അസം: ബോഡോ വിഘടനവാദികളുമായി കേന്ദ്രം സമാധാന കരാറില്‍ ഒപ്പുവച്ചു; 1500 പേര്‍ കീഴടങ്ങും,ബോഡോ മേഖലയ്ക്ക് വന്‍തുക
അസമില്‍ നിന്ന് വേര്‍പെട്ട് പ്രത്യേക സംസ്ഥാനം വേണമെന്നാവശ്യപ്പെട്ട് ബോഡോ വിഘടനവാദികള്‍ ഈ മേഖലയില്‍ പതിറ്റാണ്ടുകള്‍ നടത്തിയ രക്തച്ചൊരിച്ചിലിന് ഇതോടെ അറുതിയാകുമെന്നാണ് പ്രതീക്ഷ.
ന്യൂഡല്‍ഹി: അസമിലെ നിരോധിത സായുധ സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡുമായി കേന്ദ്രം സമാധാനക്കരാറില്‍ ഒപ്പുവച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാലും സംഘടനയുടെ നേതാക്കളുമാണ് സമാധാന കരാറില്‍ ഒപ്പുവച്ചത്. കരാറിന് ചുക്കാന്‍പിടിച്ച അസം മന്ത്രി ഹിമന്ത ബിശ്വ ശര്‍മയും ചടങ്ങില്‍ പങ്കെടുത്തു. അസമില്‍ നിന്ന് വേര്‍പെട്ട് പ്രത്യേക സംസ്ഥാനം വേണമെന്നാവശ്യപ്പെട്ട് ബോഡോ വിഘടനവാദികള്‍ ഈ മേഖലയില്‍ പതിറ്റാണ്ടുകള്‍ നടത്തിയ രക്തച്ചൊരിച്ചിലിന് ഇതോടെ അറുതിയാകുമെന്നാണ് പ്രതീക്ഷ. പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യം ബോഡോ മേഖലയ്ക്ക് 1500 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തല്‍ക്കാലം വേണ്ടെന്ന് വയ്ക്കുകയാണെന്ന് ബോഡോ സംഘടന വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാര്‍, അസം സര്‍ക്കാര്‍, ബോഡോ സംഘടനകളായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫോ ബോഡോലാന്‍ഡ്, ഓള്‍ ബോഡോ സ്റ്റുഡന്റ്‌സ് യൂണിയന്‍ എന്നിങ്ങനെയുള്ള ത്രികക്ഷി കരാറാണിപ്പോള്‍ ഒപ്പുവച്ചത്. കേന്ദ്രവും അസം സര്‍ക്കാരും ബോഡോ പ്രതിനിധികളുമായി ഒരു സുപ്രധാന കറാറില്‍ ഒപ്പുവച്ചിരിക്കുന്നു. അസമിനും ബോഡോ ജനതയ്ക്കും തിളക്കമാര്‍ന്ന ഭാവി ഉറപ്പുനല്‍കുന്ന കരാറാണിതെന്ന് അമിത് ഷാ പറഞ്ഞു. ഈ കരാര്‍ ബോഡോ സംസ്‌കാരത്തെയും ഭാഷയെയും സംരക്ഷിക്കുകയും അവരുടെ സാമ്പത്തിക, രാഷ്ട്രീയ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസമിന്റെ അതിര്‍ത്തി രേഖകള്‍ ഒരിക്കലും മാറ്റി വരയ്ക്കപ്പെടില്ല. ബോഡോ ജനതയുടെ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും അമിത് ഷാ പറഞ്ഞു. നേരത്തേയും സമാനമായ ഒരു സമാധാനക്കരാര്‍ രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നെങ്കിലും, മൂന്ന് ബോഡോ ഗ്രൂപ്പുകള്‍ വിട്ടു നിന്നതിനാല്‍ അത് പരാജയപ്പെടുകയായിരുന്നു.
ഒപ്പുവച്ച പുതിയ കരാര്‍ പ്രകാരം, സായുധ കലാപം നടത്തിയ, വിഘടന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവര്‍ക്ക് പൊതുമാപ്പ് നല്‍കുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കും. ഇതിന്റെ ഭാഗമായി ജനുവരി 30ാം തീയതിക്കകം 1500 ഓളം ബോഡോ പ്രവര്‍ത്തകര്‍ കീഴടങ്ങുമെന്നാണ് കരുതുന്നത്.
ഇവരില്‍ മറ്റ് ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്യാത്തവരുണ്ടെങ്കില്‍ അവരെ അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ ജവാന്‍മാരായി നിയമനം നല്‍കാന്‍ നടപടിയുണ്ടാകും. ബോഡോ സമരങ്ങളുടെ ഭാഗമായി കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നും അമിത് ഷാ പറഞ്ഞു.
ബോഡോലാന്‍ഡ് എന്ന് അറിയപ്പെട്ടിരുന്ന മേഖല ഇനി മുതല്‍ ബോഡോലാന്‍ഡ് ടെറിറ്റോറിയല്‍ റീജ്യണ്‍ എന്നറിയപ്പെടും. ബോഡോ ജനങ്ങള്‍ക്ക് എല്ലാവര്‍ക്കും 'ഗിരിവര്‍ഗ ഗോത്രം' എന്ന പദവിയും അതനുസരിച്ചുള്ള സംവരണവും നല്‍കും. ദേവനാഗരി ലിപിയിലുള്ള ബോഡോ ഭാഷ, ഇനി അസമിന്റെ ഔദ്യോഗിക ഭാഷകളിലൊന്നാകും.
ബോഡോ മേഖലയ്ക്ക് പ്രാഥമികമായിത്തന്നെ വന്‍തുകയുടെ വികസനപാക്കേജാണ് നല്‍കുക. അസം എന്ന ചെറുസംസ്ഥാനത്തിന്റെ ഒരു ചെറുമേഖലയായ ബോഡോലാന്‍ഡിന് 1500 കോടി രൂപയുടെ വമ്പന്‍ സാമ്പത്തികപാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷത്തേക്ക് 250 കോടി രൂപ വീതം, സംസ്ഥാനസര്‍ക്കാര്‍ ബോഡോ മേഖലയ്ക്കായി നല്‍കും. ബാക്കി തുക കേന്ദ്രസര്‍ക്കാരും നല്‍കും.
ബോഡോ മേഖലയില്‍ വ്യാവസായിക, തൊഴില്‍ വികസനത്തിനായി പ്രാഥമികമായി ഈ തുക ഉപയോഗിക്കും. മേഖലയില്‍ ഇക്കോ ടൂറിസം വികസിപ്പിക്കും. ബോഡോ മേഖലയില്‍ ബോഡോ സമരത്തിന്റെ പ്രാഥമിക വക്താക്കളില്‍ ഒരാളായിരുന്ന ഉപേന്ദ്രനാഥ ബ്രഹ്മയുടെ പേരില്‍ ഉപേന്ദ്രനാഥ സര്‍വകലാശാലയും ഒരു ദേശീയ സ്‌പോര്‍ട്‌സ് സര്‍വകലാശാലയും രൂപീകരിക്കും.
മേഖലയില്‍ ഒരു റീജ്യണല്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട്, ഹോട്ടല്‍ മാനേജ്‌മെന്റ് കാംപസ്‌സ്, മദര്‍ ഡയറി പ്ലാന്റ്, എന്‍ഐടിയും കൂടുതല്‍ നവോദയ വിദ്യാലയങ്ങളും സ്ഥാപിക്കും. സമാധാന കരാറില്‍ ഒപ്പുവച്ചതിന്റെ ഭാഗമായി ഫെബ്രുവരിയില്‍ സംസ്ഥാനത്ത് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി സോനോവാള്‍ വ്യക്തമാക്കി.
Delhi: Government of India signs tripartite agreement with representatives of all factions of banned organisation National Democratic Front of Bodoland (NDFB) at Ministry of Home Affairs (MHA); Home Minister Amit Shah and Assam CM Sarbananda Sonowal present pic.twitter.com/Knyebw7WSo
— ANI (@ANI) January 27, 2020

