ഭക്ഷണം ലഭിക്കാന്‍ ജയ് ശ്രീരാം ചൊല്ലണം: ജയില്‍ പീഡനത്തിനെതിരെ സിമി തടവുകാര്‍ വീണ്ടും നിരാഹാര സമരത്തില്‍

പരിശോധനയുടെ പേരില്‍ മുറിയിലെത്തുന്ന പോലിസ് വിശുദ്ധ ഖുര്‍ആനെ അപമാനിക്കുന്നതായും തടവുകാര്‍ പറയുന്നു. .

Update: 2021-02-20 05:27 GMT

ഭോപ്പാല്‍: നിരോധിക്കപ്പെട്ട സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) യില്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ പേരില്‍ അറസ്റ്റിലായവരോട് ജയില്‍ അധികൃതര്‍ തുടരുന്നത് കടുത്ത ക്രൂരത. 10 വര്‍ഷത്തിലേറെയായി ഭോപാല്‍ സെന്‍ട്രല്‍ ജയിലില്‍ തുടരുന്ന 31 സിമി തടവുകാരാണ് ശരിയായ ഭക്ഷണമോ ഉറങ്ങാനുള്ള സാഹചര്യമോ ലഭിക്കാതെ ദുരിതം അനുഭവിക്കുന്നത്. തടവുകാര്‍ കത്തിലൂടെയാണ് ജയിലധികൃരുടെ വംശീയ വിദ്വേഷം സംബന്ധിച്ച കാര്യങ്ങള്‍ പുറംലോകത്തെ അറിയിച്ചത്.


ജയിലധികൃതരുടെ ക്രൂരമായ സമീപനത്തില്‍ പ്രതിഷേധിച്ച് തടവുകാരായ ഡോ. അബു ഫൈസല്‍, കമറുദ്ദീന്‍, കമ്രാന്‍, പി എ ശാദുലി പിഎ, ഷിബിലി എന്നിവര്‍ ഒരു മാസമായി നിരാഹാര സമരത്തിലാണ്. തടവുകാരെ ജയില്‍ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിക്കുകയാണെന്ന് എന്‍എച്ച്ആര്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. നിരവധി തടവുകാര്‍ക്ക് പരിക്ക് അടയാളങ്ങളുണ്ടായിരുന്നുവെന്നും എന്‍എച്ച്ആര്‍സി റിപോര്‍ട്ട് പറയുന്നു.


ഭക്ഷണം ലഭിക്കണമെങ്കില്‍ ജയില്‍ അധികൃതര്‍ സിമി തടവുകാരെ കൊണ്ട് ഓരോ പ്രാവശ്യവും ജയ് ശ്രീരാം വിളിപ്പിക്കുകയാണ്. ഇത് ചെയ്യാത്തവര്‍ക്ക് ഭക്ഷണം നല്‍കുന്നില്ല. ഏകാന്തതടവില്‍ കഴിയുന്ന ഇവരോട് പോലീസുകാര്‍ കാര്യങ്ങള്‍ ചോദിക്കാന്‍ എന്ന പേരില്‍ എത്തുന്നത് രാത്രി ഉറങ്ങുമ്പോള്‍ മാത്രമാണ്. ഇതു തന്നെ മണിക്കൂറുകള്‍ ഇടവിട്ട് എത്തുകയും ചെയ്യും. പരിശോധനയുടെ പേരില്‍ മുറിയിലെത്തുന്ന പോലിസ് വിശുദ്ധ ഖുര്‍ആനെ അപമാനിക്കുന്നതായും തടവുകാര്‍ പറയുന്നു. .


ഭീഷണിപ്പെടുത്തല്‍, തുടര്‍ച്ചയായി 23 മണിക്കൂര്‍ ഏകാന്തതടവില്‍ പാര്‍പ്പിക്കുക, ചികിത്സ നല്‍കാതിരിക്കുക, മരുന്ന് നിഷേധിക്കുക, രാത്രി മുഴുവന്‍ രണ്ട് മണിക്കൂര്‍ കഴിഞ്ഞ് ഉണര്‍ത്തുക, വീട്ടിലേക്ക് കത്തയക്കാന്‍ അുവദിക്കാതിരിക്കുക, സന്ദര്‍ശകര്‍ക്ക് കുറഞ്ഞ സമയം നല്‍കുകയും, കാണാനെത്തുന്നരെ അപമാനിക്കുകയും ചെയ്യുക തുടങ്ങി എല്ലാ വിധത്തിലുമുള്ള മനുഷ്യത്വ രഹിതമായ കാര്യങ്ങളാണ് സിമി തടവുകാരോട് ചെയ്യുന്നത്. ജയില്‍ ഉദ്യോഗസ്ഥര്‍ തങ്ങളെ അടിമയെപ്പോലെയാണ് പരിഗണിക്കുന്നതെന്നും തടവുകാര്‍ പറയുന്നു.





Tags: