ചരിത്രം തിരുത്തല്‍ യജ്ഞവുമായി വീണ്ടും സംഘപരിവാരം; ഐഎസ്ആര്‍ഒയില്‍ നിന്ന് നെഹ്‌റുവിനെ വെട്ടാന്‍ ശ്രമം

ഐഎസ്ആര്‍ഒ സ്ഥാപിച്ചത് മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ആണെന്ന് വ്യക്തമാക്കുന്ന ഓണ്‍ലൈന്‍ ചരിത്ര രേഖകളും വിക്കിപീഡിയ പേജുകളുമാണ് വ്യാപകമായി തിരുത്തിയത്.

Update: 2019-03-29 13:20 GMT

ന്യൂഡല്‍ഹി: പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ചരിത്രം തിരുത്താനുള്ള ആസൂത്രിത നീക്കവുമായി സംഘപരിവാരം. ഐഎസ്ആര്‍ഒ സ്ഥാപിച്ചത് മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ആണെന്ന് വ്യക്തമാക്കുന്ന ഓണ്‍ലൈന്‍ ചരിത്ര രേഖകളും വിക്കിപീഡിയ പേജുകളുമാണ് വ്യാപകമായി തിരുത്തിയത്.

ഇന്ത്യയുടെ ഉപഗ്രഹ വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചുവെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടതിനു പിന്നാലെയാണ് തിരുത്തലുകള്‍ തകൃതിയായത്.


പ്രധാനമന്ത്രിയുടെ അവകാശവാദത്തിനു പിന്നാലെ ഐഎസ്ആര്‍ഒ സ്ഥാപിച്ച നെഹ്‌റുവിനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ട് വന്നിരുന്നു. ഇതോടെയാണ് ഐഎസ്ആര്‍ഒയുമായുള്ള നെഹ്‌റുവിന്റെ ബന്ധം മറച്ചുവെക്കാന്‍ ശ്രമം ആരംഭിച്ചത്.നെഹ്‌റുവിന്റെ പേര് ഒഴിവാക്കാന്‍ ഐഎസ്ആര്‍ഒയുടെ വിക്കിപീഡിയ പേജില്‍ രണ്ടു ദിവസങ്ങളിലായി 80 ഓളം എഡിറ്റുങുകളാണ് നടന്നതെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തു വന്നു. പ്രഥമ പ്രധാനമന്ത്രിയായ നെഹ്‌റുവിന്റെ പേര് ഐഎസ്ആര്‍ഒയുടെ പേജില്‍ നിന്ന് നീക്കം ചെയ്യാന്‍ സംഘടിത ശ്രമമാണ് ഉണ്ടായത്. എന്നാല്‍ വീണ്ടും പഴയ രീതിയിലേക്ക് മാറ്റാനും ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്.

ഐഎസ്ആര്‍ഒയുടെ നേട്ടങ്ങളെ എല്ലാം ബിജെപി രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഐഎസ്ആര്‍ഒയ്ക്ക് തുടക്കമിട്ട നെഹ്‌റുവിനെ മോദി മറക്കരുതെന്നും ചില കോണ്‍ഗ്രസുകാര്‍ സോഷ്യല്‍ മീഡിയയിലൂടെ ഓര്‍മ്മപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഐഎസ്ആര്‍ഒ പേജില്‍ നിന്നു നെഹ്‌റുവിനെ ഒഴിവാക്കാന്‍ നീക്കം നടക്കുന്നത്.

1969 ഓഗസ്റ്റ് 15ന് ബംഗളുരൂ ആസ്ഥാനമായാണ് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന് (ഐഎസ്ആര്‍ഒ) രൂപീകരിച്ചത്. വിക്രം സാരാഭായിയായിരുന്നു ആദ്യ ഡയറക്ടര്‍.

Tags: