മോദിയുടെ വാദം പച്ചക്കള്ളം; മിസൈല്‍ നേട്ടം കൈവരിച്ചത് 2012ല്‍
ഡിആര്‍ഡിഒ മേധാവിയെ ഉദ്ധരിച്ച് 2012ല്‍ ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്തു
ന്യൂഡല്‍ഹി: സുപ്രധാന തീരുമാനം അറിയിക്കാനുണ്ടെന്ന് ട്വീറ്റ് ചെയ്ത് രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തി, മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് കേന്ദ്രമന്ത്രിമാരും സുരക്ഷാ ഉപദേഷ്ടാവും പങ്കെടുത്ത അതീവരഹസ്യ യോഗത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച മിസൈല്‍ നേട്ടം പച്ചക്കള്ളമെന്ന് ആരോപണം. സാറ്റലൈറ്റുകളെ അതിന്റെ ഭ്രമണപഥത്തില്‍വച്ച് തകര്‍ക്കാനുള്ള ക്ഷമത 2012ല്‍ തന്നെ ഇന്ത്യ സ്വന്തമാക്കിയിരുന്നുവെന്ന് ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്തു. മിഷന്‍ ശക്തി എന്നു പ്രധാനമന്ത്രി ഇന്നു വിശേഷിപ്പിച്ച മിസൈല്‍ 2012ല്‍ പരീക്ഷിച്ചിരുന്നതായി അന്നത്തെ ഡിആര്‍ഡിഒ മേധാവി ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിരുന്നു. സാറ്റലൈറ്റുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള എല്ലാ കടമ്പകളും നമ്മള്‍ ഇന്ന് കടന്നിരിക്കുന്ന എന്നാണ് അന്നത്തെ ഡിആര്‍ഡിഒ(ഡിഫന്‍സ് റിസര്‍ച്ച് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) മേധാവി വിജയ് സരസ്വതിയെ ഉദ്ധരിച്ച് 2012ല്‍ ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്തത്. 2012 മെയ് ഏഴിനു സന്ദീപ് ഉണ്ണിത്താന്‍ നല്‍കിയ ലേഖനത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. മുമ്പ് പ്രസിദ്ധീകരിച്ച ലേഖനം കൂടി ഉള്‍പ്പെടുത്തി തെളിവ് സഹിതമാണ് ഇന്ത്യാ ടുഡേ വാര്‍ത്ത നല്‍കിയിട്ടുള്ളത്. അസാറ്റ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചിത്രസഹിതം നല്‍കിയിട്ടുണ്ട്.
ഇതിന്റെ ലോ എര്‍ത്ത് വേര്‍ഷന്‍ പരീക്ഷണം വിജയകരമായി നടത്തിയെന്നാണ് ഇന്ന് നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞത്. 2014ഓടെ അഗ്‌നി, എഡി 2 ബാലിസ്റ്റിക് മിസൈല്‍ എന്നിവയെ അടിസ്ഥാനമാക്കി സാങ്കേതികമികവ് കൂടിയ ഉപഗ്രഹവേധ(അസാറ്റ്) ആയുധം നിര്‍മിക്കുമെന്നും എന്നാല്‍ ഉപഗ്രഹവേധ ആയുധം പരസ്യമായി പരീക്ഷിക്കില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. സാറ്റലൈറ്റ് തകര്‍ത്ത് ഉപഗ്രഹവേധ മിസൈല്‍ പരീക്ഷിക്കില്ലെന്നാണ് അന്ന് സരസ്വത് പറഞ്ഞത്. പരീക്ഷണം കാരണം ബഹിരാകാശത്തുണ്ടാവുന്ന അവശിഷ്ടങ്ങള്‍ മറ്റ് ഉപഗ്രഹങ്ങളെ നശിപ്പിച്ചേക്കുമെന്ന ആശങ്കയുള്ളതിനാലാണ് ഇത്തരത്തില്‍ ചെയ്യാത്തതെന്നും പകരം ഇലക്‌ട്രോണിക്‌സ് പരീക്ഷണങ്ങളിലൂടെ ഇന്ത്യയുടെ ഉപഗ്രഹവേധ ക്ഷമതയുടെ ഗുണം ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇതിനെയാണ് ഇപ്പോള്‍ കൈവരിച്ച നേട്ടമെന്നു പറഞ്ഞ് കബളിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നാണ് ആരോപണം. ഉപഗ്രഹത്തെ ആക്രമിച്ചു വീഴ്ത്തുന്ന മിഷന്‍ ശക്തി മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചെന്നും മൂന്ന് മിനുട്ടിള്ളില്‍ പദ്ധതി ലക്ഷ്യം കണ്ടെന്നുമാണ് മോദി പറഞ്ഞത്.ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രചാരണമാണോ ഇതെന്ന സംശയവും ഉയരുന്നുണ്ട്.
