ഹൈദര്‍പോറയിലെ 'ഏറ്റുമുട്ടല്‍ക്കൊല': മരിച്ചവരുടെ മൃതദേഹങ്ങള്‍ ആവശ്യപ്പെട്ട് സമരം ചെയ്ത കുടുംബങ്ങളെ പോലിസ് ബലംപ്രയോഗിച്ച് നീക്കി
ശ്രീനഗര്‍: ഹൈദര്‍പോറയിലെ വിവാദമായ 'ഏറ്റുമുട്ടലില്‍' കൊല്ലപ്പെട്ട രണ്ട് പേരുടെ മൃതദേഹങ്ങള്‍ ആവശ്യപ്പെട്ട് സമരം ചെയ്ത കുടുംബങ്ങളെ ജമ്മു കശ്മീര്‍ പോലിസ് ബലം പ്രയോഗിച്ച് നീക്കി. കശ്മീരിലെ കനത്ത തണുപ്പില്‍ പ്രതിഷേധിച്ചിരുന്ന വൃദ്ധര്‍ അടക്കമുള്ളവരെയാണ് പോലിസ് ഒഴിപ്പിച്ചത്. തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കണമെന്നും സംസ്‌കാരച്ചടങ്ങുകള്‍ നടത്തണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.
തിങ്കളാഴ്ച വൈകീട്ടാണ് ബിസിനസ്സുകാരനായ മുദസിര്‍ ഗുല്‍, ദന്തഡോക്ടറായ അല്‍താഫ് ഭട്ട് എന്നിവര്‍ ഏറ്റുമുട്ടല്‍ നടക്കുന്ന പ്രദേശത്തുവച്ച് കൊല്ലപ്പെട്ടത്.
പോലിസ് ബലംപ്രയോഗിച്ച് ബന്ധുക്കളെ നീക്കം ചെയ്യുന്നതിനു മുമ്പ് ഒരു പോലിസ് ഉദ്യോഗസ്ഥന്‍ കുടുംബത്തെ കണ്ടിരുന്നു. മൃതദേഹങ്ങള്‍ വിട്ടുതരാമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്നും അദ്ദേഹം ഉറപ്പുനല്‍കുകയും ചെയ്തു. അക്കാര്യം എഴുതിനല്‍കിയാല്‍ പ്രതിഷേധം അവസാനിപ്പിക്കാമെന്ന് കുടുംബം വാഗ്ദാനം ചെയ്തു. പക്ഷേ, അതുകഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് കുടുംബത്തെ പോലിസ് നീക്കിയത്.
പോലിസ് നടപടിക്കു മുന്നോടിയായി പ്രദേശത്തെ വൈദ്യുതിബന്ധം വിച്ഛേദിച്ചിരുന്നു.
'ഞാന്‍ എന്റെ ഭര്‍ത്താവിന്റെ മൃതദേഹം മാത്രമാണ് ചോദിക്കുന്നത്. എനിക്ക് മറ്റൊന്നും ആവശ്യമില്ല, എനിക്ക് അദ്ദേഹത്തിന്റെ മുഖം കാണണം, പാദങ്ങളില്‍ തൊട്ട് മാപ്പ് ചോദിക്കണം. അവസാനമായി കാണണം, എന്റെ ഭര്‍ത്താവിന്റെ സംസ്‌കാരം നടത്തണം''- മുദസിര്‍ ഗുലിന്റെ ഭാര്യ ഹുമൈര മുദസിര്‍ പറഞ്ഞു. 18 മാസം പ്രായമുള്ള മകളുമായാണ് ഹുമൈര പ്രതിഷേധത്തിനെത്തിയത്.
തന്റെ പിതാവിനെ എന്തിനാണ് കൊന്നതെന്ന് ചോദിച്ചപ്പോള്‍ പോലിസുകാര്‍ ചിരിച്ചുവെന്ന് അല്‍ഫാത് ഭട്ടിന്റെ 13 വയസ്സായ മകള്‍ പറയുന്ന വീഡിയോ വൈറലാണ്.
ഹൈദര്‍പോറയില്‍ നടന്ന ഏറ്റുമുട്ടലിനിടയിലാണ് അല്‍താഫ് ഭട്ടും മുദസിര്‍ ഗുലും കൊല്ലപ്പെട്ടത്. സായുധരുടെ വെടിയേറ്റ് കൊല്ലപ്പെട്ടെന്നാണ് നേരത്തെ പോലിസ് അവകാശപ്പെട്ടിരുന്നത്. പിന്നീട് സായുധ-സുരക്ഷാസേന ഏറ്റുമുട്ടലിനിടയില്‍ പെട്ടുപോയതാണെന്ന് തിരുത്തി.
അതേസമയം കൊല്ലപ്പെട്ടവര്‍ സായുധരുടെ സഹായികളാണെന്ന പോലിസിന്റെ ആരോപണമാണ് കുടുംബത്തെ ചൊടിപ്പിച്ചത്. ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ ആരോപണത്തിനെതിരേ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
അല്‍താഫിനെയും മുദസിറിസിനെയും ഡോക്ടറുടെ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന അമിര്‍ മഗ്രെയെയും പോലിസ് വെടിവച്ചുകൊല്ലുകയായിരുന്നെന്ന് കുടുംബങ്ങള്‍ പറയുന്നു. അമിര്‍ 'കൊടും ഭീകര'നാണെന്നാണ് പോലിസിന്റെ ഭാഷ്യം.
തന്റെ മകനെ പോലിസ് വെടിവച്ചുകൊല്ലുകയായിരുന്നുവെന്ന് അമിര്‍ മഗ്രെയുടെ പിതാവ് ആരോപിച്ചു.
അബ്ദുള്‍ ലത്തീഫ് മഗ്രെ സായുധര്‍ക്കെതിരേ കടുത്ത നിലപാടെടുക്കുന്നതില്‍ പ്രദേശത്ത് ഏറെ പ്രശസ്തനാണ്. 2005ല്‍ ഒരു സായുധനെ കല്ലുകൊണ്ട് തലക്കടിച്ച് കൊന്നതിന്റെ പേരില്‍ സൈന്യത്തിന്റെ മെഡല്‍ വാങ്ങിയ ആളാണ്.
സായുധര്‍ക്കെതിരേ നിലപാടെടുത്തതിനുള്ള സമ്മാനമാണ് ഇപ്പോള്‍ തനിക്ക് ലഭിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നാളെ തന്നെയും ഒരു ഭീകരനായി സര്‍ക്കാര്‍ ചിത്രീകരിക്കുമെന്നും കൊല്ലുമെന്നും അദ്ദേഹം ആരോപിച്ചു.

