യുപിയിലെ സ്‌പോട്‌സ് ക്യാമ്പില്‍ ഭക്ഷ്യവസ്തുക്കള്‍ കക്കൂസില്‍ സൂക്ഷിച്ച സംഭവം; ന്യായീകരിച്ച് ഉദ്യോഗസ്ഥര്‍

Update: 2022-09-20 06:50 GMT

ലഖ്‌നോ: യുപിയിലെ സ്‌പോട്‌സ് ക്യാമ്പില്‍ ഭക്ഷ്യവസ്തുക്കള്‍ കക്കൂസില്‍ സൂക്ഷിച്ചത് സ്ഥലത്തിന്റെ അപര്യാപ്തകൊണ്ടെന്ന് കായികവകുപ്പ് ഉദ്യോഗസ്ഥര്‍. കബഡി ടീമിലെ കളിക്കാര്‍ക്ക് നല്‍കാനുള്ള പാചകം ചെയ്ത ഭക്ഷ്യവസ്തുക്കള്‍ കക്കൂസിനുള്ളില്‍ സൂക്ഷിച്ച സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഉദ്യോഗസ്ഥരാണ് ന്യായീകരണവുമായി രംഗത്തുവന്നത്.

സഹരന്‍പൂര്‍ സ്‌റ്റേഡിയത്തിലെ കക്കൂസില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. 17 വയസ്സിനു താഴെയുളള 200ഓളം കളിക്കാര്‍ക്ക് വിളമ്പാനുള്ളതായിരുന്നു ഭക്ഷണം. സഹരന്‍പൂര്‍ കബഡി ജില്ലാ ടൂര്‍ണമെന്റിന്റെ ഭാഗമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പ് അംഗങ്ങളില്‍ ചില കുട്ടികള്‍ തന്നെയാണ് വീഡിയോ പകര്‍ത്തിയത്.

എല്ലാ ആരോപണങ്ങളും സഹരന്‍പൂര്‍ സ്‌പോര്‍ട്‌സ് ഓഫിസര്‍ അനിമേഷ് സസ്‌കേന അന്നുതന്നെ തളളിക്കളഞ്ഞിരുന്നു. കളിക്കാര്‍ക്ക് വിളമ്പുന്ന ഭക്ഷണം ഗുണനിലവാരമുള്ളതാണെന്നും അരിയും പരിപ്പും പച്ചക്കറിയും ഉള്‍പ്പെടെയുള്ള ഭക്ഷണം വലിയ പാത്രങ്ങളിലാണ് നീന്തല്‍ക്കുളത്തിന് സമീപമുള്ള പരമ്പരാഗത ഇഷ്ടിക അടുപ്പില്‍ പാകം ചെയ്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാത്രത്തില്‍ നിന്ന് വേവിച്ച ചോറ് ഒരു വലിയ പ്ലേറ്റില്‍ എടുത്ത് ഗേറ്റിനടുത്തുള്ള കക്കൂസ് തറയിലാണ് വയ്ക്കുന്നതെന്ന് ക്യാമ്പിലെ വിദ്യാര്‍ത്ഥികള്‍ പറയുന്നു. അതിനടുത്താണ് പൂരിയും വച്ചിരിക്കുന്നത്. അതൊരു പേപ്പറിലാണ് ഇടുക പതിവെന്ന് ഒരു കളിക്കാരന്‍ പറഞ്ഞു.

Tags: