ഇന്ത്യ വംശഹത്യയുടെ എട്ടാം ഘട്ടത്തില്‍, ഉന്‍മൂലനത്തിന് ഇനി ഒരു ചുവട് മാത്രം; മുന്നറിയിപ്പുമായി ജെനോസൈഡ് വാച്ച് സ്ഥാപകന്‍

ഉന്‍മൂലനം നടത്തുന്നതിന് ഒരു ചുവട് മാത്രം അകലെയുള്ള വംശഹത്യ, പീഡനം എന്നിവയുടെ എട്ടാം ഘട്ടത്തിലാണ് ഇന്ത്യ നിലനില്‍ക്കുന്നതെന്ന് സ്റ്റാന്റണ്‍ മുന്നറിയിപ്പ് നല്‍കിയത്. അത് സംഭവിക്കുന്നത് നേരില്‍ കാണുന്നതില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദി വളരെ സന്തോഷവാനായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Update: 2022-01-11 05:47 GMT

ന്യൂഡല്‍ഹി: മുസ്‌ലിം സമുദായത്തിനെതിരേ നടക്കുന്ന വേട്ടയാടലോടെ ഇന്ത്യ വംശഹത്യയുടെ എട്ടാം ഘട്ടത്തിലെത്തിനില്‍ക്കുകയാണെന്ന് ജെനോസൈഡ് വാച്ച് എന്ന ആഗോള സംഘടനയുടെ സ്ഥാപകന്‍ പ്രഫ. ഗ്രിഗറി എച്ച് സ്റ്റാന്റണ്‍. വംശഹത്യയെക്കുറിച്ച് പഠിക്കുകയും അതിന്റെ പത്ത് ഘട്ടങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്ത പ്രമുഖനാണ് സ്റ്റാന്റണ്‍. വംശഹത്യ അടക്കമുള്ള എല്ലാത്തരം കൂട്ടക്കൊലകളും തടയുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന സംഘടനയാണ് ജെനോസൈഡ് വാച്ച്.

ജസ്റ്റിസ് ഫോര്‍ ഓള്‍ ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച വെര്‍ച്വല്‍ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഉന്‍മൂലനം നടത്തുന്നതിന് ഒരു ചുവട് മാത്രം അകലെയുള്ള വംശഹത്യ, പീഡനം എന്നിവയുടെ എട്ടാം ഘട്ടത്തിലാണ് ഇന്ത്യ നിലനില്‍ക്കുന്നതെന്ന് സ്റ്റാന്റണ്‍ മുന്നറിയിപ്പ് നല്‍കിയത്. അത് സംഭവിക്കുന്നത് നേരില്‍ കാണുന്നതില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദി വളരെ സന്തോഷവാനായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആര്‍എസ്എസ്സുമായുള്ള മോദിക്കുള്ള ബന്ധത്തെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ആര്‍എസ്എസ് സ്ഥാപിതമായത് മുതല്‍ രാജ്യത്ത് വിദ്വേഷം പരത്തുകയാണ്. അടിസ്ഥാനപരമായി ആര്‍എസ്എസ് ഒരു നാസി സംഘടനയാണ്. വാസ്തവത്തില്‍ അത് ഹിറ്റ്‌ലറെയാണ് ആരാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയിലും കാനഡയിലും മറ്റ് രാജ്യങ്ങളിലും നിന്നുള്ള നാനൂറോളം കമ്മ്യൂണിറ്റികളും സര്‍വമത നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു. സമ്മേളനത്തില്‍ വംശഹത്യക്കെതിരേ ജിനോസൈഡ് വാച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

'ഇന്ത്യയ്ക്ക് ബഹുസ്വരതയുടെ മനോഹരമായ ചരിത്രമുണ്ട്. എന്നാല്‍, 2014 ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ ഹിന്ദു രാഷ്ട്രത്തിനായി വാദിക്കുന്നതും അതിലൂടെ മതേതര തത്വങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നത് ഞങ്ങള്‍ കണ്ടു'- അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ നദീന്‍ മാന്‍സ അഭിപ്രായപ്പെട്ടു. യുഎസ്- ഇന്ത്യ ഉഭയകക്ഷി ബന്ധങ്ങളില്‍ യുഎസ് കോണ്‍ഗ്രസ് മതസ്വാതന്ത്ര്യം സംബന്ധിച്ച ആശങ്കകള്‍ ശക്തമായി ഉന്നയിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഹരിദ്വാറില്‍ അടുത്തിടെ നടന്ന ഹിന്ദുമത പാര്‍ലമെന്റില്‍ മുസ്‌ലിംകള്‍ക്കെതിരേ നടത്തിയ വംശഹത്യാ ആഹ്വാനം പരാമര്‍ശിച്ചായിരുന്നു മാന്‍സയുടെ പ്രതികരണം. തീവ്രവാദത്തില്‍നിന്നും ഫാഷിസത്തില്‍നിന്നും ഇന്ത്യയെ രക്ഷിക്കാന്‍ ശ്രമിക്കണമെന്ന് ജസ്റ്റിസ് ഫോര്‍ ഓള്‍ സിഇഒ ഇമാം അബ്ദുല്‍ മാലിക് മുജാഹിദ് ആഹ്വാനം ചെയ്തു. ഇന്ത്യയുടെ ബഹുസ്വരതയുടെയും ജനാധിപത്യത്തിന്റെയും ക്ഷേമം ലോകമെമ്പാടും നല്ലതാണ്. അതിനാല്‍, ഇന്ത്യയെ ഫാഷിസത്തില്‍നിന്ന് രക്ഷിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് ലോകത്തിന്റെ താല്‍പ്പര്യമാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ വിദേശകാര്യ വകുപ്പിന് വേണ്ടി നടത്തിയ പഠനത്തിലാണ് 1996 ല്‍ ഡോ.ഗ്രിഗറി എച്ച് സ്റ്റാന്റണ്‍ വംശഹത്യയുടെ പത്ത് ഘട്ടങ്ങള്‍ വിശദീകരിച്ചത്. റുവാണ്ടയില്‍ ജോലിചെയ്യുമ്പോള്‍ സ്റ്റാന്റണ്‍, വംശഹത്യയെക്കുറിച്ചുള്ള തന്റെ വിഖ്യാതമായ പഠനം പുറത്തിറക്കിയത്. ഇതനുസരിച്ച് 10 ഘട്ടങ്ങളായാണ് വംശഹത്യ അരങ്ങേറുന്നതെന്ന് പ്രഫ.സ്റ്റാന്റണ്‍ പറയുന്നു.

1. ഞങ്ങളും നിങ്ങളും എന്ന വേര്‍ തിരിവ് ഉണ്ടാക്കുക.

2. അടയാളപ്പെടുത്തല്‍: ഇരയാക്കപ്പെടുന്നവരെ വിദേശികള്‍ എന്ന് മുദ്രകുത്തുക.

3. വിവേചനം കാണിക്കുക: ഇരകളാക്കപ്പെടുന്നവര്‍ക്ക് നിയമപരമായി യാതൊരു അവകാശവും പാടില്ലെന്ന് സ്ഥാപിക്കുക. നിയമപരമായി തന്നെ വിവേചനം നടപ്പാക്കുക.

4. അപമാനവീകരിക്കുക: ഇരകളെ, ശത്രുക്കളെ അപമാനവീകരിക്കുകയെന്നതാണ് ഈ ഘട്ടത്തില്‍ നടക്കുക. ഭീകരരെന്ന് വിളിക്കുക, അപഹസിക്കുക, സമൂഹത്തെ നശിപ്പിക്കുന്നവരാണ് അവരെന്ന് അധിക്ഷേപിക്കുക തുടങ്ങിയവയാണ് ഈ ഘട്ടത്തില്‍ നടക്കുക.

5. പിന്നീടാണ് വംശഹത്യ നടപ്പിലാക്കുന്നതിനുള്ള സംവിധാനങ്ങള്‍ നിലവില്‍ വരുന്നത്. സൈന്യത്തിന്റെ രൂപത്തിലും സര്‍ക്കാര്‍ ഏജന്‍സികളുമെല്ലാം ഇത്തരത്തില്‍ പ്രവര്‍ത്തിക്കാം. ഐക്യരാഷ്ട്ര സഭ പോലുള്ള ഏജന്‍സികള്‍ ഇടപെട്ട് ഉപരോധം അടക്കമുള്ള മാര്‍ഗത്തിലൂടെ വംശഹത്യ തടയേണ്ടത് ഈ ഘട്ടത്തിലാണെന്ന് സ്റ്റാന്റണ്‍ നിര്‍ദേശിക്കുന്നു.

6. ശക്തമായ പ്രചാരണത്തിലൂടെ സമൂഹത്തില്‍ ധ്രൂവികരണം ഉണ്ടാക്കുകയെന്നതാണ് അടുത്ത ഘട്ടം. വിദ്വേഷപ്രസംഗങ്ങള്‍ വ്യാപകമാവുന്നത് ഈ ഘട്ടത്തിലാണ്.

7. വംശഹത്യയ്ക്കുള്ള തയ്യാറെടുപ്പാണ് ഏഴാമത്തെ ഘട്ടം. ഇവിടെയാണ് ആക്രമിച്ച് ഇല്ലാതാക്കേണ്ട ആളുകളെ കണ്ടെത്തുന്നത്. ഇരകളെ കണ്ടെത്തുകയും അവരെ മതത്തിന്റെയോ വംശത്തിന്റെയോ അടിസ്ഥാനത്തില്‍ മാറ്റി നിര്‍ത്തുകയും ചെയ്യുന്നത് ഈ ഘട്ടത്തിലാണ്.

8. പിന്നീടാണ് പല രീതിയിലുള്ള പീഡനങ്ങള്‍ക്ക് ഇരകളെ വിധേയമാക്കുന്ന ഘട്ടം. കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലേക്കും ഗെറ്റോകളിലേക്കും ശത്രുക്കളായി കണക്കാക്കുന്നവരെ മാറ്റുക എന്നതൊക്കെയാണ് ഈ ഘട്ടത്തില്‍ നടക്കുക.

9. ഇരകളെ ഇല്ലാതാക്കുക എന്നതാണ് അടുത്തത്. അതി ശക്തമായ സൈനിക ഇടപെടലിലൂടെ മാത്രമേ ഇതിനെ തടയാന്‍ കഴിയൂ എന്നാണ് സ്റ്റാന്റണ്‍ പറയുന്നത്.

10. ഇതൊക്കെ നിഷേധിക്കുന്നതാണ് അവസാന ഘട്ടം. 1996 ലാണ് സ്റ്റാന്റണ്‍ വംശഹത്യയുടെ പ്രക്രിയയെ സംബന്ധിച്ച് രൂപരേഖ പുറത്തിറക്കിയത്. ആദ്യം എട്ട് ഘട്ടങ്ങളായിരുന്നു അദ്ദേഹം കണ്ടെത്തിയത്. പിന്നീടാണ് രണ്ട് ഘട്ടങ്ങള്‍ കൂടി ചേര്‍ത്തത്. 

Tags:    

Similar News