ഇന്തോനേസ്യയില്‍ അഗ്‌നിപര്‍വത സ്‌ഫോടനം; താമസക്കാരെ ഒഴിപ്പിച്ചു, സുനാമി സാധ്യത പരിശോധിച്ച് ജപ്പാന്‍

Update: 2022-12-04 10:12 GMT

ജക്കാര്‍ത്ത: ഇന്തോനേസ്യയിലെ ജാവാ ദ്വീപിലുള്ള സെമെരൂ അഗ്‌നിപര്‍വതത്തില്‍ സ്‌ഫോടനം. ഇന്ന് പുലര്‍ച്ചെ 2.46നാണ് പൊട്ടിത്തെറിയുണ്ടായത്. ഈ പ്രദേശത്തിന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തു നിന്ന് മാറാന്‍ രാജ്യത്തെ ദുരന്തലഘൂകരണ സേനയായ ബിഎന്‍പിബി ആളുകള്‍ക്ക് നിര്‍ദേശം നല്‍കി. ലാവയൊഴുകി വരാന്‍ സാധ്യതയുള്ളതിനാല്‍ നദീതീരത്ത് നിന്ന് 500 മീറ്റര്‍ അകലം പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

കിഴക്കന്‍ ജാവ പ്രവിശ്യയിലെ അഗ്‌നിപര്‍വ്വതത്തിന് സമീപം താമസിക്കുന്ന കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടുന്ന ആളുകളെ ഒഴിപ്പിക്കല്‍ ആരംഭിച്ചു. ഇതുവരെ 93 നിവാസികളെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായി ഇന്തോനേസ്യയുടെ ദുരന്തലഘൂകരണ ഏജന്‍സി, ബിഎന്‍പിബി പ്രസ്താവനയില്‍ പറഞ്ഞു. അഗ്‌നിപര്‍വത സ്‌ഫോടനത്തിനു പിന്നാലെ സുനാമിയുണ്ടാവാനുള്ള സാധ്യത പരിശോധിച്ചുവരികയാണെന്ന് ജപ്പാന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അഗ്‌നിപര്‍വതത്തില്‍ നിന്നുള്ള പ്ലം 50,000 അടി (15 കിലോമീറ്റര്‍) ഉയരത്തിലെത്തിയതായി ജപ്പാനിലെ കാലാവസ്ഥാ ഏജന്‍സി പറഞ്ഞു. അവിടെ സുനാമിയുണ്ടാവാനുള്ള സാധ്യത നിരീക്ഷിച്ചുകൊണ്ടിരുന്നു.

തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്ന് ഏകദേശം 640 കിലോമീറ്റര്‍ (400 മൈല്‍) കിഴക്ക് ജാവയുടെ കിഴക്കന്‍ ഭാഗത്താണ് പൊട്ടിത്തെറിയുണ്ടായത്. സെമെരുവിന്റെ സ്‌ഫോടന കേന്ദ്രത്തില്‍ നിന്ന് 8 കിലോമീറ്റര്‍ (5 മൈല്‍) പരിധിയില്‍ ഒരു പ്രവര്‍ത്തനവും നടത്തരുതെന്ന് അധികൃതര്‍ നിവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ജാവയിലെ ഏറ്റവും ഉയരം കൂടിയ പര്‍വതമായ സെമെരു പൊട്ടിത്തെറിച്ച് 50ലധികം ആളുകള്‍ കൊല്ലപ്പെടുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു. ആയിരക്കണക്കിനാളുകളെ അന്ന് മാറ്റിപ്പാര്‍പ്പിച്ചു.

Tags:    

Similar News