ജനുവരിയില്‍ മുസ് ലിം-ദലിത്-ക്രൈസ്തവ വിഭാഗങ്ങള്‍ക്കെതിരേ 42 ഹിന്ദുത്വ ആക്രമണങ്ങള്‍

Update: 2026-02-28 07:20 GMT

ന്യൂഡല്‍ഹി: ജനുവരിയില്‍ മാത്രം രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരേ 42 ഹിന്ദുത്വ ആക്രമണങ്ങള്‍ അരങ്ങേറിയതായി റിപ്പോര്‍ട്ട്. 2026 ജനുവരിയില്‍ ഇന്ത്യയില്‍ മുസ് ലിം-ദലിത്-ക്രൈസ്തവ വിഭാഗങ്ങളെ ലക്ഷ്യമിട്ട് 42 വിദ്വേഷ ആക്രമണങ്ങളും വിദ്വേഷ പ്രസംഗങ്ങളും നടന്നതായി സിയാസത്ത് ഡോട്ട് കോം മാസാന്ത ട്രാക്കര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശരാശരി ആഴ്ചയില്‍ 9 മുതല്‍ 10 വരെ സംഭവങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അസം മുതല്‍ കര്‍ണാടക വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒഡീഷയിലും ഉത്തരാഖണ്ഡിലുമാണ് ഏറ്റവും കൂടുതല്‍ ഹിന്ദുത്വ ആക്രമണങ്ങള്‍ അരങ്ങേറിയത്.


ഹൈദരാബാദില്‍ സംഘര്‍ഷങ്ങള്‍

ഹൈദരാബാദ് നഗരത്തിലെ പുരാണപൂള്‍ ദര്‍വാസ മേഖലയില്‍ ജനുവരി 14ന് രാത്രി സംഘര്‍ഷാവസ്ഥ ഉണ്ടായി. മൈസമ്മ ക്ഷേത്രത്തിനുള്ളില്‍ കീറിപ്പോയ ഫ്‌ലെക്‌സും കേടുപാടുകള്‍ സംഭവിച്ച വിഗ്രഹവും കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായതാണ് സംഭവം.

തുടര്‍ന്ന് ജനുവരി 24-ന് തെലങ്കാന ഹൈക്കോടതി ബാലാപൂരിലെ ഗണേഷ് ചൗക്കില്‍ ''ധര്‍മ്മ രക്ഷാ സഭ'' സംഘടിപ്പിക്കാന്‍ അനുമതി നല്‍കി. ഇതുമായി ബന്ധപ്പെട്ട് ചിലര്‍ മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.


അസമില്‍ പൗരത്വം  ചോദ്യം ചെയ്ത് ആക്രമണങ്ങള്‍

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ മുസ് ലിംകളെ ലക്ഷ്യമിട്ട് വിദ്വേഷ പ്രസംഗങ്ങള്‍ നടത്തി. അതിന് ശേഷം പൗരത്വം ചോദ്യം ചെയ്തും തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചും മുസ് ലിംകള്‍ക്കെതിരേ നിരവധി ആക്രമണങ്ങളാണ് അരങ്ങേറിയത്. വിദേശ ട്രിബ്യൂണല്‍ 'വിദേശി'യായി പ്രഖ്യാപിച്ചവരെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കുമെന്ന് അദ്ദേഹം പുതുവത്സര ദിനത്തില്‍ പ്രഖ്യാപിച്ചു. 'മിയാസ്' എന്ന പദം ഉപയോഗിച്ച് ബംഗാളി ഭാഷ സംസാരിക്കുന്ന മുസ് ലിംകളെ കുറിച്ച് അദ്ദേഹം നടത്തിയ പ്രസ്താവനകള്‍ വിവാദമായി.

ഈ പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ കര്‍ണാടകയിലും ബിഹാറിലും ഓഡീഷയിലും ബംഗ്ലാദേശി എന്ന് ആരോപിച്ച് മുസ് ലിം കുടിയേറ്റ തൊഴിലാളികളെ ആക്രമിച്ച സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തു.


മതസ്ഥാപനങ്ങള്‍ക്കെതിരായ ആക്രമണം

ഉത്തരാഖണ്ഡിലെ മുസ്സൂരിയില്‍ നൂറുവര്‍ഷം പഴക്കമുള്ള സയ്യിദ് ബാബ ബുള്ളേശാ ദര്‍ഗയില്‍ ജനുവരി 24-ന് ആക്രമണം നടന്നു. അതുപോലെ, ഉത്തര്‍പ്രദേശിലെ ദേവരിയയില്‍ ഹസ്രത് ഷഹീദ് സയ്യിദ് അബ്ദുല്‍ ഗനി ഷാ ബാബ ദര്‍ഗ ജില്ലാ ഭരണകൂടം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി.


ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍

തെലങ്കാനയിലെ സിദ്ധിപേട്ടില്‍ വിവാഹ വാഗ്ദാനം പിന്‍വലിച്ചതിനെ തുടര്‍ന്ന് 23 കാരിയായ ദലിത് ഹൗസ് സര്‍ജന്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട് ചെയ്തു. യുപിയിലെ ബറേലിയില്‍ 16 കാരനായ ദളിത് ബാലനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവവും ജനുവരിയില്‍ രേഖപ്പെടുത്തി. വിവാഹത്തില്‍ കുതിരപ്പുറത്ത് കയറിയതിനും ദലിതര്‍ക്ക് നേരെ ആക്രമണമുണ്ടായി.


ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണം

ഓഡീഷയിലെ ധേന്കനാല്‍ ജില്ലയില്‍ ജനുവരി 4-ന് ക്രിസ്ത്യന്‍ പാസ്റ്റര്‍ ബിപിന്‍ ബിഹാരി നായിക്കിനെ ആക്രമിച്ച് ചെരിപ്പുമാല അണിയിച്ച് അപമാനിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുകയാണെന്നാരോപിച്ചായിരുന്നു ആക്രമണം.

അത് കൂടാതെ നബറംഗ്പൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലെ പള്ളിയില്‍ കയറി പ്രാര്‍ത്ഥന തടഞ്ഞ സംഭവവും റിപ്പോര്‍ട്ട് ചെയ്തു.


ജനുവരി 26-ാം തീയതി റിപ്പബ്ലിക് ദിനത്തില്‍ ഉത്തരാഖണ്ഡിലെ കോട്വാറില്‍ 70 കാരനായ വക്കീല്‍ അഹമ്മദിന്റെ കടയുടെ പേരില്‍ ''ബാബ'' എന്ന വാക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ബജ്‌റംഗ്ദള്‍ പ്രതിഷേധിച്ചു. സംഭവത്തില്‍ ഇടപെട്ട ജിം പരിശീലകനായ ദീപക് കുമാറിനെതിരേ ഹിന്ദുത്വ ആക്രമണമുണ്ടായി. 2026 ജനുവരിയില്‍ രേഖപ്പെടുത്തിയ സംഭവങ്ങള്‍ ഇന്ത്യയില്‍ മത-ജാതി അടിസ്ഥാനത്തിലുള്ള വിദ്വേഷ രാഷ്ട്രീയത്തിന്റെ ഗൗരവതരമായ പ്രവണതയിലേക്കാണ് സൂചന നല്‍കുന്നത്. ഫെബ്രുവരിയിലും ആക്രമണങ്ങള്‍ തുടര്‍ന്നു. ഉത്തര്‍പ്രദേശ്, ഓഡീഷ, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് ഫെബ്രുവരിയില്‍ കൂടുതല്‍ ആക്രമണങ്ങള്‍ അരങ്ങേറിയത്. മുസ് ലിംകളുടെ ഇറച്ചിക്കടകള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടായിരുന്നു കൂടുതല്‍ ആക്രമണങ്ങള്‍. ദര്‍ഗകള്‍ക്കും പള്ളികള്‍ക്കും എതിരേ ആക്രമണങ്ങള്‍ അരങ്ങേറി. തറാവീഹ് നമസ്‌കാരം നടക്കുന്ന സ്ഥലങ്ങള്‍ ജയ് ശ്രീ രാം വിളിച്ച് ഹിന്ദുത്വര്‍ സംഘടിച്ചതും വയലില്‍ നമസ്‌കരിക്കുകയായിരുന്ന തൊഴിലാളിയെ ഹിന്ദുത്വന്‍ ആക്രമിച്ച സംഭവവും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി.

Tags: