ഇപി ജയരാജന്റെ ഭാര്യ ചെയര്‍പേഴ്‌സനായ കണ്ണൂര്‍ വൈദേകം റിസോര്‍ട്ടിന് ഇന്‍കം ടാക്‌സ് നോട്ടിസ്

Update: 2023-03-08 06:23 GMT

കണ്ണൂര്‍: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ ഭാര്യ ചെയര്‍പേഴ്‌സനായ കണ്ണൂര്‍ വൈദേകം റിസോര്‍ട്ടിന് ആദായ നികുതി വകുപ്പിന്റെ നോട്ടിസ്. ടിഡിഎസ് കണക്കുകളും നിക്ഷേപകരുടെ വിവരങ്ങളും ഇന്ന് ഹാജരാക്കാനാണ് നിര്‍ദേശം നല്‍കിയത്. ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ട മുഴുവന്‍ രേഖകളും ഇന്ന് തന്നെ നല്‍കുമെന്ന് റിസോര്‍ട്ട് സിഇഒ അറിയിച്ചു.

അതേസമയം, വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട് തനിക്കെതിരേ നടക്കുന്നത് ഗൂഢാലോചനയാണെന്ന് ഇപി ജയരാജന്‍ പറഞ്ഞിരുന്നു. പാര്‍ട്ടിയില്‍ നിന്നാണോ ഗൂഢാലോചനയെന്ന് പറയുന്നില്ല. സമയമാവുമ്പോള്‍ ആരെന്ന് വെളിപ്പെടുത്തുമെന്നും ജയരാജന്‍ പ്രതികരിച്ചു. വൈദേകം റിസോര്‍ട്ടുമായി തനിക്ക് ബന്ധമില്ല. റിസോര്‍ട്ടില്‍ നടന്നത് ടിഡിഎസ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട പരിശോധന മാത്രമാണെന്നും ഇപി കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍ മോറാഴയിലെ വൈദേകം റിസോര്‍ട്ടില്‍ എട്ടുമണിക്കൂറില്‍ അധികമാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നത്. നിക്ഷേപ സമാഹരണം, ഇതര സാമ്പത്തിക ഇടപാടുകള്‍ എന്നിവ സംബന്ധിച്ച രേഖകള്‍ ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇവ ആദായ നികുതി വകുപ്പിന്റെ പ്രത്യേക സംഘം വിശദമായി പരിശോധിക്കും. നികുതി വെട്ടിപ്പ് കണ്ടെത്തിയാല്‍ പിഴ ഈടാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കും. എന്നാല്‍, വൈദേകം റിസോര്‍ട്ടില്‍ നടന്നത് സാധാരണ പരിശോധനയാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പ്രതികരിച്ചത്.

Tags: