യോഗി മന്ത്രിസഭാ വികസനം; ഇടംപിടിച്ച് മുസഫര്‍നഗര്‍ കലാപക്കേസ് പ്രതിയും

യോഗി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ വികസനത്തിലാണ് മുസഫര്‍നഗര്‍ കലാപക്കേസിലെ പ്രതി സുരേഷ് റാണ എംഎല്‍എയും ഇടംപിടിച്ചത്. ആറ് കാബിനറ്റ് മന്ത്രിമാരും സ്വതന്ത്രചുമതലയുള്ള ആറ് സഹമന്ത്രിമാരും 11 സംസ്ഥാന മന്ത്രിമാരും ഉള്‍പ്പടെ 23 മന്ത്രിമാരെ ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭ വികസിപ്പിച്ചത്. ഇതില്‍ കാബിനറ്റ് മന്ത്രിയായാണ് റാണയെത്തുന്നത്.

Update: 2019-08-21 12:44 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ മുസഫര്‍നഗര്‍ കലാപക്കേസിലെ പ്രതിയും. യോഗി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ വികസനത്തിലാണ് മുസഫര്‍നഗര്‍ കലാപക്കേസിലെ പ്രതി സുരേഷ് റാണ എംഎല്‍എയും ഇടംപിടിച്ചത്. ആറ് കാബിനറ്റ് മന്ത്രിമാരും സ്വതന്ത്രചുമതലയുള്ള ആറ് സഹമന്ത്രിമാരും 11 സംസ്ഥാന മന്ത്രിമാരും ഉള്‍പ്പടെ 23 മന്ത്രിമാരെ ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭ വികസിപ്പിച്ചത്. ഇതില്‍ കാബിനറ്റ് മന്ത്രിയായാണ് റാണയെത്തുന്നത്.

പടിഞ്ഞാറന്‍ യുപിയിലെ താനാ ഭവന്‍ മണ്ഡലത്തില്‍നിന്നും രണ്ടുതവണയാണ് നിയമസഭയിലേക്ക് റാണ തിരഞ്ഞെടുക്കപ്പെട്ടത്. 60 ഓളം പേര്‍ കൊല്ലപ്പെട്ട 2013 മുസഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട് റാണയ്‌ക്കെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്നാരോപിച്ചായിരുന്നു കേസെടുത്തത്. ഇന്ന് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരില്‍ പലരും ഭരണപരമായ പരിചയമില്ലാത്ത പുതുമുഖങ്ങളാണ്.

മന്ത്രിമാരുടെ വകുപ്പുകള്‍ അടുത്ത ദിവസം തീരുമാനിക്കും. യോഗി സര്‍ക്കാരില്‍ പുതുതായി അധികാരമേറ്റ 23 മന്ത്രിമാരില്‍ രണ്ട് വനിതകള്‍ മാത്രമാണുള്ളത്. ആറുപേര്‍ ബ്രാഹ്മണരും താക്കൂര്‍, വൈശ്യ സമുദായങ്ങളില്‍നിന്ന് രണ്ടുപേര്‍ വീതവും ഒബിസി വിഭാഗത്തില്‍നിന്ന് 10 പേരുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. വിവിധ കാരണങ്ങളാല്‍ ചില മന്ത്രിമാര്‍ രാജിവയ്ക്കാനിടയായ പശ്ചാത്തലത്തിലാണ് യോഗി മന്ത്രിസഭ വികസിപ്പിച്ചത്. ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്നാണ് മന്ത്രിമാരായ റിതാ ബഹുഗുണ ജോഷി, സത്യദേവ് പച്ചൗരി, എസ്പി സിങ് ബാഗേല്‍ എന്നിവര്‍ രാജിവച്ചത്.

പ്രായാധിക്യം ചൂണ്ടിക്കാട്ടി ധനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ രാജേഷ് അഗര്‍വാളും കഴിഞ്ഞ ദിവസം രാജിവച്ചു. മോശം പ്രകടനത്തിന്റെയും അഴിമതി ആരോപണത്തിന്റെയും പേരില്‍ മറ്റ് ആറുമന്ത്രിമാരോടെങ്കിലും മുഖ്യമന്ത്രി രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. ചൊവ്വാഴ്ച രാത്രി മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ് പങ്കെടുത്ത ആര്‍എസ്എസ് ഏകോപന സമിതി യോഗത്തിന് പിന്നാലെയാണ് മന്ത്രിസഭാ വികസനം സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. 

Tags:    

Similar News