'മാധ്യമ പ്രവര്‍ത്തക എന്ന നിലയിലും മുസ് ലിം എന്ന നിലയിലും രാജ്യത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ തകരുന്നു: റാണാ അയ്യൂബ്

2014ന് ശേഷം 405 പേര്‍ക്കെതിരേയാണ് രാജ്യദ്രോഹ കുറ്റം ചുമത്തിയതെന്നും ഇതില്‍ 96 ശതമാനവും ഭരണകൂടത്തേയും രാഷ്ട്രീയ നേതാക്കളേയും വിമര്‍ശിച്ചവര്‍ക്കെതിരേയാണെന്നും 'ആര്‍ട്ടിക്കിള്‍ 14' റിപ്പോര്‍ട്ട് ഉദ്ധരിച്ചുകൊണ്ട് റാണാ അയ്യൂബ് വ്യക്തമാക്കി.

Update: 2021-03-13 06:30 GMT

ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തക എന്ന നിലയിലും മുസ് ലിം എന്ന നിലയിലും രാജ്യത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ ഓരോ ദിവസവും തകരുകയാണെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തക റാണാ അയ്യൂബ്. 'ഇന്ത്യയുടെ തരംതാഴ്ത്തപ്പെടുന്നതും തകര്‍ന്നതുമായ ജനാധിപത്യം' എന്ന തലക്കെട്ടില്‍ വാഷിങ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനത്തിലാണ് അവര്‍ മോദി ഭരണകൂടത്തിനെതിരേ കടുത്ത വിമര്‍ശനം ഉന്നയിക്കുന്നത്.

കര്‍ഷക പ്രക്ഷോഭവും ഗ്രെറ്റ, ദിഷ രവി തുടങ്ങി ആക്ടിവിസ്റ്റുകള്‍ക്കെതിരായ പോലിസ് നടപടികളും പ്രക്ഷോഭകര്‍ക്കെതിരായ ഭരണകൂടത്തിന്റെ പ്രതികാര നടപടികളും ലേഖനത്തില്‍ വിമര്‍ശന വിധേയമാക്കുന്നുണ്ട്.

മോദി ഭരണകൂടത്തേയും രാഷ്ട്രീയ നേതാക്കളേയും വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹ കുറ്റം ചുമത്തി നിശബ്ദമാക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി. രാജ്യത്ത് 2014ന് ശേഷം 405 പേര്‍ക്കെതിരേയാണ് രാജ്യദ്രോഹ കുറ്റം ചുമത്തിയതെന്നും ഇതില്‍ 96 ശതമാനവും ഭരണകൂടത്തേയും രാഷ്ട്രീയ നേതാക്കളേയും വിമര്‍ശിച്ചവര്‍ക്കെതിരേയാണെന്നും 'ആര്‍ട്ടിക്കിള്‍ 14' റിപ്പോര്‍ട്ട് ഉദ്ധരിച്ചുകൊണ്ട് റാണാ അയ്യൂബ് വ്യക്തമാക്കി. രാജ്യദ്രോഹ കുറ്റം ഭരണകൂടത്തിന്റെ ഉപകരണമാക്കരുതെന്ന കോടതി നിരീക്ഷണം ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. ആക്ടിവിസ്റ്റുകള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും എതിരെ രാജ്യദ്രോഹ കേസുകള്‍ അനാവശ്യമായി ചാര്‍ത്തുന്നതില്‍ കോടതി കടുത്ത വിമര്‍ശനം രേഖപ്പെടുത്തിയെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടി.

കൊവിഡ് പടര്‍ന്ന് പിടിക്കുന്നതിന് ഇടയില്‍ പോലും മുസ് ലിംകള്‍ക്കും രാജ്യത്തെ പൊതു പ്രവര്‍ത്തകര്‍ക്കും എതിരേ അധിക്രമങ്ങള്‍ അരങ്ങേറി. രാജ്യത്ത് വൈറസ് പടര്‍ത്തുന്നത് മുസ് ലിംകളാണെന്ന് പ്രചരിപ്പിച്ച ഹിന്ദുത്വ ആള്‍ക്കൂട്ടം ആക്രമണം അഴിച്ചുവിട്ടതായും ലേഖനത്തില്‍ വ്യക്തമാക്കി.

രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങള്‍ തകരുന്നതില്‍ യുഎന്‍, ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പടേയുള്ള സംഘടനകളും വിമര്‍ശനം ഉന്നയിച്ചിരുന്നതായും അവര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, രാജ്യത്തെ ജനാധിപത്യ സംവിധാനം ഈ നിലയില്‍ തകര്‍ന്നിട്ടും സിനിമാ താരങ്ങളും കായിക താരങ്ങളും ഭരണകൂടത്തിന് പിന്തുണയുമായി നിലകൊള്ളുന്നതാണ് നാം കാണുന്നത്. ഗ്രെറ്റ തംബര്‍ഗ്, റിഹാന, മീന ഹാരിസ് എന്നിവര്‍ കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചപ്പോള്‍ അവര്‍ക്കെതിരേ മോദി അനുകൂലികള്‍ രംഗത്തിറങ്ങി. ആക്ടിവിസ്റ്റുകള്‍ക്കെതിരേ താരങ്ങളുടെ സംഘടിത ആക്രമണത്തിനാണ് ലോകം സാക്ഷിയായതെന്നും റാണാ അയ്യൂബ് വാഷിങ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടി.