പൗരത്വ ഭേദഗതി നിയമം മതരാഷ്ട്രത്തിനുള്ള തയ്യാറെടുപ്പ്; ലത്തീന്‍ സഭയുടെ പള്ളികളില്‍ ഇടയലേഖനം വായിച്ചു

'ബില്ലിന്റെ ആന്തരാര്‍ത്ഥങ്ങളും ഭരണാധികാരികളുടെയും അവരെ നിയന്ത്രിക്കുന്ന ശക്തി കേന്ദ്രങ്ങളുടെയും പ്രസ്താവനകളും വിലയിരുത്തുമ്പോഴും മതരാഷ്ട്രത്തിനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നതെന്ന് വെളിപ്പെടുന്നു. ഒരുമിച്ചുള്ള പ്രതിഷേധമാണ് ആവശ്യം'. ഇടയലേഖനത്തില്‍ ആഹ്വാനം വ്യക്തമാക്കി.

Update: 2020-01-26 06:38 GMT

കൊച്ചി: റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളിലും പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം. ലത്തീന്‍ കത്തോലിക്കാ സഭയുടെ പള്ളികളില്‍ ഇടയലേഖനം വായിച്ചു. മുസ്‌ലിം പള്ളികളില്‍ ഭരണഘടനാ സംരക്ഷണ ദിനമായി ആചരിച്ച് ദേശീയ പതാക ഉയര്‍ത്തുകയും ഭരണഘടനയുടെ ആമുഖം വായിക്കുകയും ചെയ്തു.

വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ എറണാകുളം ഹൈക്കോര്‍ട്ട് ജംഗ്ഷനിലെ സെന്റ് ഫ്രാന്‍സീസ് അസ്സീസി കത്തീഡ്രലില്‍ രാവിലെ 7.45 ന് ഭരണഘടനാ സംരക്ഷണ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തിരുവനന്തപുരം പാളയം പള്ളിയില്‍ ലത്തീന്‍ കത്തോലിക്കാ സഭ തിരുവനന്തപുരം അതിരൂപതാ ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം ഭരണഘടനയുടെ ആമുഖം വായിച്ചു.

മതേതര ഇന്ത്യക്കായി ഭരണഘടന സംരക്ഷിക്കാന്‍ യോജിച്ച പോരാട്ടത്തിന് ഇറങ്ങണമെന്നും ഭാരത് മാതാ കീ ജയ് എന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യമെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. പൗരത്വ ഭേദഗതി നിയമം മതേതര സങ്കല്‍പ്പങ്ങളെ തകര്‍ക്കുന്നതാണ്. രാജ്യത്തെ വിഭജിക്കുക എന്ന വലിയ കുറ്റകൃത്യമാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ നടക്കുന്നത്.

ഇത് മുസ്‌ലിംകളുടെ മാത്രം പ്രശ്‌നമല്ല രാജ്യത്തെ സര്‍വജനങ്ങളുടെയും പ്രശ്‌നമാണ്. ബില്ലിന്റ ആന്തരിക അര്‍ത്ഥങ്ങളും രാജ്യം ഭരിക്കുന്നവരുടെയും അവരെ നിയന്ത്രിക്കുന്നവരുടെയും പ്രസ്താവനകളും വിലയിരുത്തുമ്പോള്‍ മതരാഷ്ട്രത്തിലേക്കുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നതെന്ന് വെളിപ്പെടുമെന്നും ലേഖനത്തില്‍ സൂചിപ്പിക്കുന്നു. ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സമ്മേളന തീരുമാനമനുസരിച്ചാണ് ജനുവരി 26ന് ഭരണഘടന സംരക്ഷണ ദിനമായി ആചരിക്കാനുള്ള തീരുമാനം.

2020 ജനുവരി 26 ഭരണഘടന സംരക്ഷണ ദിനം എന്ന തലക്കെട്ടില്‍ തുടങ്ങുന്ന നാല് പേജുള്ള ഇടയലേഖനത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. 'പൗരത്വ നിയമ ഭേദഗതിക്കെതിരേ ശക്തമായ നിലപാടാണ് രണ്ട് സമ്മേളനങ്ങളും സ്വീകരിച്ചത്. ജനങ്ങളെ വിഭജിക്കുന്നതാണ് ഏറ്റവും വലിയ കുറ്റകൃത്യം. അതിവുപുലമായി ഇവിടെ അത് നടക്കുന്നു. പൗരത്വ ബില്‍ ഭരണഘടനാ വിരുദ്ധമാണ്. മതേതര ജനാധിപത്യ സങ്കല്‍പത്തിന് വിരുദ്ധമാണ്. മുസ് ലിംകള്‍ ഒഴികെ എന്ന പ്രയോഗം തന്നെ ശ്രദ്ധിക്കുക! ഇത് മുസ് ലിംകളുടെ മാത്രം പ്രശ്‌നമല്ല. സര്‍വജനത്തിന്റെയും പ്രശ്‌നമാണ്. ഭരണഘടനയുടെ വിശുദ്ധിയുടെ പ്രശ്‌നമാണ്'. ഇടയലേഖനത്തില്‍ പറഞ്ഞു.

ബില്ലിന്റെ ആന്തരാര്‍ത്ഥങ്ങളും ഭരണാധികാരികളുടെയും അവരെ നിയന്ത്രിക്കുന്ന ശക്തി കേന്ദ്രങ്ങളുടെയും പ്രസ്താവനകളും വിലയിരുത്തുമ്പോഴും മതരാഷ്ട്രത്തിനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നതെന്ന് വെളിപ്പെടുന്നു. ഒരുമിച്ചുള്ള പ്രതിഷേധമാണ് ആവശ്യം. നമുക്കു വേണ്ടത് മതേതര ഇന്ത്യയാണ്. 'ഭാരതമാതാ കീ ജയ്' നമ്മുടെ മുദ്രാവാക്യമാണ്....ഒരു പ്രത്യേക മതവിഭാഗത്തോട് വിവേചനം പ്രകടിപ്പിക്കുന്നത് ഭരണഘടനയുടെ മൗലിക തത്വങ്ങള്‍ക്ക് എതിരാണ്. അതിനാല്‍ പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് തയ്യാറാകണം'. ഇടയലേഖനത്തില്‍ ആവശ്യപ്പെട്ടു.

ദേശീയ പൗരത്വ രജിസ്റ്ററിനെതിരേയും ലോക്‌സഭയിലെ ആംഗ്ലോ-ഇന്ത്യന്‍ പ്രാതിനിധ്യം എടുത്തുകളഞ്ഞതിനേയും ഇടയലേഖനം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. കെആര്‍എല്‍സിബിസി ആന്റ് കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ജോസഫ് കരിയില്‍, വൈസ് പ്രസിഡന്റ് ബിഷപ് വിന്‍സെന്റ് സാമുവല്‍, സെക്രട്ടറി ജനറല്‍ ബിഷപ് സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ എന്നിവരാണ് ഇടയലേഖനത്തില്‍ ഒപ്പുവച്ചിരിക്കുന്നത്.

Similar News