കണ്ണൂര്‍ ഉളിയിലില്‍ ഐസ്‌ക്രീം ബോംബ് പൊട്ടി രണ്ട് പിഞ്ചുകുട്ടികള്‍ക്കു പരിക്ക്

ആര്‍എസ്എസ് കേന്ദ്രത്തില്‍ സ്‌ഫോടനം തുടര്‍ക്കഥയായിട്ടും നടപടിയില്ല

Update: 2021-05-04 08:59 GMT

കണ്ണൂര്‍: ഇരിട്ടിക്കു സമീപം ഉളിയിലില്‍ കളിപ്പാട്ടമെന്നു കരുതി ഐസ്‌ക്രീം ബോളെടുത്ത് വീട്ടിനുള്ളില്‍ നിന്നു കളിക്കുന്നതിനിടെ പൊട്ടി രണ്ടു പിഞ്ചുകുട്ടികള്‍ക്കു പരിക്ക്. വാടക വീട്ടില്‍ താമസിക്കുന്ന നടുവനാട് സ്വദേശികളുടെ മക്കളായ മുഹമ്മദ് അമീന്‍(അഞ്ച്), മുഹമ്മദ് റമീസ്(രണ്ട്) എന്നിവര്‍ക്കു പരിക്കേറ്റത്. ഇരിട്ടിയിലെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. പടിക്കച്ചാല്‍ നെല്ല്യാട്ടേരിയില്‍ പറമ്പില്‍ നിന്നു ലഭിച്ച ഐസ്‌ക്രീം ബോള്‍ എടുത്ത് വീട്ടിനുള്ളില്‍ കൊണ്ടുവന്ന കളിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. വിവരമറിഞ്ഞ് ഇരിട്ടി പോലിസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സ്‌ഫോടനത്തില്‍ വീട്ടിലെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.


ആര്‍എസ്എസ് കേന്ദ്രമായ പ്രദേശത്ത് നേരത്തെയും ബോംബ് സ്‌ഫോടനങ്ങള്‍ നടന്നപ്പോള്‍ പോലിസ് നിസ്സാരവല്‍ക്കരിക്കാറുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ബോംബ് സ്‌ഫോടനങ്ങളെ പടക്കം പൊട്ടിയതെന്നു പറഞ്ഞ് എഴുതിത്തള്ളുന്നതും തുടര്‍ക്കഥയാണ്. കണ്ണവത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സയ്യിദ് സ്വലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയപ്പോള്‍ പ്രകടനത്തിനു നേരെ ബോംബെറിഞ്ഞിരുന്നു. ഒന്നര മാസം മുമ്പ് രാത്രിയില്‍ നെല്ല്യാട്ടേരിയിലെ മൈതാനത്ത് ബോംബെറിഞ്ഞ് ഭീതിപരത്തിയിരുന്നു. എന്നിട്ടും പോലിസ് കാര്യക്ഷമമായി പരിശോധന നടത്തുകയോ ആര്‍എസ്എസ് കാര്യാലയങ്ങളോ സ്ഥാപനങ്ങളോ റെയ്ഡ് നടത്തുകയോ ചെയ്തിട്ടില്ലെന്നും കലാപം ലക്ഷ്യമിട്ട് സംഘപരിവാരം നടത്തുന്ന ബോംബ് നിര്‍മാണവും ആയുധശേഖരണവും പോലിസ് കണ്ടില്ലെന്ന് നടിക്കുകയാണെന്നും പ്രദേശവാസികള്‍ പറഞ്ഞു.

Ice cream bomb exploded;two children injured in Uliyil at Kannur

Tags:    

Similar News