ജാമിഅ നഗറില്‍ പ്രതിഷേധം കത്തുന്നു; മൂന്നു ബസ്സുകള്‍ അഗ്നിക്കിരയായി, പോലിസ് ലാത്തിച്ചാര്‍ജ് നടത്തി

ജാമിഅ മില്ലിയ ഇസ്‌ലാമിയ വിദ്യാര്‍ഥികളും പ്രദേശവാസികളും ഡല്‍ഹിയിലെ ജാമിഅ നഗറില്‍ നടത്തിയ പ്രതിഷേധമാണ് അക്രമാസക്തമായത്‌

Update: 2019-12-15 12:04 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പടര്‍ന്നു പിടിച്ച രക്തരൂക്ഷിത പ്രക്ഷോഭം ഡല്‍ഹിയിലേക്കും വ്യാപിക്കുന്നു. ജാമിഅ മില്ലിയ ഇസ്‌ലാമിയ വിദ്യാര്‍ഥികളും പ്രദേശവാസികളും ഡല്‍ഹിയിലെ ജാമിഅ നഗറില്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി.

പ്രതിഷേധ റാലിയെതുടര്‍ന്ന് ഒക്ല അണ്ടര്‍പാസില്‍നിന്നു സരിതാ വിഹാറിലേക്കുള്ള വാഹന ഗതാഗതം തടഞ്ഞതായി ഡല്‍ഹി ട്രാഫിക് പോലിസ് അറിയിച്ചു. ന്യൂ ഫ്രന്റ്‌സ് കോളനിക്ക് എതിരേയുള്ള മഥുര റോഡ് പ്രക്ഷോഭകര്‍ തടസ്സപ്പെടുത്തിയതായും ട്രാഫിക് പോലിസ് അറിയിച്ചു. പോലിസ് നടത്തിയ ലാത്തിച്ചാര്‍ജിനെതുടര്‍ന്ന് പ്രകോപിതരായ പ്രക്ഷോഭകര്‍ മൂന്നു ബസ്സുകള്‍ കത്തിച്ചു. ആയിരങ്ങളാണ് പ്രക്ഷോഭ പരിപാടികളില്‍ പങ്കെടുക്കുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണമുണ്ടായി. മീഡിയ വണ്‍ കാമറാമാനു നേരെ കല്ലേറ് ഉണ്ടായി.

റോഡ് ഉപരോധത്തെത്തുടര്‍ന്ന് ബദര്‍പൂര്‍, ആശ്രമം ചൗക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള ഗതാഗതം ബദല്‍ റൂട്ടുകളിലേക്ക് തിരിച്ചുവിട്ടു. വിവാദ നിമയ ഭേദഗതിക്കെതിരേ പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ച് പോലിസ് തടഞ്ഞതോടെ വിദ്യാര്‍ത്ഥികളും പോലിസും തമ്മില്‍ ഏറ്റുമുട്ടിയതിനെതുടര്‍ന്ന് വെള്ളിയാഴ്ച ജാമിഅ സര്‍വകലാശാല വെള്ളിയാഴ്ച യുദ്ധക്കളമായി മാറിയിരുന്നു.


Tags:    

Similar News