കുതിച്ചുയര്‍ന്ന് കൊവിഡ്; രാജ്യത്തെ പ്രതിദിന രോഗികള്‍ 90,000 കടന്നു, ഒമിക്രോണ്‍ കേസുകള്‍ 2,630 ആയി

Update: 2022-01-06 05:10 GMT

ന്യൂഡല്‍ഹി: രാജ്യത്ത് ആശങ്ക വിതച്ച് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ആശുപത്രികളില്‍ ചികില്‍സ തേടുന്നവരുടെ എണ്ണവും ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 90,928 കേസുകളാണ് വിവിധ സംസ്ഥാനങ്ങളിലായി റിപോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇത് 55 ശതമാനം കൂടുതലാണ്. ബുധനാഴ്ച കൊവിഡ് ബാധിതരുടെ എണ്ണം 58,097 ആയിരുന്നു. 19,206 പേര്‍ ഒരുദിവസത്തിനിടെ രോഗമുക്തരായി. 325 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 4,82,876 ആയി.

നിലവില്‍ രാജ്യത്ത് 2,85,401 സജീവ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. രോഗമുക്തരായവരുടെ എണ്ണം 3,43,41,009 ആയി ഉയര്‍ന്നു. സജീവ കേസുകള്‍ മൊത്തം കേസുകളില്‍ 1 ശതമാനത്തില്‍ താഴെയാണ്, നിലവില്‍ 0.81 ശതമാനമാണ്. രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണവും 2,000 കടന്നു. 995 പേര്‍ രോഗമുക്തരായി. 2,630 പേരിലാണ് രോഗബാധ ഇതുവരെ സ്ഥിരീകരിച്ചത്. 797 രോഗികളുമായി മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. 465 ഒമിക്രോണ്‍ കേസുകളുമായി ഡല്‍ഹിയാണ് രണ്ടാമത്. രാജസ്ഥാന്‍(236), കേരളം(234), കര്‍ണാടക (226) തുടങ്ങിയ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നാലെയുള്ളത്. അതിവേഗം പടരുന്ന ഒമിക്രോണ്‍ വേരിയന്റ് ഇന്ത്യയിലെ 26 സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു.

രാജസ്ഥാനില്‍ 73 വയസ്സുള്ള ആള്‍ക്കാണ് പുതിയ കൊവിഡ് വകഭേദം ആദ്യമായി റിപോര്‍ട്ട് ചെയ്തത്. പൂര്‍ണമായും വാക്‌സിനെടുത്തയാള്‍ക്കാണ് കൊവിഡ് ഒമിക്രോണ്‍ കണ്ടെത്തിയതെന്ന് സര്‍ക്കാര്‍ അറിയിച്ചു. കൂടാതെ കാര്യമായ സമ്പര്‍ക്കമോ യാത്രാ ചരിത്രമോ ഇല്ലായിരുന്നു. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.47 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6.43 ശതമാനവും. യഥാര്‍ഥത്തില്‍ പോസിറ്റീവ് ആയ എല്ലാ കൊവിഡ് ടെസ്റ്റുകളുടെയും ശതമാനമാണ് പോസിറ്റീവ് നിരക്ക്.

പ്രതിദിന കൊവിഡ് കേസുകളിലെ വര്‍ധന ആശങ്ക ഉയര്‍ത്തുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കേരളത്തിലേതടക്കമുള്ള രോഗവ്യാപനം ആശങ്കയുണ്ടാക്കുന്നുവെന്ന് ആരോഗ്യമന്ത്രാലയം ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൗമാരക്കാരിലെ വാക്‌സിനേഷന്‍ നല്ല രീതിയില്‍ മുന്നോട്ടുപോവുന്നുണ്ട്. നിരീക്ഷണത്തിലും പ്രതിരോധ നടപടികളിലും വീഴ്ച പാടില്ലെന്നും മന്ത്രാലയം നിര്‍ദേശിച്ചു. ലക്ഷണങ്ങളില്ലാത്ത രോഗികളെ വീട്ടില്‍ നിരീക്ഷിച്ചാല്‍ മതിയാവും. മറ്റ് രോഗങ്ങളുള്ള കൊവിഡ് രോഗികള്‍ ഡോക്ടറുടെ നിര്‍ദേശം തേടിയ ശേഷമേ വീട്ടില്‍ നിരീക്ഷണത്തിലിരിക്കാവൂ എന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി.

Tags:    

Similar News