കർഷക കൂട്ടക്കുരുതിയിൽ യുപി സര്‍ക്കാരിനോട് അടിയന്തര റിപോര്‍ട്ട് തേടി സുപ്രിംകോടതി

നിങ്ങള്‍ ശരിയായി അന്വേഷിക്കുന്നില്ല എന്നതാണ് തങ്ങള്‍ക്ക് ലഭിച്ച പരാതിയെന്ന് കോടതി യുപി സര്‍ക്കാര്‍ അഭിഭാഷകനോട് പറഞ്ഞു.

Update: 2021-10-07 09:40 GMT

ന്യൂഡല്‍ഹി: കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ ലഖിംപുര്‍ ഖേരി സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് അടിന്തര റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രിംകോടതി ആവശ്യപ്പെട്ടു. സുപ്രിംകോടതി സ്വമേധയാ എടുത്ത കേസില്‍ നാളെ വീണ്ടും വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വാദം കേട്ടത്.

സംഭവവുമായി ബന്ധപ്പെട്ട്‌ തല്‍സ്ഥിതി റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആരൊക്കെ മരിച്ചു, എഫ്‌ഐആറില്‍ ആരുടെയൊക്കെ പേരുകളുണ്ട്. എത്ര പേരെ അറസ്റ്റ് ചെയ്തു തുടങ്ങിയ വിശദമായ വിവരങ്ങള്‍ റിപോര്‍ട്ടില്‍ വേണമെന്ന് ബെഞ്ച് യുപി സര്‍ക്കാരിന്റെ അഭിഭാഷകനോട് ആവശ്യപ്പെട്ടു.

സംഭവുമായി ബന്ധപ്പെട്ട് ഹൈക്കോടതികളിലെ പൊതുതാപര്യ ഹരജി സംബന്ധിച്ചും സുപ്രിംകോടതി വിവരങ്ങള്‍ തേടിയിട്ടുണ്ട്.

മകനെ നഷ്ടപ്പെട്ടതിന്റെ ആഘാതത്തില്‍ മരണപ്പെട്ട ഒരാളുടെ അമ്മ ഗുരുതരാവസ്ഥയിലാണെന്നും അവര്‍ക്ക് അടിയന്തര വൈദ്യസഹായം ആവശ്യമാണെന്നും തങ്ങള്‍ക്ക് ഇപ്പോള്‍ ഒരു സന്ദേശം ലഭിച്ചുവെന്ന് വാദത്തിനിടെ ചീഫ് ജസ്റ്റിസ്‌ പറഞ്ഞു. സംസ്ഥാന സര്‍ക്കാരുമായി ഉടന്‍ ആശയവിനിമയം നടത്തുകയും അവര്‍ക്ക് വേണ്ട മെഡിക്കല്‍ സജ്ജീകരണങ്ങള്‍ ഒരുക്കുകയും വേണമെന്ന് ചീഫ് ജസ്റ്റിസ് അഭിഭാഷകനോട് നിര്‍ദേശിച്ചു.

നിങ്ങള്‍ ശരിയായി അന്വേഷിക്കുന്നില്ല എന്നതാണ് തങ്ങള്‍ക്ക് ലഭിച്ച പരാതിയെന്ന് കോടതി യുപി സര്‍ക്കാര്‍ അഭിഭാഷകനോട് പറഞ്ഞു. അന്വേഷണത്തിനായി കമ്മീഷന്‍ രൂപീകരിച്ചിട്ടുണ്ടെന്നും തല്‍സ്ഥിതി റിപോര്‍ട്ട് സമര്‍പ്പിക്കാമെന്നും യുപി സര്‍ക്കാര്‍ വ്യക്തമാക്കി. എട്ട് പേര്‍ കൊല്ലപ്പെട്ട സംഭവം നിര്‍ഭാഗ്യകരമാണെന്നും കോടതി പറഞ്ഞു.