സ്വര്‍ണക്കടത്തുകാര്‍ തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിന്റേത് കൊലപാതകം; നേതൃത്വം നൽകിയത് പിണറായി സ്വദേശിയെന്ന് കുടുംബം

ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍, പോലിസ് കൊലപാതകത്തിനും കേസ് രജിസ്റ്റര്‍ ചെയ്തു.

Update: 2022-08-05 09:42 GMT

കോഴിക്കോട്: സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര സ്വദേശി ഇര്‍ഷാദിന്റെ (26) മരണം സ്ഥിരീകരിച്ചു. കഴിഞ്ഞ ജൂലൈ 17-ന് നന്തിയിലെ കോടിക്കല്‍ കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം ഇര്‍ഷാദിന്റേതാണെന്ന് ഡിഎന്‍എ പരിശോധനയില്‍ വ്യക്തമായി.

ഇതോടെയാണ് ഇർഷാദിന്റെ മരണം പോലിസ് സ്ഥിരീകരിച്ചത്. കടപ്പുറത്ത് കണ്ടെത്തിയത് മേപ്പയ്യൂര്‍ സ്വദേശി ദീപകിന്റെ മൃതദേഹമാണെന്ന് കരുതി സംസ്‌കരിച്ചിരുന്നു. എന്നാൽ ചില ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതോടെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കി.

എന്നാൽ മൃതദേഹം ദീപക്കിന്റേത് അല്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് ഇര്‍ഷാദിന്റെ രക്ഷിതാക്കളെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയരാക്കുന്നത്. ഇതോടെ ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍, പോലിസ് കൊലപാതകത്തിനും കേസ് രജിസ്റ്റര്‍ ചെയ്തു.

ജൂലൈ 16-ന് രാത്രി കോഴിക്കോട്-അത്തോളി റൂട്ടിലെ പുറക്കാട്ടിരി പാലത്തില്‍വെച്ച് ചുവന്ന കാറില്‍ നിന്നും ഇറങ്ങിയ യുവാവ് പുഴയിലേക്ക് ചാടിയെന്ന നാട്ടുകാരുടെ വെളിപ്പെടുത്തലാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്. യുവാവ് പുഴയില്‍ ചാടിയതോടെ തട്ടിക്കൊണ്ടുപോയവര്‍ കാറുമായി രക്ഷപ്പെട്ടതും സംശയങ്ങള്‍ക്കിടയാക്കി.

പിറ്റേ ദിവസമാണ് നന്തി കോടിക്കല്‍ കടപ്പുറത്ത് മൃതദേഹം കണ്ടെത്തുന്നത്. ജൂലൈ 28നാണ് മകന്‍ ഇര്‍ഷാദിനെ കാണാനില്ലെന്ന് ഉമ്മ നബീസ പെരുവണ്ണാമൂഴി പോലിസില്‍ പരാതി നൽകിയത്. ഇർഷാദിനെ കൊന്നതാണെന്നും അവന് നന്നായി നീന്താൻ അറിയാമെന്നും കുടുംബാം​ഗങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.

ദീപക്കിന്റെ മൃതദേഹമല്ലെന്ന് അന്ന് തന്നെ അദ്ദേഹത്തിന്റെ അമ്മ പറഞ്ഞിരുന്നു. എന്നിട്ടും ധൃതി പിടിച്ച് മൃതദേഹം സംസ്കരിച്ചത് സംശയാസ്പദമാണ്. സ്വർണക്കടത്തുകാരുടെ സംഘത്തിന് വലിയ സ്വാധീനമുണ്ട്, തട്ടിക്കൊണ്ടുപോകലിന് നേതൃത്വം നൽകിയത് പിണറായി സ്വദേശിയാണ്. ഇർഷാദിന്റെ കൊലപാതകത്തിന് പിറകിലുള്ള മുഴുവൻ പേരേയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു.

ഇര്‍ഷാദിനെ കാണാതായ സംഭവത്തില്‍ നാല് പേരുടെ അറസ്റ്റാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത് . കല്‍പ്പറ്റ സ്വദേശി ജിനാഫ് (31), വൈത്തിരി സ്വദേശി ഷഹീല്‍ (26), പൊഴുതന സ്വദേശി സജീര്‍ (27) പിണറായി സ്വദേശി മുർഷിദ് എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.

Tags:    

Similar News