രാജ്യം 74ാമത് സ്വാതന്ത്ര്യദിനം സമുചിതം ആഘോഷിച്ചു

ഇന്ത്യ സ്വയം പര്യാപ്തമാവേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി

Update: 2020-08-15 05:41 GMT
ന്യൂഡല്‍ഹി: ബ്രിട്ടീഷ് അധിനിവേശത്തില്‍ നിന്നു രാജ്യം സ്വതന്ത്രമായതിന്റെ 74ാം വാര്‍ഷികം രാജ്യം സമുചിതം ആഘോഷിച്ചു. നാടും നഗരവും വ്യത്യാസമില്ലാതെ സ്വാതന്ത്ര്യദിനാഘോഷത്തിരക്കിലാണ്. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തു. ഇന്ത്യ സ്വയം പര്യാപ്തമാവേണ്ടതുണ്ടെന്നും അത് രാജ്യത്തിനും ലോകത്തിനും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ആത്മനിര്‍ഭര്‍(സ്വയം പര്യാപ്തത) 130 കോടി ജനങ്ങളുടെ മന്ത്രവും യാഥാര്‍ഥ്യവുമാണ്. ഇന്ത്യക്കാരിലും അവരുടെ കഴിവിലും തനിക്ക് ആത്മവിശ്വാസമുണ്ട്. എന്തെങ്കിലും ചെയ്യാന്‍ തീരുമാനിച്ചാല്‍ ആ ലക്ഷ്യം കൈവരിക്കും നാം വിശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

    പ്രധാനമന്ത്രി ജനാരോഗ്യ യോജനയ്ക്കു കീഴില്‍ രാജ്യത്ത് ദേശീയ ഡിജിറ്റല്‍ ആരോഗ്യ പദ്ധതി നടപ്പാക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇതുവഴി പൗരന്‍മാരുടെ ആരോഗ്യ പരിചരണം ഡിജിറ്റലായി മാറും. എല്ലാ പൗരന്മാര്‍ക്കും ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. കാര്‍ഡില്‍ ഓരോ വ്യക്തിയുടെയും സമ്പൂര്‍ണ ചികില്‍സാ വിവരങ്ങള്‍ ഉള്‍പ്പെടുത്തും. ഓരോ തവണ ഡോക്ടറെ കാണുമ്പോഴും അതാത് സമയത്തെ വിവരങ്ങള്‍ കാര്‍ഡില്‍ ചേര്‍ക്കും. ഡിജിറ്റല്‍ ആരോഗ്യ പദ്ധതി വിപ്ലവകരമായ മാറ്റമുണ്ടാക്കും.

    ദേശീയ സൈബര്‍ സുരക്ഷാ നയവും ഉടന്‍ ഉണ്ടാക്കും. ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. മേയ്ക്ക് ഫോര്‍ വേള്‍ഡ് ണ് അടുത്ത ലക്ഷ്യം. ലോകത്തിനു വേണ്ടി ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കണം. ലോകോത്തര ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ ഇന്ത്യയ്ക്ക് കഴിയും. സ്വയം പര്യാപ്ത കര്‍ഷകരും സ്വയംപര്യാപ്ത കൃഷിയും സ്വയം പര്യാപ്ത ഇന്ത്യക്ക് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

India celebrates 74th Independence Day


Tags: