിസ്റ്റുകളും ഉള്‍പ്പെടെയുള്ളവരാണ് പ്രതിഷേധവുമായെത്തിയത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ആഗസ്ത് അഞ്ചുമുതല്‍ ഞങ്ങള്‍ വീടുകള്‍ക്കുള്ളില്‍ അടച്ചിടപ്പെട്ടിരിക്കുകയാണെന്നു സുരയ്യ അബ്ദുല്ല പറഞ്ഞു.

    


    ശ്രീനഗറിലെ ലാല്‍ ചൗക്കിനു സമീപത്തെ പ്രതാപ് പാര്‍ക്കില്‍ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുക, തടങ്കലില്‍ വച്ചവരെ വിട്ടയക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളടങ്ങിയ പ്ലക്കാര്‍ഡുകളുമേന്തി പ്രതിഷേധിക്കാനെത്തിയപ്പോള്‍ പോലിസെത്തി ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കശ്മീരില്‍ പോസ്റ്റ്‌പെയ്ഡ് മൊബൈല്‍ സര്‍വീസുകള്‍ തിങ്കളാഴ്ച പുനസ്ഥാപിച്ചതിന്റെ പിറ്റേന്നാണ് ഒരു സംഘം സ്ത്രീകള്‍ സമാധാനപരമായ പ്രതിഷേധത്തിനായി ഒത്തുകൂടിയത്. കശ്മീരില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണുകള്‍ക്ക് പൂര്‍ണനിയന്ത്രണം ഏര്‍പ്പെടുത്തി 72 ദിവസത്തിനു ശേഷമാണ് പോസ്റ്റ്‌പെയ്ഡ് മൊബൈല്‍ സേവനം പുനസ്ഥാപിക്കുന്നത്. കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുകളഞ്ഞതിനു ശേഷം മുന്‍ മുഖ്യമന്ത്രിമാരും രാഷ്ട്രീയ പ്രമുഖരും ഉള്‍പ്പെടെ ആയിരക്കണക്കിനു പേരാണ് വീട്ടുതടങ്കലിലും മറ്റുമായി കഴിയുന്നത്. ഇതിനിടെ, ഫാറൂഖ് അബ്ദുല്ലയ്‌ക്കെതിരേ ആറുമാസം വിചാരണയില്ലാതെ തടങ്കലില്‍ വയ്ക്കാവുന്ന പൊതുസുരക്ഷാ നിയമം ചുമത്തിയും കേസെടുത്തിരുന്നു.






Tags:    

Similar News