മഹ്‌സ അമിനിയുടെ മരണം: ഇറാനില്‍ പ്രക്ഷോഭം തുടരുന്നു; 24 മണിക്കൂറിനിടെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത് എട്ടുപേര്‍

Update: 2022-10-28 06:53 GMT

തെഹ്‌റാന്‍: ഇറാനിലെ മത പോലിസിന്റെ കസ്റ്റഡിയില്‍ മഹ്‌സ അമിനി മരണപ്പെട്ടതുമായി ബന്ധപ്പെട്ട് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറാന്‍ സുരക്ഷാസേന നടത്തിയ വെടിവയ്പ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടതായി രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്‍ര്‍നാഷനല്‍ സ്ഥിരീകരിച്ചു. ഇറാന്‍ ഭരണകൂടത്തിന്റെ നടപടിയെ ആംനസ്റ്റി ഇന്‍ര്‍നാഷനല്‍ അപലപിച്ചു. മഹ്‌സയുടെ മരണത്തിന്റെ നാല്‍പതാം ഓര്‍മദിനമായ വ്യാഴാഴ്ച ഇവരുടെ ഖബറിടത്തില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് ആളുകള്‍ക്കുനേരേ പോലിസ് നിറയൊഴിച്ചിച്ചതായി റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി(22) കഴിഞ്ഞ സപ്റ്റംബര്‍ 16നാണ് കൊല്ലപ്പെട്ടത്. ഇതെത്തുടര്‍ന്ന് രാജ്യത്തുടനീളമുണ്ടായ പ്രതിഷേധങ്ങളില്‍ 250 ഓളം പേര്‍ കൊല്ലപ്പെട്ടു. ശിരോവസ്ത്രം അഴിച്ചും, മുടി മുറിച്ചും സ്ത്രീകള്‍ ഉള്‍പ്പെടെ നടത്തിയ പ്രതിഷേധത്തില്‍ നിരവധി പേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ആറാഴ്ചയോളമായി സ്ത്രീകളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താനുള്ള നീക്കങ്ങളാണ് സുരക്ഷാസേന നടത്തിക്കൊണ്ടിരിക്കുന്നത്. ഇറാന്‍ സുരക്ഷാ സേന ഇന്നലെ രാത്രി മുതല്‍ കുറഞ്ഞത് എട്ടുപേരെ കൊന്നു.

അവര്‍ വീണ്ടും പ്രതിഷേധക്കാര്‍ക്ക് നേരേ വെടിയുതിര്‍ത്തു- നിയമവിരുദ്ധമായ തോക്കുകളുടെ ഉപയോഗത്തെ അപലപിച്ചുകൊണ്ട് ആംനസ്റ്റി പറഞ്ഞു. കുറഞ്ഞത് നാല് പ്രവിശ്യകളിലെങ്കിലും വെടിവയ്പ്പുണ്ടായി. ഇറാനെതിരേ യുഎന്‍ ഇടപെടല്‍ വേണം. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലെ എല്ലാ അംഗരാജ്യങ്ങളും ഇപ്പോള്‍ നിര്‍ണായക നടപടിയെടുക്കുകയും കൂടുതല്‍ ജീവന്‍ നഷ്ടപ്പെടാതിരിക്കാന്‍ ഇറാന്‍ വിഷയത്തില്‍ ഉടന്‍ ഒരു പ്രത്യേക സമ്മേളനം വിളിക്കുകയും വേണം. അല്ലെങ്കില്‍ പ്രതിഷേധക്കാര്‍ക്കെതിരേ കൂടുതല്‍ അടിച്ചമര്‍ത്തല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഇറാനിയന്‍ അധികാരികള്‍ക്ക് ധൈര്യം നല്‍കുമെന്ന് ആംനസ്റ്റി ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News