ജാദവ്പൂര്‍ സര്‍വകലാശാല സംഘര്‍ഷം: മുഖ്യപ്രതി കേന്ദ്രമന്ത്രിയെന്ന് വിദ്യാര്‍ഥികള്‍

കാംപസിലുണ്ടായ ബഹളത്തിനിടെ പെണ്‍കുട്ടിയോട് മുറിയിലെത്തിയാല്‍ താന്‍ ആരാണെന്ന് തെളിയിച്ചുതരാമെന്ന് കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ പറഞ്ഞതായി വിദ്യാര്‍ഥിനി ആരോപിച്ചിരുന്നു. മാത്രമല്ല, ബാബുല്‍ സുപ്രിയോ ഒരു വിദ്യാര്‍ഥിയെ ഷര്‍ട്ടില്‍പിടിച്ച് ആക്രമിക്കാന്‍ ശ്രമിക്കുന്ന ചിത്രം പ്രസിദ്ധീകരിച്ച ദി ടെലിഗ്രാഫ് ദിനപത്രത്തിന്റെ എഡിറ്ററെ കേന്ദ്രമന്ത്രി തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി പത്രം റിപോര്‍ട്ട് ചെയ്തിരുന്നു.

Update: 2019-09-23 06:12 GMT

കൊല്‍ക്കത്ത: ജാദവ്പൂര്‍ സര്‍വകലാശാലയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ബാബുല്‍ സുപ്രിയോക്കെതിരേ വിദ്യാര്‍ഥികള്‍ പോലിസില്‍ പരാതി നല്‍കി. ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയായ ആര്‍ട്‌സ് ഫാക്കല്‍റ്റി സ്റ്റുഡന്റ്‌സ് യൂനിയനാ(എഎഫ്എസ് യു)ണ് പരാതി നല്‍കിയത്. നേരത്തേ എബിവിപി പ്രവര്‍ത്തകരായ അഞ്ചുപേര്‍ക്കെതിരേയും പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ ആക്രമിക്കുകയും സര്‍വകലാശാലയുടെ പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തതിനു പരാതി നല്‍കിയിരുന്നു. കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ ആണ് സംഘര്‍ഷത്തിലെ മുഖ്യപ്രതിയെന്ന് പേരെടുത്തു പറഞ്ഞാണ് ശനിയാഴ്ച പരാതി നല്‍കിയത്. പരാതി ലഭിച്ചതായി ജാദവ്പൂര്‍ പോലിസ് സ്ഥിരീകരിച്ചു.     വ്യാഴാഴ്ച എബിവിപി ജാദവ്പൂര്‍ സര്‍വകലാശാല കാംപസില്‍ നടത്തിയ പരിപാടിക്കെത്തിയപ്പോള്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയും അംഗരക്ഷകരും മോശമായി പെരുമാറുകയായിരുന്നു. എബിവിപി പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടാക്കുകയും കാംപസിലെ മുതലുകള്‍ കത്തിക്കുകയും ആസിഡ് ബള്‍ബ് എറിയുകയും ചെയ്തു. ടയറുകള്‍ കത്തിക്കുകയും വിദ്യാര്‍ഥികളെ കല്ലെറിയുകയും വടിയും മറ്റു ഉപയോഗിച്ച് മര്‍ദ്ദിക്കുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നുണ്ട്. നേരത്തേ, കാംപസിലുണ്ടായ ബഹളത്തിനിടെ പെണ്‍കുട്ടിയോട് മുറിയിലെത്തിയാല്‍ താന്‍ ആരാണെന്ന് തെളിയിച്ചുതരാമെന്ന് കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ പറഞ്ഞതായി വിദ്യാര്‍ഥിനി ആരോപിച്ചിരുന്നു. മാത്രമല്ല, ബാബുല്‍ സുപ്രിയോ ഒരു വിദ്യാര്‍ഥിയെ ഷര്‍ട്ടില്‍പിടിച്ച് ആക്രമിക്കാന്‍ ശ്രമിക്കുന്ന ചിത്രം പ്രസിദ്ധീകരിച്ച ദി ടെലിഗ്രാഫ് ദിനപത്രത്തിന്റെ എഡിറ്ററെ കേന്ദ്രമന്ത്രി തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി പത്രം റിപോര്‍ട്ട് ചെയ്തിരുന്നു.


Tags: