രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന; 24 മണിക്കൂറിനിടെ ഒന്നരലക്ഷം കടന്നു

കഴിഞ്ഞ ആറ് ദിവസങ്ങളായി പ്രതിദിന കണക്ക് ഒരു ലക്ഷത്തിന് മുകളിലാണ്. രോഗബാധിതരുടെ എണ്ണമുയരുന്നത് പലയിടത്തും ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നുണ്ട്.

Update: 2021-04-11 06:15 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. 24 മണിക്കൂറിനിടെ രോഗം ബാധിച്ചവരുടെ എണ്ണം ഒന്നരലക്ഷം കടന്നു. 1,52,879 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസഖ്യയും ഉയരുകയാണ്. 839 പേര്‍ മരിച്ചു, പതിനൊന്ന് ലക്ഷത്തിലേറെ പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

1,33,58,805 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 11 ലക്ഷം ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. 24 മണിക്കൂറിനിടെ 839 പേര്‍ മരിച്ചതോടെ മരണ സംഖ്യ 1,69,275 ആയി. 2020 ഒക്ടോബര്‍ 18 ശേഷമുള്ള ഏറ്റവും കൂടിയ മരണ നിരക്കാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്തെ കൊവിഡ് കേസുകള്‍ ആഗസ്ത് ഏഴിനാണ് 20 ലക്ഷം കടന്നത്. ആഗസ്ത് 23ന് 30 ലക്ഷവും, സെപ്തംബര്‍ അഞ്ചിന് 40 ലക്ഷവും സെപ്തംബര്‍ 16ന് 50 ലക്ഷവും പിന്നിട്ടു. സെപ്തംബര്‍ 28 ആവുമ്പോഴേക്കും 60 ലക്ഷം കൊവിഡ് കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ 11ന് 70 ലക്ഷവും ഒക്ടോബര്‍ 29ന് 80 ലക്ഷം, നവംബര്‍ 20ന് 90 ലക്ഷം കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ ഡിസംബര്‍ 19ന് ഒരു കോടി കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ആറ് ദിവസങ്ങളായി പ്രതിദിന കണക്ക് ഒരു ലക്ഷത്തിന് മുകളിലാണ്. രോഗബാധിതരുടെ എണ്ണമുയരുന്നത് പലയിടത്തും ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നുണ്ട്.

രാജ്യത്ത് പത്ത് കോടിയിലേറെ പേര്‍ക്ക് ഇതിനോടകം വാക്‌സീന്‍ നല്‍കിയെങ്കിലും ജനങ്ങള്‍ക്കിടയില്‍ വാക്‌സിന്‍ വിമുഖത തുടരുന്നുവെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. കേരളമടക്കം പല സംസ്ഥാനങ്ങളിലും ഇത് പ്രകടമാണെന്നും വാക്‌സിനേഷനൊപ്പം ബോധവത്ക്കരണ പരിപാടികളും ഊര്‍ജ്ജിതമാക്കണമെന്നും ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി ആഹ്വാനം ചെയ്ത വാക്‌സീന്‍ ഉത്സവത്തിന് ഇന്ന് തുടക്കമാകും. അര്‍ഹരായ കൂടുതല്‍ പേരിലേക്ക് വാക്‌സീന്‍ എത്തിക്കാന്‍ വാര്‍ഡ് തലം മുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Similar News