'നിങ്ങള്‍ക്കിവിടെ ശവക്കുഴിയെടുക്കും'; കശ്മീരി അഭിഭാഷക ദീപികാ സിങ് രജാവത്തിനു നേരെ ഹിന്ദുത്വരുടെ കൊലവിളി(വീഡിയോ)
ചിത്രത്തില്‍ കാവി ഷാള്‍ ധരിച്ചയാളാണ് കൊലവിളിക്കു നേതൃത്വം നല്‍കുന്നതെന്ന് കാണുന്നുണ്ട്. ഇദ്ദേഹമൊഴിച്ച് ബാക്കിയുള്ളവരെല്ലാം മാസ്‌ക് ധരിച്ചിട്ടുണ്ട്. നേതാവിനെ മനസ്സിലാവണമെന്ന് കരുതിയാണ് ഇയാള്‍ മാസ്‌ക് ധരിക്കാതിരുന്നതെന്നും വ്യക്തമാവുന്നുണ്ട്.
ജമ്മു: കഠ് വ കൂട്ട ബലാല്‍സംഗക്കൊല ഉള്‍പ്പെടെയുള്ള കേസുകളിലൂടെ ദേശീയശ്രദ്ധ നേടിയ കശ്മീരി വനിതാ അഭിഭാഷക ദീപികാ സിങ് രജാവത്തിനു നേരെ ഹിന്ദുത്വരുടെ കൊലവിളി. ഒക്ടോബര്‍ 20നു ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് ഒരുസംഘം ഇവരുടെ വീടിനു മുന്നില്‍ വച്ച് വധഭീഷണി മുഴക്കിയത്. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ പ്രാദേശിക പോലിസ് സംഘമെത്തിയാണ് ഇവരെ പിന്തിരിപ്പിച്ചത്. ''ജാഗ്രത, ആള്‍ക്കൂട്ടം എന്റെ വിടിനു പുറത്ത് തടിച്ചുകൂടി എനിക്കെതിരേ മുദ്രാവാക്യം വിളിച്ചു'' എന്ന് ജമ്മു കശ്മീര്‍ ഹൈക്കോടതിയില്‍ പ്രാക്റ്റീസ് ചെയ്യുന്ന അഭിഭാഷകയും ആക്റ്റിവിസ്റ്റുമായ ദീപിക സിങ് രാജാവത്ത് അറിയിപ്പ് നല്‍കുകയായിരുന്നു.
''നന്ദി, ഇത്തവണ മോശം കാര്യം ഒഴിവാക്കപ്പെട്ടു. പക്ഷേ, അത് ദീപികയുടെ ജാഗ്രതയോടെയുള്ള മനസ്സും ശാന്തമായ മനോഭാവവും കൊണ്ടാണെന്നും അവര്‍ വ്യക്തമാക്കി. ''ദീപിക തേരി കബര്‍ ഖുദേഗി... ഈസ് ജമ്മു കി ധാര്‍ത്തി പാര്‍ (നിങ്ങള്‍ക്കിവിടെ ശവക്കുഴിയെടുക്കും) എന്നായിരുന്നു കൊലവിളി. ഭീഷണി മുഴക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും പകര്‍ത്തിയ ദീപികാ സിങ് രജാവത്ത് തനിക്ക് സുരക്ഷിതത്വം തോന്നുന്നില്ലെന്നും അവര്‍ നാശമുണ്ടാക്കുമെന്നും പോസ്റ്റ് ചെയ്തു. മാത്രമല്ല, ജമ്മുവിലെ പോലിസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ ബന്ധപ്പെടുകയും ചെയ്തു.
ചിത്രത്തില്‍ കാവി ഷാള്‍ ധരിച്ചയാളാണ് കൊലവിളിക്കു നേതൃത്വം നല്‍കുന്നതെന്ന് കാണുന്നുണ്ട്. ഇദ്ദേഹമൊഴിച്ച് ബാക്കിയുള്ളവരെല്ലാം മാസ്‌ക് ധരിച്ചിട്ടുണ്ട്. നേതാവിനെ മനസ്സിലാവണമെന്ന് കരുതിയാണ് ഇയാള്‍ മാസ്‌ക് ധരിക്കാതിരുന്നതെന്നും വ്യക്തമാവുന്നുണ്ട്.
സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന്റെ വിരോധാഭാസം ചിത്രീകരിക്കുന്ന ഒരു കാര്‍ട്ടൂണ്‍ ട്വിറ്ററില്‍ പങ്കുവച്ചതാണ് ഹിന്ദുത്വരെ പ്രകോപിപ്പിച്ചത്. നവരാത്രി ദിനങ്ങളില്‍ ദേവിയായി ആരാധിക്കുകയും മറ്റു ദിവസങ്ങളില്‍, പുരുഷാധിപത്യത്തെ ഏതെങ്കിലും രൂപത്തില്‍ വെല്ലുവിളിക്കുമ്പോഴെല്ലാം സ്ത്രീയെ ലക്ഷ്യം വയ്ക്കുകയും ചെയ്യുന്നതായിരുന്നു ചിത്രം. നവരാത്രി ഉപവാസങ്ങളിലും പ്രാര്‍ത്ഥനകളിലും പങ്കെടുക്കുന്ന ഹിന്ദുമത വിശ്വാസിയാണ് ദീപികാ സിങ് രജാവത്ത്. എന്നാല്‍, ഹിന്ദുത്വര്‍ ഇതൊന്നും പരിഗണിച്ചിട്ടില്ല.
2018ല്‍ ജമ്മു കശ്മീരിലെ കഠ് വയില്‍ എട്ടുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ ദാരുണ സംഭവം രാജ്യവ്യാപക പ്രതിഷേധത്തിനു കാരണമാക്കിയിരുന്നു. കൊല്ലപ്പെട്ട നാടോടി പെണ്‍കുട്ടിയുടെ കേസ് ഏറ്റെടുത്തതിനു സമാനരീതിയില്‍ വിദ്വേഷ പ്രചാരണം നടത്തിയിരുന്നു. പ്രമുഖ മാധ്യമപ്രവര്‍ത്തകയും കശ്മീര്‍ ടൈംസ് എഡിറ്ററുമായ അനുരാധ ഭാസിനെയും തുടര്‍ച്ചയായി വേട്ടയാടുകയാണെന്നതും കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയാണെന്നതിന്റെ തെളിവാണ്. ഇരുവരും തങ്ങളുടെ പ്രഫഷന്‍ ഉപയോഗിച്ച് ഭരണകൂടത്തിനെതിരേ പൊരുതുന്നതും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഇടപെടുന്നതുമാണ് ഹിന്ദുത്വരെ പ്രകോപിപ്പിക്കുന്നത്.
അതിനിടെ, മതവികാരം വ്രണപ്പെടുത്തിയ ദീപികാ സിങ് രജാവത്തിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വര്‍ സാമൂഹികമാധ്യമങ്ങളിലൂടെ കാംപയിനും നടത്തുന്നുണ്ട്.

