വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ ആക്രമണം; ഫലസ്തീന്‍ ബാലന്‍ കൊല്ലപ്പെട്ടു

Update: 2023-01-17 06:30 GMT

റാമല്ല: അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് ഫലസ്തീന്‍ ബാലന്‍ കൊല്ലപ്പെട്ടു. പതിനാലുകാരനായ ഉമര്‍ ഖാലിദ് ലുത്ഫി ഖുമോര്‍ ആണു കൊല്ലപ്പെട്ടത്. ബെത്‌ലഹേമില്‍ ദെയ്‌ഷെ അഭയാര്‍ഥി ക്യാഥില്‍ തിങ്കളാഴ്ച പുലര്‍ച്ചയായിരുന്നു സംഭവം. ഇസ്രായേല്‍ റെയ്ഡിനിടെ തലയ്ക്ക് വെടിയേറ്റാണ് ബാലന്‍ കൊല്ലപ്പെട്ടതെന്ന് ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ദെയ്‌ഷെയില്‍ ഈ മാസം കൊല്ലപ്പെടുന്ന നാലാമത്തെ ആണ്‍കുട്ടിയാണ് ഉമര്‍ ഖാലിദ്.

തിങ്കളാഴ്ച പുലര്‍ച്ചെ ഇസ്രായേല്‍ സൈന്യം ക്യാംപ് റെയ്ഡ് ചെയ്യുകയും ആളുകളെ അറസ്റ്റുചെയ്യുകയും ചെയ്തു. ഈ സമയത്ത് ഫലസ്തീനികള്‍ക്ക് നേരേ വെടിവയ്പ്പ് നടത്തുകയായിരുന്നു. അതേസമയം, ഫലസ്തീനികള്‍ ആക്രമണം നടത്തിയതിനാലാണ് തങ്ങള്‍ വെടിവച്ചതെന്നാണ് ഇസ്രായേലിന്റെ വാദം. ഫലസ്തീന്‍ വിദ്യാഭ്യാസ മന്ത്രാലയം കൊലപാതകത്തെ അപലപിച്ചു. ക്യാംപിലെ ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥി ഏജന്‍സി സ്‌കൂളിലെ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിയാണെന്ന് മന്ത്രാലയം പറഞ്ഞു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈന്യം ദിവസേന റെയ്ഡുകള്‍ തുടരുന്നതിനാല്‍ ഈ വര്‍ഷം 14 ഫലസ്തീനികളെയാണ് കൊലപ്പെടുത്തിയത്.

Tags: