മുസ് ലിം ഭീതി പടര്‍ത്തുന്ന പരസ്യവുമായി ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം; ബഹിഷ്‌കരണം പ്രഖ്യാപിച്ച് പ്രമുഖര്‍

Update: 2022-01-02 05:02 GMT

ന്യൂഡല്‍ഹി: മുസ് ലിം ഭീതി പടര്‍ത്തുന്ന പരസ്യം ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് ദിനപത്രം ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ നടപടിക്കെതിരേ പ്രതിഷേധം കനക്കുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ യുപി സര്‍ക്കാരിന്റെ പരസ്യമാണ് വിവാദമായത്. യുപിയില്‍ ബിജെപി സര്‍ക്കാര്‍ വന്ന ശേഷം വര്‍ഗീയ കലാപങ്ങളില്ലാതെയായെന്ന് അവകാശപ്പെടുന്ന പരസ്യത്തിലെ ചിത്രീകരണത്തിനെതിരേയാണ് പ്രതിഷേധം.

കണ്ണില്‍ സുറുമ എഴുതിയ ഒരാളുടെ ചിത്രം പരസ്യത്തില്‍ കാണിച്ചിരിക്കുന്നു. അയാള്‍ ഒരു കത്തിച്ച പന്തം എറിയുകയാണ്. കഴുത്തില്‍ മുസ് ലിം സമൂഹത്തെക്കുറിച്ചുള്ള സൂചന നല്‍കുന്ന തരത്തില്‍ സ്‌കാര്‍ഫ് ചുറ്റിയിരിക്കുന്നു. അടുത്ത ചിത്രത്തില്‍ കൈകൂപ്പി മാപ്പപേക്ഷിക്കുന്ന അതേ ആളെ ചിത്രീകരിച്ചിരിക്കുന്നു. കലാപകാരികള്‍ മുസ് ലിംകളാണെന്നും ബിജെപി വന്ന ശേഷം അവരെ അടിച്ചൊതുക്കിയെന്നുമാണ് പരസ്യം നല്‍കുന്ന സന്ദേശം.

മുസ് ലിം സമുദായത്തെ കലാപകാരികളായി അവതരിപ്പിക്കുന്ന പരസ്യം ഡിസംബര്‍ 31ന് പത്രത്തില്‍ ഒന്നാം പേജില്‍ തന്നെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇന്ത്യയിലെ പ്രമുഖമായ ഒരു പത്രം ഇത്ര തുറന്ന് മുസ് ലിംഭീതിയെ പ്രചാരണത്തിനു ഉപയോഗിക്കുന്നതിനെ ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ അപൂര്‍വാനന്ദ് അപലപിച്ചു. പരസ്യം തന്നെ ഞെട്ടിച്ചുകളഞ്ഞെന്നും ഈ സാഹചര്യത്തില്‍ എഴുത്തുകാനെന്ന നിലയിലും ഉപഭോക്താവെന്ന നിലയിലും ഇന്ത്യന്‍ എക്‌സ്പ്രസ്സുമായി എല്ലാ ബന്ധവും ഉപേക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസ്സിലെ കോളമിസ്റ്റാണ് പ്രഫ. അപൂര്‍വാനന്ദ്. 


പത്രത്തിലെ പരസ്യം കണ്ട് ഞെട്ടിപ്പോയെന്നും പത്രത്തിന്റെ എഡിറ്റര്‍മാര്‍ മതേതരവാദികളാണെന്ന് അറിയാമെങ്കിലും അതിനെ ന്യായീകരിക്കാനാവില്ലെന്നും ഒരു എഴുത്തുകാരനും ഉപഭോക്താവുമെന്ന നിലയില്‍ തന്റെ പ്രതിഷേധം രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇത്തരമൊരു തീരുമാനം സങ്കടകരമാണെങ്കിലും അതിനേക്കാള്‍ പ്രധാനപ്പെട്ട മറ്റ് ചിലതുണ്ടെന്ന് അദ്ദേഹം പറയുന്നു. 


 മറ്റൊരു കോളമിസ്റ്റും സാമ്പത്തിക വിദഗ്ധയുമായ ജയതി ഘോഷും ഇന്ത്യന്‍ എക്‌സ്പ്രസ്സുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചു. ഇത്തരമൊരു നടപടി മാപ്പര്‍ഹിക്കാത്തതാണെന്നും അവര്‍ പറഞ്ഞു.

ഗുജറാത്ത് കലാപത്തിലെ ഒരു യഥാര്‍ത്ഥ ചിത്രത്തെ പരസ്യം ഓര്‍മപ്പെടുത്തുന്നതായി സലില്‍ ത്രിപാഠി എഴുതുന്നു. കൈകൂപ്പുന്ന ഖുത്ബുദ്ധീന്‍ അന്‍സാരിയുടെയും വാളുമായി നില്‍ക്കുന്ന അശോക് മോച്ചിയുടെയും ചിത്രവും അദ്ദേഹം തന്റെ ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  

പരസ്യത്തിനെതിരേ പ്രതികരിച്ച മറ്റൊരാള്‍ കവിതാ കൃഷ്ണനാണ്. ഇത് വെറും പരസ്യമാണെന്ന് പറഞ്ഞ് കൈകഴുകാനാവില്ലെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റര്‍ രാജ് കമല്‍ ഝായെ മെന്‍ഷന്‍ ചെയ്യുന്ന ട്വീറ്റില്‍ കവിതാ കൃഷ്ണന്‍ വിമര്‍ശനമഴിച്ചുവിട്ടു.

സ്വര ഭാസ്‌കര്‍, റിപാത് ജവാദ്, വിദ്യ സുബ്രഹ്മണ്യന്‍, അനസ് തന്‍വീര്‍ തുടങ്ങി നിരവധി പ്രമുഖര്‍ പരസ്യത്തിനെതിരേ രംഗത്തുവന്നിട്ടുണ്ട്.